ഫോൺ തട്ടിപ്പുകൾ കൂടുന്നു; രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ നാലാമത്
ഫോൺ കോൾ തട്ടിപ്പുകളുടെയും സ്പാമിങ്ങിന്റെയും കാര്യത്തിൽ ഇന്ത്യ നാലാം സ്ഥാനത്തേക്കുയർന്നു. ട്രൂകോളർ പുറത്ത് വിട്ട വാർഷിക സ്പാം റിപ്പോർട്ടിന്റെ അഞ്ചാം എഡിഷനിലാണ് ഇന്ത്യ ഇപ്പോൾ ഏറ്റവും കൂടുതൽ സ്‌പാം ചെയ്യപ്പെടുന്ന നാലാമത്തെ രാജ്യമാണെന്ന് പറയുന്നത്. ഏറ്റവും കൂടുതൽ സ്പാമിങ് നടക്കുന്ന 20 രാജ്യങ്ങളുടെ പട്ടികയാണ് ട്രൂകോളർ പുറത്ത് വിടുന്നത്. കഴിഞ്ഞ വർഷം വരെ ഒമ്പതാം സ്ഥാനത്തായിരുന്നു ഇന്ത്യ. വളരെപ്പെട്ടെന്നാണ് നാലാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത്. റാങ്കിങിലെ ഇന്ത്യയുടെ പെട്ടെന്നുള്ള കുതിച്ച് ചാട്ടത്തിന് പിന്നിൽ സെയിൽസ് മേഖലയുടെ വളർച്ചയും ടെലിമാർക്കറ്റിങ് കോളുകളിൽ ഉണ്ടായ ഗണ്യമായ വർധനവും കാരണമായെന്നും റിപ്പോർട്ട് എടുത്ത് പറയുന്നു.

തുടർച്ചയായ നാലാം വർഷവും ബ്രസീലാണ് പട്ടികയിൽ ഒന്നാമത്. ഓരോ ഉപയോക്താവിനും ശരാശരി 18.02 സ്പാം കോളുകളോടെ പെറു രണ്ടാം സ്ഥാനത്തെത്തി, ഉക്രെയ്നിനാണ് മൂന്നാം സ്ഥാനത്ത്. ആഗോള തലത്തിൽ നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ് സ്കാം ബിസിനസ്. ഈ വർഷം മാത്രം 37.8 ബില്യൺ സ്പാം കോളുകൾ തിരിച്ചറിയുകയും തടയുകയും ചെയ്തതായി ട്രൂകോളർ പറയുന്നു. എന്നിരുന്നാലും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്പാം കോളുകളുടെ എണ്ണത്തിൽ 1.4 ശതമാനം കുറവുണ്ടായതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ട്രൂകോളർ പറയുന്നതനുസരിച്ച് ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള തട്ടിപ്പ് കെവൈസി സ്കാമുകളാണ്. ഒരു സാമ്പത്തിക സേവന ദാതാവായി ചമഞ്ഞ് തട്ടിപ്പ് നടത്തുകയും ഇരയുടെ കെവൈസി രേഖകൾ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് കെവൈസി സ്കാമുകൾ. ഇന്ത്യയിൽ നടക്കുന്ന സ്പാം കോൾ തട്ടിപ്പുകളിൽ ഭൂരിഭാഗവും സെയിൽസ് റിലേറ്റഡ് ആണ്. സെയിൽസ് മേഖലയിലെ എല്ലാ വിഭാഗങ്ങളിലും ഇത്തരത്തിൽ തട്ടിപ്പ് നടക്കുന്നു. ആകെയുണ്ടായ എല്ലാ ഇൻകമിങ് സ്പാം കോളുകളുടെയും 93.5 ശതമാനവും സെയിൽസുമായി ബന്ധപ്പെട്ട വിഭാഗങ്ങളിലാണെന്ന് റിപ്പോർട്ടിലെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.

അതീവ രസകരമായ ഒരു കണ്ടെത്തലും ട്രൂകോളർ പുറത്ത് വിടുന്നുണ്ട്. രാജ്യത്തെ ഒരു സ്പാമർ മാത്രം ഈ വർഷം നടത്തിയത് 202 മില്ല്യണിൽ അധികം സ്പാം കോളുകളാണ്. ഒരു ദിവസം 6,64,000 കോളുകളും ഓരോ മണിക്കൂറിലും 27,000 കോളുകളും ഈ സ്പാമർ മാത്രം നടത്തിയെന്നാണ് റിപ്പോർട്ട് പറയുന്നത്. റിപ്പോർട്ട് അനുസരിച്ച്, മാർച്ചിൽ സ്പാം കോളുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായി. കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിന്റെ കുതിച്ചുചാട്ടം മുതലെടുക്കാൻ സ്പാമർമാർ ശ്രമിച്ചതാണ് സ്പൈക്കിന് കാരണമായതെന്ന് അനുമാനിക്കപ്പെടുന്നു.

2020 ജൂൺ മുതൽ 2021 ജനുവരി വരെയുള്ള ഒരു വർഷത്തിനിടെ ഏകദേശം 59.49 ദശലക്ഷം അമേരിക്കക്കാർക്ക് സ്പാം കോളുകൾ മൂലം പണം നഷ്ടപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ സ്പാം കോളുകളിൽ ഇന്തോനേഷ്യയിൽ മാത്രം 2 മടങ്ങിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. ജനുവരിയിൽ രാജ്യത്ത് 12.6 ദശലക്ഷം സ്പാം കോളുകൾ രേഖപ്പെടുത്തിയപ്പോൾ, 2021 ഒക്ടോബറിൽ എണ്ണം 25.8 ദശലക്ഷമായി ഉയർന്നു. ശരാശരി, ഓരോ ഇന്തോനേഷ്യൻ ഉപയോക്താക്കൾക്കും പ്രതിമാസം 14 സ്പാം കോളുകൾ വീതം ലഭിച്ചിട്ടുണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ.

37.8 ബില്യൺ സ്പാം കോളുകൾക്ക് പുറമെ, 184.5 ബില്യൺ മെസേജുകൾ തരം തിരിച്ച് ബ്ലോക്ക് ചെയ്തതായി ട്രൂകോളർ വെളിപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ലോകമെമ്പാടും 300 ദശലക്ഷത്തോളം സജീവ ഉപയോക്തൃ അടിത്തറയുണ്ടെന്നും കമ്പനി പറയുന്നു. ട്രൂകോളറിന്റെ 300 ദശലക്ഷം സജീവ ഉപയോക്താക്കൾ 2021 ജനുവരി മുതൽ 2021 ഒക്ടോബർ വരെ 99.7 ബില്യൺ കോളുകൾ ചെയ്യുകയും 7.8 ബില്യൺ സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്‌തതായും ട്രൂകോളറിന്റെ വാർഷിക റിപ്പോർട്ടിൽ പറയുന്നു.


Click it and Unblock the Notifications








