അനുഗ്രഹമോ ശാപമോ? പുതുതലമുറയോട് സഹതാപം തോന്നുന്നു; എആർ റഹ്മാന്റെ മനസ് തകർത്ത് എഐ
മനുഷ്യ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടം ഏതാണ് എന്ന് ചോദിച്ചാൽ ഭൂരിഭാഗം ആളുകളും പറയുന്ന ഉത്തരം ബാല്യകാലം എന്നായിരിക്കും. ഒരുവട്ടം കൂടി ബാല്യത്തിലേക്ക് തിരിച്ച്പോകാൻ സാധിച്ചിരുന്നെങ്കിൽ എന്നുപോലും പലരും ചിന്തിച്ചിട്ടുണ്ടാകും. കളിച്ചുചിരിച്ചും ഓടിച്ചാടി തിമിർത്തും നടന്നിരുന്ന ഒരു ബാല്യകാലം സ്വന്തമായിട്ടുള്ള ആളുകൾക്ക് അങ്ങനെ തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.
ടെക്നോളജിയുടെ വളർച്ച ബാല്യത്തിന്റെ സന്തോഷങ്ങളെ ഓരോന്നായി കവരുകയും കുട്ടികളെ യാന്ത്രിക ജീവിതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു എന്നത് കഴിഞ്ഞ കുറച്ച് നാളുകളായി നാം കണ്ടുവരുന്നുണ്ട്. നമ്മുടെ നാട്ടിലേക്ക് അത് അത്ര രൂക്ഷമായി കടന്നുകയറിയിട്ടില്ല. എന്നാൽ ചൈന പോലെ സാങ്കേതികമായി ഏറെ മുന്നിലുള്ള രാജ്യങ്ങളിലെ കുട്ടികൾ ആ യാന്ത്രികപാതയിലാണിപ്പോൾ.

സ്വന്തം ബാല്യത്തെയും കുട്ടികളെയും സ്നേഹിക്കുന്ന ആർക്കും ഇപ്പോഴത്തെ കുട്ടികളുടെ ബാല്യം ടെക്നോളജി കവർന്നെടുക്കുന്ന കാഴ്ച ഏറെ വേദനയോടുകൂടി മാത്രമേ കാണാൻ കഴിയൂ. ചൈനയിലെ കുട്ടികളുടെ പഠനക്രമത്തിലേക്ക് എഐയും ടെക്നോളജിയും നടത്തിയിരിക്കുന്ന കടന്നുകയറ്റം ഏറെ വേദനയോടുകൂടി നോക്കിക്കണ്ടുകൊണ്ട് എആർ റഹ്മാൻ പങ്കുവച്ച ട്വീറ്റ് ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്.
ചൈനയിലെ ഒരു പ്രൈമറി സ്കൂൾ എഐ ടെക്നോളജിയും സാങ്കേതിക വിദ്യകളും വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവന്ന് എങ്ങനെ ഉപയോഗിക്കുന്നു എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. സാങ്കേതിക വിദ്യ കുട്ടികളിലേക്ക് എത്തിക്കുന്നത് നല്ലകാര്യമാണ്. എന്നാൽ ഇത് അൽപ്പം കടന്നുപോയില്ലേ എന്ന് കാഴ്ചക്കാർക്ക് പോലും തോന്നിപ്പോകുന്ന വിധത്തിലുള്ള ഒരു വീഡിയോ ആണിത്.

