ടെക്നോളജിയാണ് രക്ഷകൻ, കഥയല്ല ഇത് ജീവിതം! മഞ്ഞുമ്മൽ ബോയ്സ് കാണും മുമ്പ് ഒരു ഒറിജിനൽ സംഭവം
ടെക്നോളജിയുടെ വളർച്ച മനുഷ്യജീവിതം ഏത് വിധത്തിൽ മാറ്റിമറിച്ചു എന്ന് നമുക്കുചുറ്റും നോക്കിയാൽ കാണാം. ഒരു 20 വർഷം മുൻപ് ഉണ്ടായിരുന്ന ജീവിത ശൈലികളോ ചുറ്റുപാടുകളോ അല്ല നമുക്കുചുറ്റുമുള്ളത്. ടെക്നോളജിയുടെ വളർച്ച ഈ മാറ്റത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. മനുഷ്യജീവിതം കൂടുതൽ അനായാസമാക്കാൻ ടെക്നോളജി ശ്രമിക്കുന്നു.
അതോടൊപ്പം വിലപ്പെട്ട മനുഷ്യജീവൻ സംരക്ഷിക്കാൻ സഹായിക്കുന്ന നിരവധി ടെക്നോളജികളും ഇന്നുണ്ട്. മനുഷ്യന് ഉപകാരപ്പെടുന്ന വിധത്തിൽ ടെക്നോളജികൾ അവതരിപ്പിക്കുന്നതിൽ ഏറെ മികവ് പുലർത്തുന്ന ഒരു കമ്പനിയാണ് ആപ്പിൾ. തങ്ങളുടെ ഡിവൈസുകളിൽ ആപ്പിൾ പലവിധത്തിലുള്ള ഫീച്ചറുകൾ ഓരോ വർഷവും അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. അത് പലരുടെയും ജീവിതത്തിൽ നിർണായക വഴിത്തിരിവുകൾ സൃഷ്ടിച്ചിട്ടുണ്ട്.

ആപ്പിൾ ഡിവൈസുകളിലെ ഫീച്ചറുകൾ ആളുകളുടെ ജീവൻ രക്ഷിച്ച സംഭവങ്ങൾ ഇതിനകം പലതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേട്ടാൽ വിശ്വസിക്കാൻ കഴിയാത്ത വിധത്തിലുള്ള രക്ഷപ്പെടുത്തലുകൾ ഐഫോണുകളും ആപ്പിൾ വാച്ചുകളുമൊക്കെ നടത്തിയിട്ടുണ്ട്. ചിലർ ഈ സംഭവങ്ങൾ കേൾക്കുമ്പോൾ വെറും കെട്ടുകഥകളായി പുച്ഛിക്കുമെങ്കിലും ടെക്നോളജിയുടെ കഴിവുകളെപ്പറ്റി ധാരണമുള്ളവർക്ക് സത്യാവസ്ഥ തിരിച്ചറിയാൻ കഴിയും.
ആപ്പിൾ ഡിവൈസുകളിലെ ഫീച്ചറുകൾ ആളുകളുടെ ജീവൻ രക്ഷിച്ച സംഭവങ്ങളുടെ ലിസ്റ്റിലേക്ക് ഏറ്റവും പുതിയതായി ഒരു സംഭവം കൂടി എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു. ആഞ്ചലസ് നാഷണൽ ഫോറസ്റ്റിൽ വഴിതെറ്റി രാത്രിയിൽ അവിടെ കുടുങ്ങിപ്പോയ ഒരു സഞ്ചാരി തന്റെ ഐഫോണിലെ ഫീച്ചറിന്റെ സഹായത്താൽ ജീവൻ രക്ഷപ്പെടുത്തിയ സംഭാവമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്, ഒറ്റയ്ക്കും കൂട്ടായുമൊക്കെ കാടും മലകളും കീഴടക്കാൻ ഇഷ്ടപ്പെടുന്നവർ. എന്നാൽ ഇത്തരം സാഹസിക യാത്രകളിൽ നിരവധി അപകടങ്ങൾ പതിയിരുപ്പുണ്ട്. അത്തരം അപകടങ്ങളിൽപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവർ ധാരാളം. സാഹസികരായ ഒരുകൂട്ടം ചെറുപ്പക്കാർ വിനോദയാത്രയ്ക്കിടെ ഒരു അപകടത്തിൽപ്പെടുന്നതും തുടർന്നുണ്ടാകുന്ന രക്ഷാപ്രവർത്തനങ്ങളുമൊക്കെ പ്രമേയമാക്കി മഞ്ഞുമ്മൽ ബോയ്സ് എന്ന മലയാള സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്.
എന്നാൽ സിനിമാക്കഥയെ വെല്ലുന്ന യഥാർഥ രക്ഷപ്പെടുത്തലാണ് കഴിഞ്ഞ ദിവസം അമേരിക്കയിൽ ഐഫോൺ 14 നടത്തിയിരിക്കുന്നത്. ജീവിതം തീർന്നു എന്ന് കരുതിയിടത്തുനിന്ന് രക്ഷപ്പെട്ട് തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് ആഞ്ചലസ് നാഷണൽ ഫോറസ്റ്റിൽ കുടുങ്ങിയ ആ സഞ്ചാരി. അതിനദ്ദേഹം നന്ദി പറയുന്നത് രക്ഷാപ്രവർത്തകർക്ക് മാത്രമല്ല, തന്റെ ഐഫോൺ 14ന് കൂടിയാണ്.
അത്രയും വലിയ കൊടുങ്കാട്ടിൽ, നെറ്റ്വർക്ക് പോലും ലഭ്യമല്ലാത്ത സാഹചര്യത്തിലും അദ്ദേഹമുള്ള സ്ഥലത്തെക്കുറിച്ച് രക്ഷാപ്രവർത്തകരെ കൃത്യമായി അറിയിച്ചത് അദ്ദേഹത്തിന്റെ ഐഫോൺ 14ലെ എമർജൻസി എസ്ഒഎസ് ഫീച്ചറാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സഞ്ചാരി കാട്ടിൽ കുടുങ്ങിയത്. കൂരിരുട്ടിൽ വഴിയറിയാതെ കുടുങ്ങിയ ഘട്ടത്തിൽ ഐഫോൺ 14ലെ എമർജൻസി മെസേജ് ഫീച്ചർ അദ്ദേഹത്തിന് തുണയായി.

