അങ്ങനെയങ്ങ് പോവാൻ വരട്ടെ, പുതിയ സിം കാർഡ് എടുക്കാൻ ഇതെല്ലാം ഇനി വേണം
മൊബൈൽ ഫോൺ കാലം വന്നതിൽ പിന്നെ അവിഭാജ്യഘടകമാണ് സിം കാർഡ്. രണ്ട് സിം കാർഡുകൾ ഉപയോഗിക്കാൻ കഴിയുന്ന ഫോണുകളുടെ കടന്നുവരവോടെയാണ് സിം കാർഡുകൾക്ക് ആവശ്യക്കാർ ഏറിവന്നത്. ആദ്യ കാലത്ത് സർക്കാർ അംഗീകൃത ഐഡി കാർഡുണ്ടെങ്കിൽ തന്നെ ഒരാൾക്ക് സിം കാർഡ് ലഭിക്കുമായിരുന്നു. അതായത് 18 വയസ്സ് പൂർത്തിയായ ഒരാൾക്ക് തന്റെ എസ്എസ്എൽസി സർട്ടിഫിക്കറ്റിന്റെ കോപ്പി ഉപയോഗിച്ച് തന്നെ സിം കാർഡ് എടുക്കാമായിരുന്നു. പക്ഷെ അതിന്റെയൊക്കെ ബാക്കപത്രമായി തട്ടിപ്പുകളും വർധിച്ചു. അതോടെ നിയമങ്ങളും സർക്കാർ കടുപ്പിച്ചു. ഇപ്പോഴിതാ ആധാർ കാർഡുപയോഗിച്ച് മാത്രമേ സിം കാർഡ് അനുവദിക്കാൻ പാടുള്ളൂ എന്നുള്ള നിയമം കൂടി പ്രാബല്യത്തിലായിരിക്കുകയാണ്.
ആധാർ കാർഡ് മാത്രം നൽകിയാൽ മതിയാവില്ല, ബയോമെട്രിക് പരിശോധന കൂടി ആവശ്യമായി വന്നിട്ടുണ്ട്. ഒരാളുടെ പേരിൽ മറ്റൊരാൾക്ക് ഇനി മൊബൈൽ കണക്ഷൻ എടുക്കാൻ കഴിയില്ലെന്ന് സാരം. പുതിയ മൊബൈൽ കണക്ഷൻ എടുക്കാൻ ബയോമെട്രിക് പരിശോധന പൂർത്തിയക്കണം. വോട്ടർ ഐഡി, പാസ്‌പോർട്ട് അല്ലെങ്കിൽ സർക്കാർ നൽകിയ മറ്റ് രേഖകൾ നൽകുന്നതിനുപകരം ആധാർ കാർഡുകളാണ് ഇനി ആവശ്യമായി വരിക.

വ്യാജ രേഖകൾ വഴി ലഭിക്കുന്ന സിം കാർഡുകളുടെ ദുരുപയോഗം തടയുന്നതിനും തട്ടിപ്പ് തടയുന്നതിനുമാണ് ഈ നീക്കം. അനധികൃത മൊബൈൽ കണക്ഷനുകളുമായി ബന്ധപ്പെട്ട സൈബർ കുറ്റകൃത്യങ്ങളും സാമ്പത്തിക തട്ടിപ്പും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടികൾ കർശനമാക്കിയത്. കൂടാതെ ഒന്നിലധികം സിം കാർഡുകൾ ഇപയോഗിക്കുന്നവരെ നിരീക്ഷിക്കാനും സർക്കാർ നീക്കമുണ്ട്.
ഒന്നിലധികം കണക്ഷനുകൾ ലഭിക്കുന്നതിന് വ്യത്യസ്ത ഐഡന്റിറ്റികൾ ഉപയോഗിക്കുന്നത് തടയാനും കൂടെയാണ് ഈ തീരുമാനം. ഒരു വ്യക്തിയുടെ പേരിൽ എത്ര സിം കാർഡുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിയാൻ ഒരു കേന്ദ്രീകൃത സംവിധാനത്തിലൂടെ ഇപ്പോൾ ട്രാക്ക് ചെയ്യും. കൂടാതെ ബയോമെട്രിക് പരിശോധനാ പ്രക്രിയ പൂർത്തിയാക്കാതെ സിം കാർഡുകൾ വിൽക്കുന്നതിൽ നിന്ന് ടെലികോം റീട്ടെയിലർമാരെ വിലക്കിയിട്ടുണ്ട്.

ഈ നിയമം ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. ബയോമെട്രിക് പരിശോധനയിൽ സംശയം തോന്നിയാൽ പത്ത് വ്യത്യസ്ത ഫോട്ടോകൾ നൽകേണ്ടി വരും. പത്ത് ഫോട്ടോകളും പത്ത് രീതിയിൽ എടുത്തവ ആയിരിക്കണം. തട്ടിപ്പ് തടയാനാണിത്. വ്യാജ രേഖകൾ ഉപയോഗിച്ച് മൊബൈൽ കണക്ഷൻ എടുക്കുന്നത് തടയാനാണിത്.
വ്യാജ സിം കാർഡുകളുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകളും സൈബർ കുറ്റകൃത്യങ്ങളും വർദ്ധിച്ചതായി കണ്ടെത്തിയ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) നടത്തിയ അവലോകനത്തെ തുടർന്നാണ് സിം രജിസ്‌ട്രേഷൻ നിയമങ്ങൾ കർശനമാക്കാൻ തീരുമാനിച്ചത്. ഒന്നിലധികം സിം കാർഡുകൾ ഒറ്റ ഉപകരണങ്ങളിൽ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും അധികൃതർ കണ്ടെത്തിയിരുന്നു.

മൊബൈൽ സംബന്ധമായ തട്ടിപ്പുകൾ കുറയ്ക്കുന്നതിനും ഇന്ത്യയിൽ സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ.
അതേ സമയം സാങ്കേതിക വിദ്യയിലെ മാറ്റത്തിനൊപ്പം ഹാക്കർമാരുടെ രീതികളിലും മാറ്റം വന്നിട്ടുണ്ട്. ഉപഭോക്താവിന്റെ ഡാറ്റയും പണവും കൈക്കലാക്കാൻ ഹാക്കർമാർ ഇ-സിം പ്രൊഫൈലുകൾ ഉപയോഗിക്കുന്നുണ്ട്.
ഹാക്കിങിനെക്കാൾ കുറച്ച് കൂടി എളുപ്പത്തിൽ ചെയ്യാവുന്ന തട്ടിപ്പാണ് സിം സ്വാപ്പിങ് സ്‌കാം. ഏറ്റവും സിമ്പിളായി പറഞ്ഞാൽ നിങ്ങളുടെ സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് സമ്പാദിച്ച് തട്ടിപ്പിന് ഉപയോഗിക്കുന്ന രീതിയാണ് സിം സ്വാപ്പിങ്. തട്ടിപ്പുകാർ നിങ്ങളുടെ സിം കാർഡിന്റെ തന്നെ ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതാണ് സിം സ്വാപ്പിങ് രീതി.


Click it and Unblock the Notifications








