ചൈനയെ പൂട്ടാൻ ഇന്ത്യ: അതിർത്തിയിലെ 1000-ൽ അധികം ഔട്ട്പോസ്റ്റുകളിൽ 4ജി കണ്ക്ടിവിറ്റി എത്തുന്നു
ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലയിലുൾപ്പെടെ അതിർത്തിയിലെ 1000 ൽ അധികം ഔട്ട്‌പോസ്റ്റുകളിലും ഇന്റലിജൻസ് പോസ്റ്റുകളിലും ഇന്ത്യ 4ജി കണക്ടിവിറ്റി എത്തിക്കുന്നു. അതിർത്തി പ്രദേശങ്ങളിലെ ടെലിക്കോം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 2000 കോടി രൂപയുടെ പദ്ധതിക്ക് അന്തിമരൂപം നൽകാൻ ഇന്ത്യൻ സർക്കാർ തയാറെടുക്കുന്നതായി റിപ്പോർട്ട്.
എക്ണോമിക്സ് ടൈസം റിപ്പോർട്ട് അനുസരിച്ച്, അർദ്ധസൈനികരുടെ ഔട്ട്‌പോസ്റ്റുകളിൽ 4ജി ടവറുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശം അവസാന ഘട്ട ചർച്ചയിലൂടെ കടന്നുപോകുകയാണ്. അന്തിമ അംഗീകാരത്തിനായി ഉടൻ തന്നെ പദ്ധതി കേന്ദ്ര മന്ത്രിസഭയുടെ മുന്നിലേക്ക് എത്തുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. അതിർത്തി പ്രദേശങ്ങളിൽ ടെലിക്കോം കണക്ടിവിറ്റി ശക്തിപ്പെടുത്തിയാൽ, ഇന്ത്യൻ സൈനികർക്ക് അത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.

2020-ലെ ഗൽവാൻ ഏറ്റുമുട്ടലിനുശേഷം സിക്കിം, ലക്കാഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ സമീപകാലത്ത് നിരവധി പുതിയ അതിർത്തി ഔട്ട്‌പോസ്റ്റുകൾ കേന്ദ്രം സ്ഥാപിച്ചിരുന്നു. ഇതേ രീതിയിൽ വളരെപ്പെട്ടെന്ന് ഇവിടങ്ങളിലേക്ക് മികച്ച ടെലിക്കോം കണക്ടിവിറ്റിയും എത്രയും വേഗം എത്തിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനകം തന്നെ ചൈന അതിർത്തിയിലുള്ള തങ്ങളുടെ സൈനികർക്ക് ശക്തമായ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഉറപ്പാക്കിയിട്ടുണ്ട്.
ചൈന ഉയർത്തുന്ന സുരക്ഷാ ഭീഷണികൾ മറികടക്കാൻ ഇന്ത്യ സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുന്നതിന്റെ ഭാഗമായിക്കൂടിയാണ് അതിർത്തി ഔട്ട്പോസ്റ്റുകളിലെ ടെലിക്കോം കണക്ടിവിറ്റി ശക്തമാക്കുന്നത്. സായുധ സേനയുടെ അനുമതി ആവശ്യമായിരുന്നതിനാൽ 2022 ഓഗസ്റ്റ് വരെ, അതിർത്തിയുടെ 10 കിലോമീറ്ററിനുള്ളിൽ ടെലിക്കോം സൗകര്യങ്ങൾ സജ്ജീകരിക്കുന്നത് തടയപ്പെട്ടിരുന്നു.
എന്നാൽ അതിർത്തി പ്രദേശത്തിന് സമീപമുള്ള ഇന്ത്യക്കാർക്ക് മാന്യമായ കണക്റ്റിവിറ്റി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ടെലിക്കോം സജ്ജീകരണങ്ങൾ സ്ഥാപിക്കുന്നതിനുള്ള നിയമങ്ങൾ 2022-ൽ പരിഷ്‌ക്കരിച്ചു. ഇതോടെയാണ് സൈനിക ഔട്ട്പോസ്റ്റുകളിൽ ഉൾപ്പെടെ 4ജി കണക്ടിവിറ്റി എത്തിക്കാനുള്ള പദ്ധതികൾ ആലോചിച്ച് തുടങ്ങിയത്. എതാണ്ട് 2000 കോടിയോളം രൂപയുടെ ടെലിക്കോം പദ്ധതിയാണ് ഇപ്പോൾ പരിഗണനയിലുള്ളത്.

