നോക്കിയ സ്മാർട്ട്ഫോൺ വാങ്ങാൻ പണം കമ്പനി തരും; തിരിച്ചടച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്നത് ട്വിസ്റ്റ്
ഇന്ത്യയിൽ നോക്കിയ (Nokia) സ്മാർട്ട്ഫോണുകളുടെ വിൽപ്പന വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പുതിയ തന്ത്രം പുറത്തെടുത്ത് നോക്കിയ ബ്രാൻഡുകളുടെ നിർമാതാക്കളായ എച്ച്എംഡി ഗ്ലോബൽ രംഗത്ത്. താങ്ങാനാകുന്ന വിലയിലുള്ള നോക്കിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഒരു പുതിയ പേയ്മെന്റ് ഓപ്ഷനാണ് എച്ച്എംഡി ഗ്ലോബൽ ഇന്ത്യയിൽ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.
എച്ച്എംഡി ഗ്ലോബൽ, ഡിഎംഐയുമായി സഹകരിച്ചാണ് ഇന്ത്യയിൽ ഈ പുതിയ ഫിനാൻഷ്യൽ സൊലൂഷ്യൻ അവതരിപ്പിച്ചിരിക്കുന്നത്. ഈസി പേ എന്നാണ് എച്ച്എംഡി ഗ്ലോബൽ ഈ പുതിയ സംവിധാനത്തിന് പേര് നൽകിയിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയാത്തവർക്ക് സഹായമാകുന്ന വിധത്തിലാണ് കമ്പനി ഈസി പേ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.

എന്താണ് എച്ച്എംഡി ഗ്ലോബലിന്റെ ഈസി പേ: അടിസ്ഥാനപരമായി, ഒരു ഉപയോക്താവ് നോക്കിയ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കമ്പനി അയാൾക്ക് ഫോൺ നൽകും, ഫോണിന്റെ വിലയുടെ 20 ശതമാനം മാത്രം ഡൗൺ പേയ്‌മെന്റായി അടച്ചാൽ മതി, ബാക്കി തുക പലിശയില്ലാതെ തവണകളായി തിരിച്ച് അടച്ചാൽ മതി.
എങ്ങനെയാണ് എച്ച്എംഡി ഈസി പേ പ്രവർത്തിക്കുന്നത്: ഈ പ്രക്രിയയിലൂടെ വളരെ എളുപ്പത്തിൽ ഒരു സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയുമെന്ന് എച്ച്എംഡി വിവരിക്കുന്നു. പ്രക്രിയകളെല്ലാം വളരെ ലളിതമായിരിക്കും. വാങ്ങാൻ ആഗ്രഹിക്കുന്ന ഉൽപ്പന്നം ഉറപ്പിച്ച് കഴിഞ്ഞാൽ, ഉപയോക്താവിന് ലോണിന് അപേക്ഷിക്കാം, അതിന് ശേഷം ഒരു യോഗ്യതാ പരിശോധന നടത്തും.