iPhone 14-നും പുതിയ മോഡലുകൾക്കും മാത്രമുള്ള ഈ ഫീച്ചർ, സെല്ലുലാർ ഡാറ്റയിലേക്കോ വൈഫൈയിലേക്കോ ആക്‌സസ് ഇല്ലെങ്കിലും, ഉപയോക്താവിൻ്റെ സ്ഥാനം കൃത്യമായി കണ്ടെത്തുന്നതിന് സാറ്റലൈറ്റ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ജനപ്രിയമായ ഫൈൻഡ് മൈ ഡിവൈസ് ആപ്പിൽ കാണുന്ന GPS ട്രാക്കിംഗ് സിസ്റ്റം പോലെ, ഈ എമർജൻസി ടൂളും അതിഭയാനകമായ ഒരു സാഹചര്യത്തിൽ പ്രത്യാശയുടെ വെളിച്ചമായി മാറി.
ഫോണിന്റെ സൈഡിലുള്ള ലോക്ക് ബട്ടണും വോളിയം ബട്ടണുകളിൽ ഒന്നും അമർത്തിയാൽ സ്‌ക്രീനിൽ എമർജൻസി SOS സ്ലൈഡർ ദൃശ്യമാകും. കാട്ടിലകപ്പെട്ട സഞ്ചാരി ഇങ്ങനെ തന്റെ എമർജൻസി മെസേജ് ഫീച്ചർ ഉപയോഗിച്ചതോടെ ദുരന്ത നിവാരണ സേനയുടെ നമ്പരിലേക്ക് ലൊക്കേഷൻ അടക്കമുള്ള വിവരങ്ങളെത്തി. തുടർന്ന് പ്രാദേശിക സന്നദ്ധ രക്ഷാപ്രവർത്തക സംഘം അവിടേക്ക് ഉടൻ എത്തുകയായിരുന്നു.

മൈക്ക് ലിയൂമിൻ്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തക സംഘം രാത്രി 8 മണിയോടെ സഞ്ചാരിയെ തേടിയെത്തി. സാറ്റലൈറ്റ് ടെക്‌സ്‌റ്റ് സന്ദേശങ്ങൾ ഉപയോഗിച്ച്, അവർ കാൽനടയാത്രക്കാരനുമായി ആശയവിനിമയം നടത്തി, നിലവിലുള്ള സ്ഥലത്ത് തുടരാൻ നിർദേശിച്ചു. ഒന്നര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ, അവർ അപകടത്തിൽപ്പെട്ടയാളെ വിജയകരമായി കണ്ടെത്തി, വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ രണ്ട് മണിക്കൂർ യാത്ര നടത്തി സുരക്ഷിതസ്ഥാനത്ത് എത്തിച്ചു.
പിന്നീട് രക്ഷാസംഘത്തലവനായ മൈക്ക് ലിയൂം "മറ്റൊരു ഐഫോൺ 14 സേവ്!" എന്ന തലക്കെട്ടോടെ സംഭവം സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചു. പിന്നാലെ KTLA യും സംഭവം റിപ്പോർട്ട് ചെയ്തു. സമാനമായ രക്ഷാപ്രവർത്തനങ്ങൾ ഇതിനുമുമ്പ് കാലിഫോർണിയയിലും നടന്നിട്ടുണ്ട്. മനുഷ്യന്റെ സന്തത സഹചാരിയായ സ്മാർട്ട്ഫോണുകളിൽ ഇത്തരം ടെക്നോളജികളുടെ പിൻബലമുള്ളത് പല പ്രതിസന്ധികളിലും പിടിവള്ളിയാകുന്നുണ്ട്.
Image credit: Mike Leum


Click it and Unblock the Notifications








