യു.എസ്.ബി ഉപയോഗിച്ച് സർവകലാശാലയിലെ കമ്പ്യൂട്ടറുകള്‍ നശിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് തടവുശിക്ഷ
സര്‍വ്വകലാശാലയിലെ കമ്പ്യൂട്ടറുകള്‍ ബോധപൂര്‍വ്വം നശിപ്പിച്ച ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥിക്ക് അമേരിക്കയില്‍ ഒരു വര്‍ഷം തടവുശിക്ഷ. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയായ വിശ്വനാഥ് അകുതോട്ടയ്ക്കാണ് ശിക്ഷ വിധിച്ചത്. ഇതിന് പുറമെ 41,74,975 രൂപ പിഴയും അടയ്ക്കണം. ഇരുപത്തിയേഴുകാരനായ വിശ്വനാഥ് ന്യൂയോര്‍ക്കിലെ സെന്റ് റോസ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു.

ഇവിടെ മാസ്റ്റര്‍ ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് കമ്പ്യൂട്ടര്‍ ഇന്‍ഫൊര്‍മേഷന്‍ സിസ്റ്റംസ് വിദ്യാര്‍ത്ഥിയായിരുന്നു വിശ്വനാഥ് അകുതോട്ട. യുഎസ്ബി കില്ലര്‍ ഉപകരണത്തിന്റെ സഹായത്തോടെ ഇയാള്‍ 2019 ഫെബ്രുവരിയില്‍ 66 കമ്പ്യൂട്ടറുകള്‍ക്ക് കേടുവരുത്തിയെന്നാണ് കേസ്. കമ്പ്യൂട്ടറുകളാമായി ബന്ധിപ്പിച്ചിരുന്ന മറ്റ് നിരവധി ഉപകരണങ്ങള്‍ക്കും കേടുവന്നു. യുഎസ്ബി കില്ലര്‍ ഉപകരണം യുഎസ്ബി പോര്‍ട്ടില്‍ ഘടിപ്പിച്ചാല്‍ കമ്പ്യൂട്ടറിന്റെ യുഎസ്ബി പോര്‍ട്ടും ഇലക്ട്രിക്കല്‍ സിസ്റ്റവും തകരാറിലാകും.

ഫെബ്രുവരി 22-ന് നോര്‍ത്ത് കരോലിനയില്‍ നിന്ന് അറസ്റ്റിലായ ഇയാള്‍ കുറ്റം സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കി.

എഫ്ബിഐ അല്‍ബാനി ഫീല്‍ഡ് ഓഫസിലെ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചത്. അലബാനി പോലീസ് വകുപ്പും അന്വേഷണത്തില്‍ സഹകരിച്ചു. എന്തുകാരണത്താലാണ് വിശ്വനാഥ് ഇങ്ങനെയൊരു കുറ്റകൃത്യം ചെയ്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.


Click it and Unblock the Notifications