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഗാഡ്‌ജെറ്റുകളുടെ സഹായത്തോടെ വിദ്യാർത്ഥികളുടെ സ്കൂൾ വിദ്യഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇതിൽ പ്രൈമറി ക്ലാസിലുള്ള കൊച്ചുകുട്ടികൾ തലയിൽ എഐ പിന്തുണയുള്ള ഒരു ബാൻഡ് ധരിച്ചാണ് ഇരിക്കുന്നത് എന്ന് കാണാം. കുട്ടികൾ ക്ലാസ് ശ്രദ്ധിക്കുന്നുണ്ടോ എന്നത് ഉൾപ്പെടെ അവരുടെ ഓരോ ചലനവും വിലയിരുത്താൻ ഈ ബാൻഡ് ഉപയോഗിക്കുന്നു.
ഇങ്ങനെ ബാൻഡ് ശേഖരിക്കുന്ന വിവരങ്ങൾ കുട്ടികളെ സംബന്ധിച്ച റിപ്പോർട്ടായി ലഭ്യമാകുകയും ചെയ്യും. ഹെഡ്‌ബാൻഡിലെ നീല വെളിച്ചം വിദ്യാർത്ഥി ശ്രദ്ധിക്കുന്നില്ല എന്ന് സൂചിപ്പിക്കുന്നു, വെള്ള എന്നാൽ ഓഫ്‌ലൈനാണ്. കുട്ടികളുടെ പഠന കഴിവുകൾ കാര്യക്ഷമമായി മനസ്സിലാക്കാൻ ഈ റിപ്പോർട്ടുകൾ അധ്യാപകരെയും രക്ഷിതാക്കളെയും അനുവദിക്കും എന്നാണ് അധികൃതർ പറയുന്നത്.
ഓരോ വിദ്യാർഥിയുടെയും എല്ലാ നീക്കങ്ങളും തലയിലെ എഐ ബാൻഡ് ട്രാക്ക് ചെയ്യുന്നു. ശരിക്കും റിമോർട്ട് കൺട്രോൾ നിയന്ത്രണത്തിലുള്ള പാവകളയും ചങ്ങലയിൽ ബന്ധിപ്പിക്കപ്പെട്ട അവസ്ഥയെയുമൊക്കെ അനുസ്മരിപ്പിക്കുന്നതാണ് ഈ എഐ ബാൻഡുകൾ. വെറും പ്രൈമറി ക്ലാസിലുള്ള കുട്ടികളാണ് ഇത്തരത്തിൽ നിരീക്ഷിക്കപ്പെടുകയും സദാ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നത്. ഇത് ഭാവിയിൽ ഗുണം ചെയ്യുമോ ദോഷം ചെയ്യുമോ എന്ന് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.
എഐ ബാൻഡുകൊണ്ട് തീരുന്നില്ല ചൈനയിലെ സ്മാർട്ട് വിദ്യാഭ്യാസം. ഹെഡ്‌ബാൻഡുകൾക്ക് പുറമേ, വിദ്യാർത്ഥികൾ അവരുടെ സ്ഥാനം കണ്ടെത്താൻ കഴിയുന്ന ചിപ്പുകൾ ഘടിപ്പിച്ച യൂണിഫോം ധരിക്കേണ്ടതുണ്ട്. കൂടാതെ സ്കൂളിൽ പ്രവേശിക്കുന്ന മുഴുവൻ വിദ്യാർഥികളും എഐ ക്യാമറ നിരീക്ഷണത്തിൽ ആയിരിക്കും. ആരൊക്കെ എന്തൊക്കെ ചെയ്യുന്നുവെന്നും യൂണിഫോം ധരിച്ചിട്ടുണ്ടോ, അച്ചടക്കം ലംഘിക്കുന്നുണ്ടോ തുടങ്ങി ഓരോ കാര്യവും എഐ നിരീക്ഷിച്ച് വിലയിരുത്തുന്നു.
ഇതു കൂടാതെ കുട്ടികളുടെ ആക്ടിവിറ്റികൾ പരിശോധിക്കാൻ ഒരു എഐ റോബോട്ടും ക്ലാസിലുണ്ട്. കൃത്യമായ രക്ഷാകർതൃ അനുമതിയോടെയാണ് ഈ പരീക്ഷണങ്ങളെല്ലാം നടത്തുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഈ വീഡിയോ പങ്കുവച്ച റഹ്മാൻ പുതുതലമുറയിലെ കുട്ടികളോട് തനിക്ക് സഹതാപം തോന്നുന്നു എന്ന് കുറിച്ചു.

അതോടൊപ്പം ഇത് അനുഗ്രഹമാണോ ശാപമാണോ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. എല്ലാം കാലം തെളിയിക്കും എന്ന് പറഞ്ഞുകൊണ്ടാണ് എആർ റഹ്മാൻ കുറിപ്പ് അവസാനിപ്പിക്കുന്നത്. പ്രതികരണത്തോടൊപ്പം റഹ്മാൻ പങ്കുവച്ച ക്ലാസിന്റെ വീഡിയോ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേർ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തി.
സാങ്കേതിക വിദ്യ വിദ്യാഭ്യാസത്തിന് ഉപയോഗപ്പെടുത്തുന്നത് നല്ലകാര്യമാണെങ്കിലും കൊച്ചുകുട്ടികളെ ചങ്ങലയ്ക്കിട്ടപോലെ വളർത്തിയെടുക്കുന്ന ഈ രീതി അത്ര നല്ലതല്ലെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. സാങ്കേതികവിദ്യ മികച്ചതാണ് എങ്കിലും കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്ന വിധത്തിൽ അത് ദുരുപയോഗം ചെയ്യരുതെന്ന് നിരവധിപേർ ചൂണ്ടിക്കാട്ടി. ഇത് വിദ്യാർഥികളെ നന്നാക്കാനല്ല, മറിച്ച് രക്ഷിതാക്കളുടെ പ്രീതി പിടിച്ചുപറ്റാനാണ് എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്.


Click it and Unblock the Notifications








