ജർമനിയെയും ഫ്രാൻസിനെയും പിന്നിലാക്കി, ഐഫോൺ വിൽപ്പനയിൽ റെക്കോഡിട്ട് ഇന്ത്യ അഞ്ചാം സ്ഥാനത്ത്!
ഐഫോൺ വിൽപ്പനയിൽ പുതിയ റെക്കോഡ് സൃഷ്ടിച്ച്, ആപ്പിളിന്റെ ഏറ്റവും സുപ്രധാന വിപണികളിലൊന്ന് എന്ന സ്ഥാനം ഊട്ടിയുറപ്പിച്ച് ഇന്ത്യ. ജൂണിൽ അവസാനിച്ച രണ്ടാം സാമ്പത്തിക പാദത്തിലെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവുമധികം ഐഫോൺ വിൽക്കുന്ന രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ജർമനിയെയും ഫ്രാൻസിനെയും പിന്തള്ളിയാണ് ഇന്ത്യയുടെ മുന്നേറ്റം.
യുഎസ്, ചൈന, ജപ്പാൻ, യുകെ എന്നിവയാണ് ഐഫോൺ വിൽപ്പനയിൽ ആദ്യ അഞ്ചിലുള്ള മറ്റ് രാജ്യങ്ങൾ. 2023 ലെ രണ്ടാം പാദത്തിൽ ഐഫോൺ വിൽപ്പനയുടെ ഏകദേശം 4 ശതമാനം സംഭാവന ചെയ്താണ് ഇന്ത്യ ആപ്പിളിന്റെ അഞ്ചാമത്തെ വലിയ ഐഫോൺ വിപണിയായി മാറിയത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റിനെ ഉദ്ധരിച്ചി സിഎൻബിസി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആപ്പിൾ ഇന്ത്യയിൽ വിറ്റഴിച്ച ഐഫോൺ യൂണിറ്റുകളുടെ കൃത്യമായ എണ്ണം ഗവേഷണ സ്ഥാപനം വെളിപ്പെടുത്തിയിട്ടില്ല, എങ്കിലും ഐഫോൺ നിർമാതാവായ ആപ്പിൾ വർഷം തോറും 50 ശതമാനം വളർച്ച കൈവരിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിൽപ്പനയിലും ആപ്പിളിന്റെ വിപണി വിഹിതം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ആപ്പിളിന്റെ വിഹിതം 3.4 ശതമാനത്തിൽ നിന്ന് 5.1 ശതമാനമായി ഉയർന്നതായി കൗണ്ടർപോയിന്റിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ആപ്പിൾ നടത്തുന്ന നീക്കങ്ങൾ ശരിയായ ദിശയിലാണ് മുന്നേറുന്നത് എന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യ കേന്ദ്രീകരിച്ച് ആപ്പിൾ ഉൽപ്പന്നങ്ങളുടെ നിർമാണം, കയറ്റുമതി, വിൽപ്പന എന്നിവയുൾപ്പെടെ വർധിപ്പിക്കാൻ കഴിഞ്ഞ കുറച്ച് നാളുകളായി ആപ്പിൾ ശ്രമിക്കുന്നുണ്ട്. ഇതാദ്യമായി ആപ്പിൾ ഇന്ത്യയിൽ റീട്ടെയിൽ സ്റ്റോർ ആരംഭിച്ചത് ഈ വർഷം ഏപ്രിലിൽ ആയിരുന്നു. ആപ്പിൾ- ഇന്ത്യ ബന്ധത്തിലെ നാഴികക്കല്ലാകുന്ന ഒരു നീക്കമായിരുന്നു ആപ്പിൾ സ്റ്റോറുകളുടെ വരവ്.
ഇന്ത്യയിലെ ആപ്പിളിന്റെ ആദ്യ സ്റ്റോർ ഏപ്രിൽ 18ന് മുംബൈയിലും രണ്ടാമത്തെ സ്റ്റോർ ഏപ്രിൽ 20 ന് ഡൽഹി സാകേതിലും ആരംഭിച്ചു. ആപ്പിൾ സിഇഒ ടിം കുക്ക് നേരിട്ടെത്തിയായിരുന്നു ഈ സ്റ്റോറുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. പ്രവർത്തനം ആരംഭിച്ച് രണ്ട് മാസത്തിനിപ്പുറം പുറത്തുവന്ന ഇന്ത്യയിലെ ആപ്പിൾ റീട്ടെയിൽ സ്റ്റോറുകളുടെ വരുമാന കണക്ക് ആപ്പിളിനെ ഉൾപ്പെടെ ഞെട്ടിച്ചിരുന്നു.
