വിദ്യാർഥിനിയുടെ മൂന്ന് ലക്ഷംരൂപ തട്ടിപ്പുകാർ കൊണ്ടുപോയി; പേടിഎം നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി
സൈബർ തട്ടിപ്പിന് ഇരയായി പണം നഷ്ടമായ ബിരുദാനന്തര ബിരുദ മെഡിക്കൽ വിദ്യാർത്ഥിക്ക് പേടിഎം നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി വിധി. പേടിഎമ്മിന്റെ ഡിജിറ്റൽ പേയ്‌മെന്റ് ഇന്റർഫേസ് ഉപയോഗിച്ച് വിദ്യാർഥിനിയുടെ സിറ്റി യൂണിയൻ ബാങ്കിലെ സേവിംഗ്‌സ് അക്കൗണ്ടിൽ നിന്ന് ഹാക്കർമാർ 3 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു.
അതിവിദഗ്ധമായ കബളിപ്പിക്കലുകളിലൂടെ ആളുകളുടെ പണം സൈബർ ക്രിമിനലുകൾ തട്ടിയെടുക്കുന്നത് ഇതിനോടകം നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാൽ ഇത്തരം സംഭവങ്ങളിൽ ഏതെങ്കിലും ഡിജിറ്റൽ പേയ്മെന്റ് സ്ഥാപനങ്ങൾക്ക് പിഴ വിധിക്കുന്നത് അധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഡോ. ആർ പവിത്ര എന്ന യുവതിയുടെ പണമാണ് ഹാക്കിങ്ങിൽ നഷ്ടപ്പെട്ടത്.

വിദ്യാർഥിനിയുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് അജ്ഞാതർ ഹാക്ക് ചെയ്തു. പ്ലാറ്റ്‌ഫോമിന്റെ ഡിജിറ്റൽ പേയ്‌മെന്റ് ഇന്റർഫേസ് ഉപയോഗിച്ച് അവർ പിന്നീട് അവരുടെ പേടിഎം അക്കൗണ്ടുകളിലേക്ക് ഫണ്ട് മാറ്റി. അനധികൃതമായി കൈമാറ്റം ചെയ്യപ്പെട്ട ഫണ്ടുകൾ വീണ്ടെടുക്കുന്നതിനുള്ള സഹായം തേടി പവിത്ര ഉടൻ തന്നെ തന്റെ ബാങ്കായ സിറ്റി യൂണിയൻ ബാങ്കിലും പേടിഎമ്മിലും സംഭവം റിപ്പോർട്ട് ചെയ്തു.
എന്നാൽ തട്ടിപ്പുകാർ നടത്തിയ ഈ പണമിടപാടുകളുടെ ഉത്തരവാദിത്തം ഇരു സ്ഥാപനങ്ങളും നിഷേധിച്ചു. ബാങ്കും പേടിഎം അധികൃതരും കൈമലർത്തിയതിനെ തുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്. കോടതിയിലും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സിറ്റി യൂണിയൻ ബാങ്കും പേടിഎമ്മും വിസമ്മതിച്ചു. സംഭവത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നുപറഞ്ഞ് കൈയൊഴിയുന്ന സമീപനമാണ് ഇരുവരും സ്വീകരിച്ചത്.

നിയന്ത്രിത സ്ഥാപനങ്ങളും അവരുടെ ഉപഭോക്താക്കളും തമ്മിലുള്ള ഇടപാടുകളിൽ സാധാരണഗതിയിൽ ഇടപെടാറില്ലെന്ന് ഇത്തരം കാര്യങ്ങളിലെ നിശബ്ദ നിരീക്ഷകനായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ( ആർബിഐ ) കോടതിയെ അറിയിച്ചു. എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് വിദ്യാർഥിനിക്ക് പേടിഎം നഷ്ടപരിഹാരം നൽകണമെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.
ഇവിടെ ഹർജിക്കാരിയുടെ വീഴ്ചകൊണ്ടല്ല പണം നഷ്ടമായിരിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ബാങ്കുകൾക്കും പ്രീപെയ്ഡ് പേയ്‌മെന്റ് ഉപകരണങ്ങൾക്കും ( പിപിഐ ) ആർബിഐയുടെ വിശദമായ നിർദ്ദേശങ്ങൾ ഉണ്ടായിരുന്നിട്ടും, ഇത്തരം വീഴ്ചകളിൽ ആർക്കും ഉത്തരവാദിത്തം ഇല്ലാത്തരീതിയെ കോടതി വിമർശിക്കുകയും ഉപഭോക്തൃ സംരക്ഷണത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
നഷ്ടത്തിന് ഉപഭോക്താവ് ഉത്തരവാദിയാണെന്ന് ആർബിഐ നിശ്ചയിച്ച 90 ദിവസത്തിനുള്ളിൽ തെളിയിക്കുന്നതിൽ പേടിഎം പരാജയപ്പെട്ടു, അതിനാൽ യുവതിയുടെ വീഴ്ചകൾ പരിഗണിക്കാതെ തന്നെ രണ്ടാഴ്ചയ്ക്കകം തുക തിരികെ നൽകണമെന്ന് പേടിഎമ്മിനോട് കോടതി നിർദേശിച്ചു. ഇരയ്ക്ക് പേടിഎം നഷ്ടപരിഹാരം നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആർബിഐക്കും ഹൈക്കോടതി നിർദേശം നൽകി.
ഒരു സ്വകാര്യ സ്ഥാപനമാണെങ്കിലും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് പേടിഎമ്മിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പേയ്മെന്റ് സംവിധാനങ്ങൾ മാർഗനിർദേശങ്ങൾ ലംഘിക്കുകയും ഉപയോക്താക്കളോട് സൗഹൃദപരമല്ലാത്ത സമീപനം സ്വീകരിക്കുകയും ചെയ്യുമ്പോൾ ഇടപെടാനുള്ള റിസർ ബാങ്ക് ഓഫ് ഇന്ത്യയുടെ ബാധ്യതയെയും മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് എടുത്തുകാണിക്കുന്നുണ്ട്.

മദ്രാസ് ഹൈക്കോടതിയുടെ ഈ വിധി ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾക്ക് ശക്തമായ സന്ദേശം നൽകുന്നു, ഉപയോക്താക്കളെ സംരക്ഷിക്കാനും വഞ്ചനാപരമായ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന നഷ്ടം നികത്താനുമുള്ള അവരുടെ ബാധ്യത വിധി ഊന്നിപ്പറയുന്നു. പേടിഎം, ഗൂഗിൾ പേ, ആമസോൺ പേ തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളുടെ ഇടപാടുകാർക്ക് ആത്മവിശ്വാസം നൽകുന്നതാണ് വിധി.
ഡിജിറ്റൽ പേയ്മെന്റ് ഇടപാടുകളിൽ ഉണ്ടാകുന്ന പിഴവുകൾ പരിഹരിക്കാൻ മാർഗനിർദേശങ്ങൾ ഉണ്ടെങ്കിലും അവ പാലിക്കപ്പെടുന്നില്ല എന്ന് വിമർശനം ഉയരാറുണ്ട്. പണം നഷ്ടമായവർ സഹായം തേടുമ്പോൾ കൈയൊഴിഞ്ഞ് ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും തലയിൽ കെട്ടിവയ്ക്കാനാണ് സ്ഥാപനങ്ങൾ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദേശം കൊണ്ടുവരാനും അത് നടപ്പിലാക്കാനും ആർബിഐ കൂടുതൽ ശ്രദ്ധയും ഇടപെടലും നടത്തേണ്ടിയിരിക്കുന്നു.


Click it and Unblock the Notifications