ഏകദേശം രണ്ട് മുതൽ അഞ്ച് മിനിറ്റ് വരെ നീണ്ടുനിൽക്കുന്നതാണ് ഈ എലിജിബിലിറ്റി ചെക്ക്. ഈ പ്രക്രിയയ്‌ക്കായി ഉപയോക്താക്കൾ ഫിസിക്കൽ ഡോക്യുമെന്റുകളൊന്നും കൊണ്ടുവരേണ്ടതില്ലെന്നും ഐഡി നമ്പറുകൾ മാത്രം മതിയെന്നും കമ്പനി പറയുന്നു. സിബിൽ സ്‌കോറിനെ അടിസ്ഥാനമാക്കിയാണ് മറ്റുള്ളവർ വായ്പ നൽകുക. എന്നാലിവിടെ, ലോണുകൾക്കുള്ള യോഗ്യത വിശകലനം ചെയ്യാൻ കമ്പനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും മെഷീൻ ലേണിംഗും ഉപയോഗിക്കും.
എല്ലാവർക്കും വളരെ എളുപ്പത്തിൽ ലോൺ ലഭ്യമാകുന്ന വിധത്തിലാണ് ഈ യോഗ്യത പരിശോധനകൾ ക്രമീകരിച്ചിരിക്കുന്നത്. ഈസി പേയിലെ എല്ലാ ഇടപാടുകളും പൂർണമായും പേപ്പർ രഹിതവും ഡിജിറ്റൽ എൻഡ്-ടു-എൻഡും ആണെന്ന് കമ്പനി പറയുന്നു. യോഗ്യത അംഗീകരിച്ചുകഴിഞ്ഞാൽ, ഡൗൺ പേയ്‌മെന്റിന് ശേഷം ഉപയോക്താക്കൾക്ക് അവർ തെരഞ്ഞെടുത്ത ഫോൺ ലഭിക്കും.
നിലവിൽ, ഉപയോക്താക്കൾക്ക് 6 മാസത്തിനും 8 മാസത്തിനും ഇടയിലുള്ള ഇൻസ്റ്റാൾമെന്റ് പേയ്‌മെന്റ് ഓപ്ഷനുകൾ മാത്രമേ തിരഞ്ഞെടുക്കാൻ കഴിയൂ. ആദ്യ ഘട്ടത്തിൽ എല്ലാ നോക്കിയ ഫോണുകൾക്കും ഈ സൗകര്യം ലഭ്യമാകില്ല. ഇപ്പോൾ നോക്കിയ G42 5G, Nokia C32, Nokia C22, Nokia C12 Pro സ്മാർട്ട്ഫോണുകൾ വാങ്ങുമ്പോൾ മാത്രമേ ഫിനാൻസിംഗ് ഓപ്ഷൻ ലഭ്യമാകൂ.
തിരിച്ചടവ് മുടങ്ങിയാൽ എന്ത് സംഭവിക്കും: വായ്പ തിരിച്ചടക്കുന്നതിൽ ഏതെങ്കിലുമൊക്കെ ഉപയോക്താക്കൾ വീഴ്ച വരുത്തുമെന്നത് ഉറപ്പുള്ള കാര്യമാണ്. ഈസി പേ ഇടപാടിന്റെ ആദ്യ ദിവസം തന്നെ ഫോൺ ഉപയോക്താവിന് നൽകും. ഇങ്ങനെ ഫോൺ നൽകുമെങ്കിലും ബാക്കി തുക കൃത്യമായി തിരിച്ചുകിട്ടും എന്ന് ഉറപ്പാക്കാനുള്ള നടപടിയും കമ്പനി അതിൽത്തന്നെ സ്വീകരിച്ചിട്ടുണ്ട്.
ഉപയോക്താക്കൾ തവണകൾ കൃത്യമായി തിരിച്ചടയ്ക്കും എന്ന് ഉറപ്പാക്കാൻ എച്ച്എംഡി സോഫ്റ്റ് ലോക്ക് എന്ന സോഫ്റ്റ്‌വെയർ ഫോണിൽ മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യും. ഉപയോക്താവ് കൃത്യസമയത്ത് പേയ്‌മെന്റുകൾ നടത്തുന്നത് തുടരുകയാണെങ്കിൽ, പതിവുപോലെ ഫോൺ പ്രവർത്തിക്കും. എന്നാൽ പേയ്മെന്റ് തിരിച്ചടവിൽ വീഴ്ചയുണ്ടായാൽ ഫോൺ ലോക്ക് ആകും. അതിനുള്ള അധികാരം കമ്പനിക്കുണ്ട്.

തുടർന്ന് പണം അടയ്ക്കുന്നതു വരെ, ഫോണോ അതിലെ ഡാറ്റയോ ആക്സസ് ചെയ്യാൻ ഉപയോക്താവിന് കഴിയില്ല. ഇത്തരം ഒരു ഓപ്ഷൻ മറ്റെവിടെയും കാണാൻ കഴിയില്ല എന്നാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ ഷവോമി, സാംസങ് തുടങ്ങിയ ബ്രാൻഡുകളും തങ്ങളുടെ ഫോണുകൾക്ക് ഇത്തരം ഓപ്ഷനുകൾ നൽകുന്നുണ്ട്.
മെയ്ഡ്-ഇൻ-ഇന്ത്യ സ്മാർട്ട്‌ഫോണുകൾ: ഈസി പേ ഓപ്ഷൻ അവതരിപ്പിച്ചുകൊണ്ട് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഇന്ത്യയിൽ മെയ്ഡ്-ഇൻ-ഇന്ത്യ പദ്ധതിക്കു കീഴിൽ സ്മാർട്ട്ഫോൺ നിർമിക്കുമെന്നും എച്ച്എംഡി ആവർത്തിച്ചു വ്യക്തമാക്കി. 2024ൽ എച്ച്എംഡി സ്വന്തം ബ്രാൻഡിൽ സ്മാർട്ട്ഫോൺ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ, കമ്പനി ഇന്ത്യയിൽ നിർമ്മിക്കുന്നതും മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നതുമായ ഒരു ഫീച്ചർ ഫോൺ മാത്രമേയുള്ളൂ.


Click it and Unblock the Notifications








