തൂക്ക് ട്രെയിനിന്റെ കരുത്തില്‍ കുതിക്കാനൊരുങ്ങി ദുബായ്
ഭൂമിയില്‍ നിന്ന് നിശ്ചിത ഉയരത്തില്‍ സ്ഥാപിക്കുന്ന ഹൈ സ്പീഡ് റെയില്‍ സംവിധാനത്തിലൂടെ ഗതാഗതക്കുരുക്കിന് പരിഹാരം കാരണാന്‍ ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. ഇതിന്റെ ഭാഗമായി അതോറിറ്റി ഹൈടെക് സസ്‌പെന്‍ഡഡ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതില്‍ ലോകത്തിലെ മുന്‍നിര കമ്പനിയായ സ്‌കൈട്രാനുമായി കരാര്‍ ഒപ്പിട്ടു.

2020-ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ സവിശേഷത മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്ന സ്വയം ഓടുന്ന വാഹനങ്ങളാണ്. ഇത് ഒരു വിധത്തിലുള്ള വായു മലിനീകരണവും ഉണ്ടാക്കുകയുമില്ല. തിരക്കേറിയ തെരുവുകള്‍ക്ക് മുകളില്‍ തൂക്കിയിടുന്ന ട്രാക്കുകളിലൂടെയായിരിക്കും ഇതിന്റെ സഞ്ചാരം.
ആറുവരിപ്പാതയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനെക്കാള്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
സ്‌കൈട്രാനിന് നിലവില്‍ രണ്ട് പരീക്ഷണ സംവിധാനങ്ങളുണ്ട്. ടെല്‍ അവീവിലും നാസയുടെ സഹകരണത്തോടെ കാലിഫോര്‍ണിയയിലുമാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നാമത്തേതിന്റെ നിര്‍മ്മാണം ടെക്‌സാസില്‍ പുരോഗമിക്കുന്നു.
അത്യാധുനിക സാങ്കേതികളുടെ സഹായത്തോടെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പരിശ്രമിക്കുന്ന കമ്പനികളുമായി സഹകരിക്കാന്‍ ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി കാണിക്കുന്ന ഉത്സാഹത്തിന് ഉദാഹരണമാണ് ഈ കരാറെന്ന് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുള്‍ യൂനസ് പറഞ്ഞു. 'സുഖകരവും സുരക്ഷിതവും വേഗത്തിലുള്ളതുമായ യാത്ര ഉറപ്പുനല്‍കുന്നതിലൂടെ പുതിയ സംവിധാനത്തിലേക്ക് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാന്‍ കഴിയും. ഇത് നാടിന്റെ വികസന വേഗം കൂട്ടും.' അദ്ദേഹം അഭിപ്രായപ്പെട്ടു.
റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് സ്‌കൈട്രാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ജോണ്‍ കോള്‍ വ്യക്തമാക്കി.
സ്വയം ഓടുന്ന വാഹനങ്ങളുടെ പരീക്ഷണത്തിന് ഏപ്രിലില്‍ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അനുമതി നല്‍കിയിരുന്നു. സ്വയം ഓടുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് അനുമതി നല്‍കിയിരിക്കുന്നത്.
പരീക്ഷണത്തിനിടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പരിശോധിക്കും. ഓപ്പറേറ്റര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനും അവ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള ചുമതല അതോറിറ്റിക്കാണ്. 2030-ഓടെ റോഡില്‍ ഇറങ്ങുന്ന വാഹനങ്ങളുടെ 25 ശതമാനം സ്വയം ഓടുന്നവ ആക്കാനാണ് ദുബായ് ലക്ഷ്യമിടുന്നത്. പൊതുഗതാഗത രംഗത്ത് പുത്തന്‍ സാങ്കേതിക വിദ്യകള്‍ അവതരിപ്പിക്കുന്നതിലൂടെ ഗതാഗത ചെലവില്‍ 44 ശതമാനത്തിന്റെ കുറവ് വരുമെന്നും പറയപ്പെടുന്നു.


Click it and Unblock the Notifications
