ഇന്ത്യ- പാക് സംഘർഷം: ഡൽഹിയിലെ ഗാലക്സി S25 എഡ്ജ് ലോഞ്ച് ഇവന്റ് സാംസങ് ക്യാൻസൽ ചെയ്തു
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ-പാക് സംഘർഷം വർധിച്ച സാഹചര്യത്തിൽ മെയ് 13 ന് ന്യൂഡൽഹിയിൽ നടക്കാനിരുന്ന ഗാലക്‌സി എസ് 25 എഡ്ജ് ഗ്ലോബൽ ലോഞ്ച് ഇവന്റ് റദ്ദാക്കിയതായി സാംസങ്. ഈ ലോഞ്ച് ഇവന്റിലേക്ക് ഞങ്ങൾക്കും ക്ഷണം ഉണ്ടായിരുന്നു. അതിനാൽത്തന്നെ ഇവന്റ് ക്യാൻസൽ ചെയ്ത വിവരം നേരിട്ട് തന്നെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ലോഞ്ച് ഇവന്റ് ക്യാൻസൽ ചെയ്തെങ്കിലും ഇന്ത്യയിൽ ഈ മോഡൽ ഇറങ്ങുന്നതിൽ തടസമുണ്ടാകില്ല. സാംസങ്ങിന്റെ ഏറ്റവും പ്രീമിയം സ്മാർട്ട്ഫോൺ സീരീസായ ഗാലക്സി എസ് സീരീസിലേക്ക് പുതിയതായി കടന്നുവരുന്ന മോഡലാണ് സാംസങ് ഗാലക്സി എസ്25 എഡ്ജ് (Samsung Galaxy S25 Edge).
എസ് സീരീസിലെ സ്ലിം മോഡൽ എന്ന നിലയിൽ ആണ് സാംസങ് ഗാലക്സി എസ്25 എഡ്ജ് അവതരിപ്പിക്കുന്നത്. മേയ് 13ന് ആഗോള തലത്തിലും ഇന്ത്യയിലും ഈ മോഡൽ ലോഞ്ച് ചെയ്യുമെന്ന് കഴിഞ്ഞ ദിവസമാണ് സാംസങ് സ്ഥിരീകരിച്ചത്. ഇതനുസരിച്ച് ക്ഷണ പത്രങ്ങളും ഇറക്കിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഡൽഹിയിലെ ലോഞ്ച് വേണ്ടെന്ന് വയ്ക്കുകയാണ്.

അതേസമയം ആഗോള തലത്തിൽ മുൻ നിശ്ചയിച്ചതുപോലെ തന്നെ സാംസങ് ഗാലക്സി എസ്25 എഡ്ജ് ലോഞ്ച് ചെയ്യും. ലോഞ്ച് ഇവന്റ് എന്ന നിലയിൽ പരിപാടി ഇല്ലെങ്കിലും ഇന്ത്യയിൽ ഈ ഫോൺ വിൽപ്പനയ്ക്ക് എത്തും. അതേസമയം ലോഞ്ച് ഇവന്റ് ഇന്ത്യയിൽ വെർച്വൽ ഫോർമാറ്റുകളിലേക്ക് പുനഃക്രമീകരിക്കുകയോ മാറ്റുകയോ ചെയ്യുന്ന കാര്യത്തിൽ ആഗോള ആസ്ഥാനത്ത് നിന്നുള്ള മാർഗ്ഗനിർദ്ദേശത്തിനായി കാത്തിരിക്കുകയാണെന്ന് സാംസങ് എക്സിക്യൂട്ടീവുകൾ പറഞ്ഞു.
സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് എന്നും സാംസങ് അറിയിച്ചു. ഈ മാസം ഇന്ത്യയിൽ നിരവധി സ്മാർട്ട്ഫോണുകളാണ് ലോഞ്ച് ചെയ്യാനുള്ളത്. ഇന്ത്യ- പാക് സംഘർഷം കൂടുതൽ രൂക്ഷമായാൽ മറ്റ് സ്മാർട്ട്ഫോൺ ബ്രാൻഡുകളും സാംസങ്ങിന്റെ പാത പിന്തുടർന്നേക്കും. ഐക്യൂ നിയോ 10 മേയ് 26ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഇരിക്കുകയാണ്.
സാംസങ് ഗാലക്സി എസ്25 എഡ്ജിന്റെ കാര്യത്തിലേക്ക് വന്നാൽ, ഗാലക്സി എസ് സീരീസിൽ എസ്25 പ്ലസ് മോഡലിനും ഏറ്റവും ഉയർന്ന മോഡലായ എസ്25 അൾട്രയ്ക്കും ഇടയിലായിട്ടായിരിക്കും എസ്25 എഡ്ജിന്റെ സ്ഥാനം. ഇതിന്റെ 256GB വേരിയന്റ് 1,249 യൂറോ (ഏകദേശം 1,17,680 രൂപ) പ്രാരംഭ വിലയിലാകും എത്തുക എന്ന് പറയപ്പെടുന്നു.
സാംസങ് ഗാലക്സി എസ്25 എഡ്ജിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ: എസ് സീരീസിലെ മറ്റ് മോഡലുകളെപ്പോലെ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് തന്നെയാകും ഇതിലും ഉണ്ടാകുക. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2400 x 1080 പിക്‌സൽ) FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ ഇതിൽ ഉണ്ടാകുമെന്നും അതിന് 2,600 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ് ഉണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.
വെറും 5.83mm മാത്രമാണ് ഈ ഫോണിന്റെ കട്ടി എന്നാണ് സൂചന. S25-ലേതിന് സമാനമായി 25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 3900mAh ബാറ്ററിയാണ് ഈ എസ്25 എഡ്ജിൽ ഉള്ളത്. ഇതിലെ പ്രൈമറി ക്യാമറ 200MP ലെൻസാണെന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാമത്തേത് 12MP അൾട്രാ വൈഡ് ക്യാമറ ആണെന്നാണ് സൂചന. ഫ്രണ്ടിൽ 12MP ക്യാമറയാകും ഉണ്ടാകുക എന്ന് 91മൊബൈൽസിന്റെ റിപ്പോർട്ട് പറയുന്നു.
256GB / 512GB UFS 4.0 സ്റ്റോറേജ് ഓപ്ഷനുകളും 12GB റാമും ഇതിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ടൈറ്റാനിയം അലോയ് ഫ്രെയിം, മുൻവശത്ത് ഗൊറില്ല ഗ്ലാസ് സെറാമിക് 2, പിന്നിൽ ഗൊറില്ല ഗ്ലാസ് വിക്ടസ് 2 എന്നിവയാൽ കവചിതമായാണ് ഗാലക്സി എസ്25 എഡ്ജ് എത്തുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. കൂടുതൽ ഡീറ്റെയിൽസ് വരും ദിവസങ്ങളിൽ വ്യക്തമാകും.


Click it and Unblock the Notifications