ആപ്പിൾ സ്റ്റോറുകളിലെ റെക്കോഡ് വരുമാനം സംബന്ധിച്ച് ടിം കുക്ക് ഉൾപ്പെടെ പ്രതികരണങ്ങൾ നടത്തിയിരുന്നു. ഇന്ത്യൻ ഉപയോക്താക്കളുടെ ആവേശം താൻ നേരിൽ കണ്ടതാണ് എന്ന് ടിം കുക്ക് പറഞ്ഞു. "വിപണിയിലെ ചലനാത്മകത, ചടുലത അവിശ്വസനീയമാണ്. കാലക്രമേണ, കൂടുതൽ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി ഞങ്ങൾ അവിടെ ഞങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു" എന്നും ടിം കുക്ക് പറഞ്ഞിരുന്നു.
ഇന്ത്യൻ വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിനായി 2025ൽ രണ്ട് റീട്ടെയിൽ സ്റ്റോറുകൾകൂടി ആപ്പിൾ ഇന്ത്യയിൽ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. ''ആപ്പിളിന്റെ അഞ്ച് വർഷത്തെ വരുമാനത്തിന്റെ പ്രധാന ചാലകശക്തി ഇന്ത്യയായിരിക്കും'' എന്ന് മോർഗൻ സ്റ്റാൻലി അനലിസ്റ്റുകൾ ഏതാനും ദിവസം മുൻപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഐഫോൺ വിൽപ്പനയിൽ റെക്കോഡിട്ട് ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച വാർത്ത എത്തിയിരിക്കുന്നത്.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആപ്പിളിന്റെ മൊത്തത്തിലുള്ള വരുമാനത്തിന്റെ 15 ശതമാനം ഇന്ത്യയിൽനിന്ന് ആയിരിക്കുമെന്ന് വിശകലന വിദഗ്ധർ പ്രവചിക്കുന്നു. വിൽപ്പന വർധിപ്പിക്കുന്നതിന് പുറമേ, ഇന്ത്യയിലെ ഐഫോൺ ഉൽപ്പാദന ശേഷി വർധിപ്പിക്കാനും ആപ്പിൾ നീക്കം നടത്തുന്നുണ്ട്. 2023-ൽ 7 ശതമാനമാണ് ഇന്ത്യയിലെ ഐഫോൺ ഉൽപ്പാദന ശേഷി. 2025ൽ ഇത് 18 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്.

ഐഫോൺ നിർമാണം ചൈനയിൽ നിന്ന് പുറത്തേക്ക് വ്യാപിപ്പിക്കാനാണ് ആപ്പിൾ കഴിഞ്ഞ കുറച്ചുനാളുകളായി ശ്രമിച്ചുവരുന്നത്. കോവിഡ് കാലത്ത് ഉൾപ്പെടെ നേരിട്ട തിരിച്ചടികൾ കണക്കിലെടുത്താണ് ഇത്തരമൊരു നീക്കം ശക്തമാക്കിയത്. ചൈനയ്ക്ക് ബദലായി ആപ്പിൾ പ്രതീക്ഷവയ്ക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയിലെ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്തി മുന്നോട്ട് പോകാമെന്ന് ആപ്പിൾ കണക്കുകൂട്ടുന്നു. ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ വിപണികളിലൊന്നാണ് ഇന്ത്യ.
ആപ്പിളിന്റെ മൂന്ന് കരാർ കമ്പനികൾ നിലവിൽ ഇന്ത്യയിൽ ഐഫോൺ നിർമാണം നടത്തുന്നുണ്ട്. ഇതിൽ ഒരു പ്രധാന കമ്പനിയായ വിസ്ട്രോണിനെ ടാറ്റ ഏറ്റെടുക്കാൻ പോകുകയാണ്. വിസ്ട്രോൺ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ ടാറ്റ ആ സ്ഥാനം ഏറ്റെടുക്കുകയും ഇന്ത്യയിൽ ഐഫോണുകൾ നിർമിച്ച് തുടങ്ങുകയും ചെയ്യും.ഐഫോൺ നിർമിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനി എന്ന നേട്ടമാണ് ടാറ്റയെ കാത്തിരിക്കുന്നത്.


Click it and Unblock the Notifications








