കുട്ടികൾ മൊബൈലിന് അഡിക്ടഡ് ആണോ? എങ്കിൽ ഇതൊക്കെയൊന്ന് അറിഞ്ഞുവച്ചോ!
നിങ്ങളുടെ മക്കൾ മണിക്കൂറുകളോളം മൊബൈൽ ഫോണിന് മുന്നിൽ കുത്തിയിരുന്ന് ഗെയിമുകൾ കളിക്കുന്നവരാണോ. എങ്കിൽ സൂക്ഷിക്കുക ഇത്തരത്തിലുള്ള ശീലങ്ങൾ നിങ്ങളുടെ വേണ്ടപ്പെട്ടവരെ വളരെ ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ട്. സമയ നഷ്ടത്തിന് പുറമെ നമ്മുടെ ശാരീരിക, മാനസീക ആരോഗ്യത്തെയും ഇത്തരം ഗെയിമുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്.
ഇന്നത്തെക്കാലത്ത് വിവിധ ആവശ്യങ്ങൾക്കായി ആളുകൾ ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഗെയിമുകളോടുള്ള പ്രത്യേക ആസക്തി നിങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം. നിങ്ങളുടെ ഉൽപ്പാദനക്ഷമത കുറയാൻ ഗെയിം അഡിക്ഷൻ കാരണമായേക്കാം. മാത്രമല്ല നിങ്ങളുടെ സമയവും പാഴായിക്കൊണ്ടിരിക്കുകയാണ്. പ്രിയപ്പെട്ടവരുമായി സംവദിക്കാൻ കഴിയാതെ വരുന്നതോടെ അവരുമായുള്ള ബന്ധവും അകന്നുപോയേക്കാം. ഇത് നിങ്ങളെ പിന്നീട് മാനസികമായി തളർത്തിയേക്കാം.

ഒരാൾ ഒരു ഗെയിമിന് അടിമപ്പെട്ടാൽ ഒഴിവ് സമയം കിട്ടുമ്പോഴെല്ലാം ആ ഗെയിം കളിക്കാൻ ശ്രമിക്കും. ചില സമയങ്ങളിൽ മറ്റുള്ള ആവശ്യങ്ങൾ തള്ളിവെച്ച് ഗെയിമിനായി സമയം കണ്ടെത്തുകയും ചെയ്യും . ഉറക്കം പോലും ഒഴിവാക്കി ഗെയിം കളിക്കുന്നവരും ഇന്നത്തെക്കാലത്ത് ധാരാളമാണ്. ഇത് നിങ്ങളുടെ കണ്ണിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. അസ്തീനോപ്പിയ എന്നാണ് ഈ അവസ്ഥയുടെ പേര്.
അസ്തീനോപ്പിയ മൂലം കണ്ണുകളിൽ അസ്വസ്ഥതയും തുടർച്ചയായി തലവേദന അനുഭവപ്പെടുകയും ചെയ്യും. പിന്നാലെ ക്രമേണ കാഴ്ച ശക്തി കുറയുകയും ചെയ്യുന്നു. ആയതിനാൽ ആന്റി- ഗ്ലെയർ സ്പെക്സുകൾ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. മാത്രമല്ല പ്ലേ സ്റ്റോറുകളിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ചില ഗെയിമുകളിൽ മാൽവെയറുകളും വൈറസും ഉള്ളതായി റിപ്പോർട്ടുകൾ ഉണ്ട്. പ്ലേ സ്റ്റോറിനെ മാത്രം വിശ്വസിച്ച് ഒരു ഗെയിമും ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.
ഫോണുകളുടെ തുടർച്ചയായ ഉപയോഗം നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു. ആയതിനാൽ തന്നെ ഗെയിമുകളിൽ അഡിക്ട് ആയവരിൽ ഉത്കണ്ഠ, അമിതവണ്ണം, ഉറക്ക കുറവ്, മാനസിക സമ്മർദ്ദം എന്നിവ പൊതുവെ കണ്ടുവരുന്നുണ്ട്. ഒരു ഗെയിം കളിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നു എങ്കിൽ കൃത്യമായ ഇടവേളകളില്‍ വിശ്രമിക്കുകയും വ്യായാമത്തിനായി സമയം കണ്ടെത്തനും ശ്രമിക്കേണ്ടതാണ്.
കുട്ടികള്‍ അമിതമായി ഫോൺ ഉപയോഗിക്കുന്നത് അവരുടെ ശ്രദ്ധയെ ബാധിക്കാൻ കാരണമാകും. ആയതിനാൽ തന്നെ ഇത് വിദ്യാഭ്യാസത്തേയും തുടർന്നുള്ള അവരുടെ ഭാവിയേയും ദോഷകരമായി ബാധിക്കും. മൊബൈല്‍ഫോണുകളിലെ ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷനും കുട്ടികളുടെ തലച്ചോറിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിച്ചേക്കാം എന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
കുട്ടികൾ കാണുന്ന വീഡിയോകളും കളിക്കുന്ന ഗെയിമുകളും അവരുടെ സ്വഭാവ രൂപികരണത്തെയും ബാധിക്കുന്നുണ്ട്. കുട്ടികള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ നല്ല കാര്‍ട്ടൂണുകളോ നല്ല സന്ദേശങ്ങളുള്ള വീഡിയോകളോ വച്ചുകൊടുക്കാന്‍ മാതാപിതാക്കൾ ശ്രദ്ധിക്കുക. നിശ്ചിത സമയത്തേക്ക് മാത്രം മൊബൈൽ ഫോണുകൾ നൽകുക. കഴിയുന്നതും ഔട്ട് ഡോർ കളികളിലും വിനോദങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുക.

കുട്ടികളില്‍ മോശമായ ചിന്തകള്‍ കുത്തിനിറയ്ക്കാൻ സാധിക്കുന്ന പലതും ഫോണുകളിൽ ഉണ്ട്. അതിനാൽ മാതാപിതാക്കൾ ഫോണുകൾ ഇടയ്ക്കിടെ പരിശോധിക്കുക. ഫോൺ അഡിക്ഷൻ ഒഴിവാക്കാനുള്ള ചില വഴികളും നമ്മുക്ക് പരിശോധിക്കാം. ഫോണ്‍ ഉപയോഗം കൂടുന്നുവെന്ന് മനസിലാക്കിയാല്‍ സ്വയം മാറാൻ ശ്രമിക്കുക. ഒഴിവു സമയങ്ങൾ മറ്റെന്തെങ്കിലും വിനോദത്തിനായി മാറ്റിവയ്ക്കുക.
എപ്പോഴും സ്വയം തിരക്കിലാകാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കുക. ഫോണുകളിലെ നോട്ടിഫിക്കേഷൻ സൗണ്ട് ഓഫ് ചെയ്ത് വയ്ക്കുന്നതും ഫോൺ അഡിക്ഷൻ കുറക്കാൻ സഹായിക്കും. കുട്ടികളുമായി സമയം ചിലവഴിക്കാൻ മാതാപിതാക്കൾ ശ്രമിക്കേണ്ടതുണ്ട്. കുട്ടികൾ മൊബൈൽ ഉപയോഗിക്കുന്ന സമയം മാതാപിതാക്കളും അവർക്കൊപ്പം കൂടെ ഇരിക്കാനും ശ്രമിക്കുന്നത് നന്നായിരിക്കും.


Click it and Unblock the Notifications