2022-ൽ, ഏകീകൃത ലൈസൻസ് കരാറിൽ ഒരു ഭേദഗതി വരുത്തി, അതിർത്തിയിൽ നിന്ന് ഏകദേശം 500 മീറ്റർ വരെ മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ അനുവദിച്ചിരുന്നു. മെച്ചപ്പെട്ട ടെലിക്കോം കണക്റ്റിവിറ്റി സേവനങ്ങൾക്കായി തദ്ദേശവാസികൾ വിദേശ ടെലിക്കോം ഓപ്പറേറ്റർമാരുടെ സിം കാർഡുകൾ തിരഞ്ഞെടുക്കുന്ന സാഹചര്യം അതിർത്തികളിൽ നിലവിലുണ്ടായിരുന്നു.
അർദ്ധസൈനികർ പോലും അതിർത്തി പ്രദേശങ്ങളിൽ സാറ്റലൈറ്റ് ഫോണുകൾ ഉപയോഗിക്കേണ്ട സ്ഥിതിയാണ് ഉണ്ടായിരുന്നത്. പ്രദേശവാസികൾ ഉൾപ്പെടെ വിദേശ കമ്പനികളുടെ സിം ഉപയോഗിക്കുന്നതിലെ സുരക്ഷാവീഴ്ചയും മെച്ചപ്പെട്ട കണക്റ്റിവിറ്റി സേവനങ്ങളുടെ ആവശ്യകതയും അതിർത്തിയിലെ ടെലിക്കോം സേവനങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ട സാഹചര്യം സൃഷ്ടിച്ചു. അതിർത്തിയിലെ ചൈനയുടെ സജ്ജീകരണങ്ങൾ കൂടി ആയപ്പോൾ ഇന്ത്യ മാറ്റത്തിന് തയാറാകുകയായിരുന്നു.
അതിർത്തി പ്രദേശങ്ങളിൽ 4ജി കണക്ടിവിറ്റി എത്തുന്നത് പ്രദേശത്തെ സൈനികർക്ക് ശക്തമായ കണക്റ്റിവിറ്റി സേവനങ്ങൾ ലഭിക്കാൻ സഹായിക്കും. കൂടാതെ അടിസ്ഥാന കോളിങ്ങിനും ഡാറ്റ സേവനങ്ങൾക്കും തദ്ദേശവാസികൾക്ക് വിദേശ ടെലിക്കോം ഓപ്പറേറ്റർമാരെ ആശ്രയിക്കേണ്ടി വരികയുമില്ല. അതിനാൽത്തന്നെ പദ്ധതി എത്രയും വേഗം നടപ്പാക്കാനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നത്. എന്നാൽ സുരക്ഷ ഉറപ്പാക്കിക്കൊണ്ടായിരിക്കും അതിർത്തിയിലെ 4ജി വിന്യാസം.

ഇന്ത്യൻ ഭാഗത്തേക്കു കടന്നുകയറി ഗൽവാനിലെ പട്രോൾ പോയിന്റ് 14ൽ ചൈന സ്ഥാപിച്ച ടെന്റ് നീക്കം ചെയ്യുകയും ചൈനീസ് സൈനികരെ അതിർത്തിക്കപ്പുറത്തേക്ക് തുരത്തുകയും ചെയ്യുന്നതിനിടെ 2020 ജൂൺ 15നു രാത്രി ഉണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരചരമം അടഞ്ഞിരുന്നു. ഇന്തൽ അന്ന് ശക്തമായ തിരിച്ചടിയാണ് നടത്തിയത്.
ഇന്ത്യൻ പ്രത്യാക്രമണത്തിൽ എത്ര സൈനികർ കൊല്ലപ്പെട്ടെന്ന് വെളിപ്പെടുത്താൻ ആദ്യം ചൈന തയാറായിരുന്നില്ല. പിന്നീട് ചൈനീസ് ഭാഗത്ത് കനത്ത നാശം ഉണ്ടായെന്ന റിപ്പോർട്ടുകൾക്കിടെ, തങ്ങളുടെ 4 സൈനികർ മാത്രമാണ് മരിച്ചത് എന്ന് ചൈന വെളിപ്പെടുത്തി. എന്നാൽ 45ൽ ഏറെ ചൈനീസ് സൈനികർ ഇന്ത്യൻ തിരിച്ചടിയിൽ കൊല്ലപ്പെട്ടു എന്നാണ് രാജ്യാന്തര തലത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നത്.
അതിനുശേഷവും കിഴക്കൻ ലഡാക്കിലെ സൈനിക ബലം കൂട്ടാനുള്ള നീക്കങ്ങളുമായി ചൈന സജീവമായി രംഗത്തുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയും കൂടുതൽ സൈനിക പോസ്റ്റുകൾ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കിയിരുന്നു. ചൈനീസ് ഭീഷണി നിലനിൽക്കുന്ന അതിർത്തിയിൽ ടെലിക്കോം കണക്ടിവിറ്റി വർധിപ്പിക്കുന്നത് സൈനികർക്കും ഏറെ ഗുണം ചെയ്യും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications








