ചൈനീസ് കമ്പനികളെ വച്ച് ചൈനയുടെ കുഴി തോണ്ടുക! സ്മാർട്ട്ഫോൺ ശക്തിയാകാൻ ഇന്ത്യ; പിന്തുണച്ച് ആപ്പിൾ
സ്മാർട്ട്ഫോൺ നിർമാണ രംഗത്ത് ലോക ശക്തിയായി മാറാനുള്ള അസുലഭ അവസരമാണ് ഇപ്പോൾ ഇന്ത്യക്ക് വന്നുചേർന്നിരിക്കുന്നത്. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി ചൈനയെ വെട്ടി ലോകത്തെ ഏറ്റവും പ്രധാന സ്മാർട്ട്ഫോൺ നിർമാണ കേന്ദ്രമാകാനുള്ള തയാറെടുപ്പുകൾ ഇന്ത്യയും തുടങ്ങിയെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിൽ ഏറെ നിർണായകമാകുന്ന ഒരു നീക്കം ''നിർണായക ഇലക്ട്രോണിക്സ് ഘടകങ്ങൾക്കായുള്ള സംയുക്ത സംരംഭങ്ങളിൽ ചൈനീസ് കമ്പനികൾക്ക് 26% വരെ ഓഹരി പങ്കാളിത്തം അനുവദിക്കുന്നകാര്യം ഇന്ത്യ പരിഗണിക്കുന്നു'' എന്നതാണ്. അതായത് ചൈനീസ് കമ്പനികളെ ഉപയോഗിച്ചുകൊണ്ട് ഇന്ത്യയിൽ ഇലക്ട്രോണിക്സ് നിർമാണ രംഗം വളർത്തുക എന്ന തന്ത്രം ഇന്ത്യ പയറ്റി നോക്കുന്നു.
ചൈനീസ് സ്മാർട്ട്ഫോൺ- ഇലക്ട്രോണിക്സ് കമ്പനികളും ഇന്ത്യയെ ഒരു പ്രധാന വിപണിയായി കാണുന്നു. ഇന്ത്യയിൽ ബിസിനസ് വളർത്താൻ ചൈനീസ് കമ്പനികളും മുന്നോട്ട് വരുന്നു. ചൈനയിലെ സ്മാർട്ട്ഫോണുകളുടെയും മറ്റ് ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെയും കയറ്റുമതി അമേരിക്കയുടെ നിലപാട് മൂലം ചൈനീസ് കമ്പനികളും പ്രതിസന്ധി നേരിടുന്നുണ്ട്. ഈ ഒരു സാഹചര്യത്തിൽ കൂടിയാണ് ഇന്ത്യയെ മുഖ്യ നിർമാണ കേന്ദ്രമായിക്കണ്ട് പ്രവർത്തിക്കാൻ ചൈനീസ് കമ്പനികളും തയാറാകേണ്ട നില ഉണ്ടായിരിക്കുന്നത്.

ഇലക്ട്രോണിക്സ് നിർമാണ രംഗത്ത് പ്രാദേശിക വൈദഗ്ധ്യവും ഉൽപ്പാദന ശേഷിയും വളർത്തിയെടുക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു. ചൈനീസ് കമ്പനികളുമായിട്ടുള്ള പങ്കാളിത്തത്തിലൂടെ സാങ്കേതികവിദ്യ കൈമാറ്റം സാധ്യമാകുന്നു. ഇത് ഇന്ത്യയിലെ ഉത്പാദന വളർച്ചയ്ക്ക് വലിയ കരുത്താകും. അതായത് ചൈനീസ് കമ്പനികളെ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ചൈനയെ മറികടക്കാനുള്ള ശക്തി നേടാൻ ഇന്ത്യ തയാറെടുക്കുന്നു.
ഇന്ത്യൻ കമ്പനികളുമായി കൈകോർത്ത് പ്രവർത്തിക്കാൻ ചൈനീസ് കമ്പനികൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഓപ്പോ, വിവോ, സാംസങ് എന്നിവയുടെ വിതരണക്കാരൻ കൂടിയായ ലിയാൻചുവാങ് ഇലക്ട്രോണിക്സ് എന്ന ചൈനീസ് കമ്പനി ആംബർ ഇലക്ട്രോണിക്സ്, ഒപ്റ്റിമസ് ഇലക്ട്രോണിക്സ് തുടങ്ങിയ ഇന്ത്യൻ സ്ഥാപനങ്ങളുമായി സജീവമായി ബന്ധം പുലർത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയുടെ പുതിയ 22,919 കോടി രൂപയുടെ ഇലക്ട്രോണിക്സ് കമ്പോണന്റ്സ് മാനുഫാക്ചറിംഗ് സ്കീമിൽ (ഇസിഎംഎസ്) ഔദ്യോഗിക താൽപ്പര്യം കാണിക്കുന്ന ആദ്യത്തെ ചൈനീസ് സ്ഥാപനം ആണ് ലിയാൻചുവാങ്. ഡിക്സൺ, ടാറ്റ ഇലക്ട്രോണിക്സ്, കെയ്ൻസ് ടെക്നോളജി, മൈക്രോമാക്സ്, ആംബർ, ഒപ്റ്റിമസ്, സിർമ എസ്ജിഎസ്, മുനോത്ത് ഇൻഡസ്ട്രീസ്, മുരുഗപ്പ ഗ്രൂപ്പ് തുടങ്ങിയ ഇന്ത്യൻ കമ്പനികൾ ഇസിഎംഎസിന് അപേക്ഷിക്കാൻ ഒരുങ്ങുകയാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ചൈനീസ് കമ്പനികളുമായി മാത്രമല്ല, ജപ്പാൻ, ദക്ഷിണ കൊറിയ, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള കമ്പനികളുമായും ഇന്ത്യൻ ചർച്ചകൾ നടക്കുന്നുണ്ട്. അതേസമയം ആപ്പിളിന് പുറമേ കൂടുതൽ വിദേശ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഇന്ത്യയിൽ പ്രൊഡക്ഷൻ കൂട്ടാൻ തയാറെടുക്കുന്നു എന്ന വാർത്തകളും വരുന്നുണ്ട്. അമേരിക്കയുടെ പകരച്ചുങ്കം സൃഷ്ടിച്ച ആശങ്കയും ഇതിൽ വലിയ പങ്കു വഹിച്ചിരിക്കുന്നു.
അമേരിക്ക - ചൈന ബന്ധം അത്ര സുഖകരമായ രീതിയിലല്ല മുന്നോട്ട് പോകുന്നത്. ഏതാണ്ട് രണ്ട് വർഷം മുൻപ് മുതൽ തന്നെ സ്മാർട്ട്ഫോൺ നിർമാണം ഘട്ടം ഘട്ടമായി ചൈനയ്ക്ക് പുറത്തേക്ക് മാറ്റാൻ ആപ്പിൾ ശ്രമിച്ചുവരുന്നുണ്ട്. എന്നാൽ അന്നത്തെക്കാൾ വളരെ പ്രതികൂലമായ സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ചൈനയുമായി തുറന്ന വെല്ലുവിളി അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നു.
എന്തും സംഭവിക്കാവുന്ന ഈ സാഹചര്യം ചൈനയിൽ നിന്നുള്ള കൂടുമാറ്റം വേഗത്തിലാക്കാൻ ആപ്പിളിനെ പ്രേരിപ്പിച്ചിരിക്കുന്നു. ഇരു രാജ്യങ്ങൾക്കും ഇടയിൽ നിലനിൽക്കുന്ന മത്സരത്തിൽ നിന്ന് രക്ഷപ്പെടുന്നതിനായി ഇന്ത്യയിൽ ഐഫോൺ ഉൽപ്പാദനം ഗണ്യമായി വർദ്ധിപ്പിക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. നിലവിൽ, ആപ്പിൾ ഇന്ത്യയിൽ പ്രതിവർഷം ഏകദേശം 40-43 ദശലക്ഷം ഐഫോണുകൾ ആണ് നിർമിക്കുന്നത്.
ഇന്ത്യയിൽ നിർമിക്കുന്ന ഈ ഐഫോണുകളിൽ ഏകദേശം 80% കയറ്റുമതി ചെയ്യുകയാണ് പതിവ്. നിലവിൽ ആപ്പിൾ സ്വീകരിച്ചിരിക്കുന്ന തന്ത്രങ്ങളുടെ ഫലമായി 2026 അവസാനത്തോടെ ഇന്ത്യയിലെ ഐഫോൺ ഉൽപ്പാദനം 70- 80 ദശലക്ഷം യൂണിറ്റായി ഉയരും. ഇതോടെ ചൈനയെ വെട്ടി, അമേരിക്കയിലേക്കുള്ള ഐഫോൺ വിതരണത്തിന്റെ പ്രഥമ കേന്ദ്രമായി ഇന്ത്യ മാറും.
ഫോക്‌സ്‌കോൺ, ടാറ്റ ഇലക്ട്രോണിക്‌സ് എന്നിവയാണ് ആപ്പിളിനായി ഇന്ത്യയിൽ ഐഫോൺ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. വിസ്ട്രോൺ, പെഗാട്രോൺ എന്നിവയുടെ ഇന്ത്യയിലെ ഐഫോൺ നിർമാണ സൗകര്യങ്ങൾ ടാറ്റ ഇലക്ട്രോണിക്‌സ് ഏറ്റെടുത്തിട്ടുണ്ട്. ഈ നീക്കത്തിന്റെ ഫലമായി അടുത്ത 18 മാസത്തിനുള്ളിൽ ആഗോള ഐഫോൺ വിൽപ്പനയുടെ ഏകദേശം 40% ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കാൻ കാരണമാകുമെന്ന് വ്യവസായ വിദഗ്ധർ സൂചിപ്പിക്കുന്നു.
നിലവിൽ ആഗോള ഐഫോൺ വിൽപ്പനയുടെ ഏകദേശം 18-20% ആണ് ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നത്. അതായത് രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഐഫോൺ ഉൽപ്പാദനം ഇരട്ടിയാകും. അമേരിക്ക- ചൈന ബന്ധത്തിലെ വിള്ളൽ മൂലം ആപ്പിൾ നേരിടുന്ന പ്രതിസന്ധി മനസിലാക്കിയ ഇന്ത്യ ആപ്പിളിന് അനുകൂലമായ സമീപനമാണ് കൈക്കൊണ്ടിരിക്കുന്നത്.
ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഐഫോൺ നിർമാണം മാറ്റി സ്ഥാപിക്കുന്നതിന് ആപ്പിളുമായും അതിന്റെ വിതരണക്കാരുമായും സഹകരിക്കുമെന്ന് സർക്കാർ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി ഇടി റിപ്പോർട്ട് ചെയ്തിരുന്നു. സർക്കാരിന്റെ ഈ നീക്കം ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയെ ഗണ്യമായി ശക്തിപ്പെടുത്തും എന്നാണ് വിലയിരുത്തപ്പെടുന്നത്. 2025ൽ തന്നെ യുഎസിനായുള്ള എല്ലാ ഐഫോണുകളും ഇന്ത്യയിൽ നിർമ്മിക്കാൻ ആണ് നീക്കം.
ഇന്ത്യയിൽ ഐഫോൺ ഉൽപ്പാദനം ഇരട്ടിയാക്കുന്നതിന് പ്രതിവർഷം 70-80 ദശലക്ഷം യൂണിറ്റുകൾ വരെ വർദ്ധിപ്പിക്കേണ്ടിവരുമെന്ന് ഐഡിസി ഇന്ത്യയുടെ അസോസിയേറ്റ് വൈസ് പ്രസിഡന്റ് നവകേന്ദർ സിംഗ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഈ നീക്കം ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രോണിക്സ് നിർമ്മാണ ആവാസവ്യവസ്ഥയെ ഗണ്യമായ പുരോഗതിയിലേക്ക് നയിക്കും.
അതേസമയം ചൈനയിൽ നിന്ന് ഐഫോൺ നിർമാണം ഇന്ത്യയിലേക്ക് മാറുന്നതിന്റെ സമയദൈർഘ്യം നിർദ്ദിഷ്ട യുഎസ് വ്യാപാര കരാറിന്റെ വ്യവസ്ഥകളെയും ആശ്രയിച്ചിരിക്കും. ചൈനയോട് സന്ധി ചെയ്തുകൊണ്ട് ചൈനയ്ക്കുള്ള നികുതിയിൽ മൃദു സമീപനം സ്വീകരിക്കാൻ ഡൊണൾഡ് ട്രംപ് സർക്കാർ തീരുമാനിച്ചാൽ ഇന്ത്യയിലേക്കുള്ള ആപ്പിൾ ഡിവൈസുകളുടെ നിർമാണ ചുവടുമാറ്റം മന്ദഗതിയിലാകാൻ സാധ്യതയുണ്ട്.
വിയറ്റ്നാം പോലുള്ള രാജ്യങ്ങൾ ഐഫോൺ നിർമാണത്തിൽ ഇന്ത്യക്ക് കടുത്ത മത്സരം ഉയർത്തുന്നുണ്ട്. ചൈനയിൽ നിന്ന് വിയറ്റ്നാം പോലുള്ള രാജ്യങ്ങളിലേക്ക് ഐഫോൺ ഉൽപ്പാദനം വഴിതിരിച്ചുവിടുന്നില്ലെന്ന് ഇന്ത്യ ഉറപ്പാക്കേണ്ടിയിരിക്കുന്നു. വിയറ്റ്നാമിനെയും ചൈനയെയും അപേക്ഷിച്ച് ഇന്ത്യയിൽ 7% മുതൽ 7.5% വരെ നിർമാണ ചെലവ് കുറവാണ്. ഇത് മത്സരത്തിൽ ഇന്ത്യക്ക് മേൽക്കൈ നൽകുന്നുണ്ട്.
നിർണായകമായ ഉപ- അസംബ്ലികളുടെയും പാർട്സിന്റെയും ലഭ്യത കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെ ഇന്ത്യയുടെ മത്സരശേഷി വർദ്ധിക്കും. ഇതിനെല്ലാമപ്പുറം, യുഎസുമായി പ്രയോജനകരമായ ഒരു ദീർഘകാല കരാർ ഉറപ്പാക്കുന്നതിന് ഇന്ത്യൻ സർക്കാർ ഡൊണാൾഡ് ട്രംപ് സർക്കാരുമായി തന്ത്രപരമായി ചർച്ച നടത്തണമെന്നും അതോടൊപ്പം ഉൽപ്പാദന എതിരാളികളെ മറികടക്കണമെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
ചുരുക്കിപ്പറഞ്ഞാൽ നിലവിലെ ആഗോള അന്തരീക്ഷം ഇന്ത്യക്ക് സ്മാർട്ട്ഫോൺ നിർമാണ രംഗത്ത് ഒരു വൻ ശക്തിയാകാനുള്ള എല്ലാ സാഹചര്യവും ഒരുക്കിയിട്ടുണ്ട്. അതിന് അനുകൂലമായ വിധത്തിൽ ഇന്ത്യൻ സർക്കാർ നടപടികൾ സ്വീകരിക്കുകയാണ് ഇനി വേണ്ടത്. ആ നിലയ്ക്കുള്ള നടപടികൾക്ക് സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നത് പ്രതീക്ഷയ്ക്ക് വക നൽകുന്നുണ്ട്.


Click it and Unblock the Notifications








