പ്രതിരോധ മന്ത്രാലയം മൈക്രോസോഫ്ട് ഒഎസ് ഉപേക്ഷിക്കുന്നു; ഇന്ത്യക്ക് ഇനി എല്ലാം 'മായ', കാവലായി ചക്രവ്യൂഹ്!
സൈബർ ആക്രമണങ്ങളും മാൽവെയർ ആക്രമണങ്ങളും പൗരന്മാർക്കും സ്ഥാപനങ്ങൾക്കും മാത്രമല്ല, സർക്കാർ സംവിധാനങ്ങൾക്കും വൻ ഭീഷണിയായിത്തീർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാനായി ഇന്ത്യൻ പ്രതിരോധ മന്ത്രാലയം കൂടുതൽ സുരക്ഷിതമായ ഓപ്പറേറ്റിങ് സിസ്റ്റം (ഒഎസ്) ഉപയോഗിക്കാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി മൈക്രോസോഫ്ട് ഒഎസ് ഉപേക്ഷിക്കുമെന്നാണ് സൂചന.
രാജ്യത്തുടനീളം സൈബർ ആക്രമണങ്ങളും മാൽവെയർ ആക്രമണങ്ങളും വർധിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ പ്രതിരോധ മന്താലയത്തിന് കീഴിലുള്ള സൈനിക ആവശ്യങ്ങൾക്ക് മൈക്രോസോഫ്ട് ഒഎസ് ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുന്നത് എന്നാണ് വിവരം. മൈക്രോ സോഫ്ടിന് പകരമായി 'മായ' എന്ന ഒഎസ് ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മായ ഒഎസിനൊപ്പം "ചക്രവ്യൂഹ്" എൻഡ്-പോയിന്റ് ആന്റി-മാൽവെയറും ആന്റിവൈറസും ഇൻസ്റ്റാൾ ചെയ്യാനും സർക്കാർ തീരുമാനിച്ചു എന്നാണ് വിവരം. എന്നാൽ ഇക്കാര്യങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഇന്റർനെറ്റ് ആക്സസ് ഉള്ള സിസ്റ്റങ്ങളിലാണ് മായ ഒഎസ് ഇൻസ്റ്റാൾ ചെയ്യുക.
ഏറെ വിശാലവും സങ്കീർണ്ണവുമാണ് ഇന്ത്യൻ പ്രതിരോധ ശൃംഖല. പ്രധാന പദവികൾ വഹിക്കുന്ന പ്രതിരോധ ഉദ്യോഗസ്ഥരുടെ കൈയിലുള്ള ഭൂരിഭാഗം കമ്പ്യൂട്ടറുകളും സുരക്ഷ കണക്കിലെടുത്ത് ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടില്ല. എന്നാൽ, ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള നൂറുകണക്കിന് സിസ്റ്റങ്ങളും പ്രതിരോധ മന്ത്രാലയത്തിന് ഉണ്ട്. ഇവയിൽ ആണ് മായ ഒഎസ് ഉപയോഗിക്കുക.
ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രതിരോധ വകുപ്പിന്റെ കമ്പ്യൂട്ടർ ശൃംഖലയിൽ നുഴഞ്ഞുകയറാനും നിർണായകവും തന്ത്രപ്രധാനവുമായ വിവരങ്ങൾ ചോർത്താനും അഡ്വാൻസ്ഡ് പെർസിസ്റ്റന്റ് ത്രെറ്റ് (എടിപി) ഗ്രൂപ്പുകൾ നിരന്തരം ശ്രമിക്കുന്നുണ്ട്. ഇതോടൊപ്പം മാൽവെയർ ആക്രമണങ്ങളും കടുത്ത ഭീഷണി ഉയർത്തുന്നു. ഇതിനെതിരേ സുരക്ഷിതമായ പ്രതിരോധം ഒരുക്കുന്നതിന്റെ ഭാഗമായാണ് മായ ഒഎസ് പരീക്ഷിക്കുന്നത്.
ഉബുണ്ടു ഒഎസ് അടിസ്ഥാനമാക്കി തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് മായ. "മായയ്ക്ക് ഇന്റർഫേസും വിൻഡോസ് പോലുള്ള എല്ലാ പ്രവർത്തനങ്ങളും ഉണ്ട്, അതിലേക്ക് മാറുമ്പോൾ ഉപയോക്താക്കൾക്ക് വലിയ വ്യത്യാസം അനുഭവപ്പെടില്ല. സൗത്ത് ബ്ലോക്കിലെ ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ കമ്പ്യൂട്ടറുകളിലും ഓഗസ്റ്റ് 15-ന് മുമ്പ് മായ ഇൻസ്റ്റാൾ ചെയ്യാനാണ് നിർദ്ദേശം, " എന്ന് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു.
മായയോടൊപ്പം, ഈ സിസ്റ്റങ്ങളിൽ 'എൻഡ് പോയിന്റ് ഡിറ്റക്ഷൻ ആൻഡ് പ്രൊട്ടക്ഷൻ സിസ്റ്റം'ആയ ചക്രവ്യൂഹവും ഇൻസ്റ്റാൾ ചെയ്യുന്നുണ്ട്. ആദ്യ ഘട്ടമെന്ന നിലയിൽ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള ചില സിസ്റ്റങ്ങളിൽ മാത്രമാണ് മായ ഉപയോഗിക്കുക. കര- വ്യോമ- നാവിക സേനകൾ ഈ ഒഎസ് ഉപയോഗിക്കുന്നതിനെപ്പറ്റി വിലയിരുത്തലുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

മൂന്ന് സേനങ്ങളും ഇത് പരിശോധിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ തങ്ങളുടെ നെറ്റ്‌വർക്കുകളിലും ഇത് സ്വീകരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നാവിക സേന ഇതിനകം തന്നെ പരിശോധന പൂർത്തിയാക്കിയതായാണ് വിവരം. വിൻഡോസ് ഒഎസിന് പകരം ഇന്ത്യയുടെ സ്വന്തം ഒഎസ് സ്ഥാപിക്കാനുള്ള നീക്കം മുൻപും നടന്നിട്ടുണ്ട്. എന്നാലും ഉപയോഗിക്കാനുള്ള എളുപ്പം മൂലം വിൻഡോസ് പ്രധാന ഒഎസ് ആയി തുടരുകയാണ്.
ലളിതം, പരിചിതം, വിവിധ ആപ്ലിക്കേഷനുകളുടെ വ്യാപകമായ പിന്തുണ എന്നിവയൊക്കെയാണ് മിക്ക പിസികളിലെയും പ്രധാന ഒഎസ് ആയി വിൻഡോസ് തുടരാനുള്ള പ്രധാന കാരണങ്ങൾ. വെറും ആറ് മാസം കൊണ്ടാണ് മായ ഒഎസ് വികസിപ്പിച്ചിരിക്കുന്നത്. മായ വിജയമായാൽ കൂടുതൽ സിസ്റ്റങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
സൈബർ തട്ടിപ്പുകളുടെ വിളനിലമാണ് ഇന്ത്യ. കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്ത് സൈബർ ആക്രമണങ്ങൾ വൻ തോതിൽ വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സുരക്ഷാ നടപടികൾ ഊട്ടിയുറപ്പിക്കാനുള്ള സർക്കാർ നടപടികളുടെ ഭാഗമാണ് മായയും ഒപ്പമെത്തുന്ന ചക്രവ്യൂഹും. രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് സുരക്ഷിതമായ കമ്പ്യൂട്ടർ ശൃഖല സംഭാവന ചെയ്യാൻ ഇവയ്ക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.


Click it and Unblock the Notifications








