ഇനി ഹോണർ കാലം! സ്മാർട്ട്ഫോൺ ആരാധകരിൽ പ്രണയം നിറയ്ക്കാൻ ഹോണർ X9C വരുന്നു
പ്രണയിക്കുന്നവരുടെയും പ്രണയം മനസിൽ സൂക്ഷിക്കുന്നവരുടെയും അന്താരാഷ്ട്ര 'ഉത്സവമാസമായ' വാലന്റൈൻസ് ഡേയുമായി ഒരു ഫെബ്രുവരി കൂടി എത്തിയിരിക്കുകയാണ്. നിരവധി സ്മാർട്ട്ഫോണുകളാണ് ഈ ഫെബ്രുവരിയിൽ ലോഞ്ചിന് തയാറെടുക്കുന്നത്. അക്കൂട്ടത്തിൽ സ്മാർട്ട്ഫോൺ ആരാധകരുടെ പ്രണയം പിടിച്ചുപറ്റാൻ ഒരു ഹോണർ സ്മാർട്ട്ഫോണും എത്തുന്നുണ്ട്. ഉടൻ തന്നെ ഇന്ത്യയിൽ ഒരു എക്സ് സീരീസ് സ്മാർട്ട്ഫോൺ അവതരിപ്പിക്കും എന്നതിന്റെ സൂചന ഹോണർ നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആമസോണിൽ ഒരു മൈക്രോ സൈറ്റും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ മോഡൽ നെയിം ഉൾപ്പെടെയുള്ള വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പക്ഷേ ഹോണർ X9c (Honor X9c) എന്ന മോഡലാണ് വരാൻ പോകുന്നതെന്ന് ലീക്ക് റിപ്പോർട്ടുകൾ പറയുന്നു.
പുതിയ ഫോൺ അവതരിപ്പിക്കാൻ പോകുന്നതിന്റെ സൂചന നൽകിയെങ്കിലും ഇതിന്റെ തിയതി അടക്കമുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ ഫെബ്രുവരി 15 ന് ഹോണർ എക്സ്9സി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ടിപ്‌സ്റ്റർ പരാസ് ഗുഗ്ലാനി അവകാശപ്പെടുന്നു. ഈ ഫോണിന്റെ രൂപം സംബന്ധിച്ച ഏകദേശ ധാരണ ആമസോണിലെ ടീസർ നൽകുന്നുണ്ട്.

ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള വലിയ ബാറ്ററിയും കണ്ണുകൾക്ക് ഇണങ്ങുന്ന മികച്ച ഡിസ്‌പ്ലേയും വരാൻ പോകുന്ന ഹോണർ ഫോണിലുണ്ടാകുമെന്നും ഇതിലെ ക്യാമറകൾക്ക് OIS, EIS പിന്തുണ ഉണ്ടാകുമെന്നും ആമസോണിലെ ടീസർ വെളിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വർഷം നവംബറിൽ മലേഷ്യയിൽ ലോഞ്ച് ചെയ്ത ഹോണർ എക്സ്9സിക്ക് സമാനമാണ് ഇതിന്റെ ഡിസൈൻ.
വരാൻ പോകുന്നത് ഹോണർ X9c ആണെങ്കിൽ, 2023 ഫെബ്രുവരിയിൽ 25,999 രൂപയ്ക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഹോണർ X9b യുടെ പിൻഗാമിയായിട്ടായിരിക്കും വരവ്. അടുത്തിടെ യൂറോപ്പിൽ ഹോണർ മാജിക് 7 ലൈറ്റ് എന്ന പേരിൽ കമ്പനി അവതരിപ്പിച്ചത് മലേഷ്യയിലും മറ്റും അവതരിപ്പിച്ച X9c ആയിരുന്നു. ഇത് തന്നെയാണ് ഇപ്പോൾ ഇന്ത്യയിലേക്കും എത്താൻ പോകുന്നത് എന്ന വിശ്വാസം ശക്തമാണ്.

ഹോണർ X9c യുടെ ഫീച്ചറുകൾ: ഹോണർ X9c 1,224×2,700 പിക്സൽസും 120Hz റിഫ്രഷ് റേറ്റും ഉള്ള 6.78 ഇഞ്ച് FHD+ AMOLED ഡിസ്പ്ലേയാണ് നൽകുന്നത്. ഹോണർ X9b യുടെ അതേ ഡിസ്പ്ലേ വലുപ്പമാണിത്. അഡ്രിനോ ജിപിയുവുമായി ജോടിയാക്കിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്‌സെറ്റ് ആയിരിക്കാം ഈ ഫോണിൽ ഉണ്ടാകുക.
മുൻമോഡലിലെപ്പോലെ, X9c ഹാൻഡ്‌സെറ്റും OIS ഉള്ള 108MP പ്രൈമറി ക്യാമറയും 5MP അൾട്രാ-വൈഡ്-ആംഗിൾ ലെൻസും പായ്ക്ക് ചെയ്യുന്നു. 16MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ബാറ്ററിയുടെ കാര്യത്തിൽ മുൻ മോഡലിൽ നിന്ന് കാര്യമായ പുരോഗതി X9c -യ്ക്ക് ഉണ്ട്. മുൻഗാമിയിൽ 35W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്.
എന്നാൽ ഹോണർ X9c യിൽ 66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,600mAh ബാറ്ററിയാണ് ഉള്ളത്. 5G, 4G LTE, ബ്ലൂടൂത്ത് 5.1, GPS, NFC, ഒരു USB ടൈപ്പ്-സി പോർട്ട് എന്നീ ഫീച്ചറുകളും ഇതിൽ ഉണ്ട്. മറ്റ് ഹോണർ മോഡലുകൾ പോലെ വരാൻ പോകുന്ന ഹോണർ X9c 5ജിയും ആമസോൺ വഴി തന്നെയാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുക. ഈ ഫോണിന്റെ കൂടുതൽ ഡീറ്റെയിൽസ് വരും ദിവസങ്ങളിൽ കമ്പനി പുറത്തുവിടും. പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർ അൽപ്പം കാത്തിരിക്കുന്നത് നന്നായിരിക്കും.


Click it and Unblock the Notifications








