ലോകത്തെ ഏറ്റവും മികച്ച എഐ ടൂൾ ഇന്ത്യ വികസിപ്പിക്കും! 'ഇന്ത്യ എഐ' എന്ന വൻ ലക്ഷ്യവുമായി കേന്ദ്ര സർക്കാർ
ലോകമെമ്പാടുമുള്ള സാധാരണക്കാരെ പോലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ( AI ) ആരാധകരാക്കി മാറ്റിയ ഓപ്പൺഎഐയുടെ ചാറ്റ് ജിപിടിയെക്കാൾ മികച്ച എഐ ടൂൾ നിർമിക്കാൻ നീക്കവുമായി ഇന്ത്യ. കഴിഞ്ഞ ദിവസം കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇതു സംബന്ധിച്ച് വ്യക്തമായ ചില സൂചനകൾ നൽകിയിരുന്നു.
ലോകത്തെ ഏറ്റവും മികച്ച എഐ ടൂൾ നിർമിക്കാനുള്ള നീക്കങ്ങൾക്ക് കേന്ദ്രം മുന്നിട്ടിറങ്ങുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. രാജ്യത്ത് ഊർജ്ജസ്വലമായ ഒരു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വികസിപ്പിച്ചെടുത്ത് വാണിജ്യപരമായി വിന്യസിക്കാവുന്ന എഐ പ്ലാറ്റ്‌ഫോമുകൾ നിർമ്മിക്കുകയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും അത് തങ്ങളുടെ പ്രാഥമിക ലക്ഷ്യമാണ് എന്നുമാണ് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ഭരണ കാര്യങ്ങളിലുൾപ്പെടെ ഇന്ത്യയുടെ വികസനത്തിന്റെ വിവിധ സാധ്യതകൾക്കായി എഐ ടെക്നോളജി ഉപയോഗപ്പെടുത്താനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. സ്വകാര്യ കമ്പനികളുമായി ഉൾപ്പെടെ കൈകോർത്തുകൊണ്ട് ലോകം ശ്രദ്ധിക്കുന്ന എഐ ടൂൾ വികസിപ്പിക്കാനാണ് ഇന്ത്യൻ സർക്കാരിന്റെ നീക്കം. ഇത് രാജ്യത്തെ സ്റ്റാർട്ടപ്പ് കമ്പനികൾക്ക് ഉൾപ്പെടെ പുത്തൻ പ്രതീക്ഷയും സാധ്യതകളും തുറന്നുനൽകിയിരിക്കുകയാണ്.
ഇന്ത്യ എഐ എന്നാണ് ഇന്ത്യ നിർമിക്കാൻ ഉദ്ദേശിക്കുന്ന എഐ ടൂളിനെ മന്ത്രി വിശേഷിപ്പിച്ചത്. മറ്റ് രാജ്യങ്ങളെക്കാൾ മുമ്പ് എഐ വികസനത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാനാണ് ഇന്ത്യ എഐയിലൂടെ കേന്ദ്രം ശ്രമിക്കുന്നത്. അനന്തമായ സാധ്യതകൾ നിലവിലുള്ള ഭാവിയുടെ സാങ്കേതികവിദ്യയായാണ് എഐ വിലയിരുത്തപ്പെടുന്നത്. അത് ഫലപ്രദമായ രീതിയിൽ എങ്ങനെ ഉപയോഗപ്പെടുത്താം എന്നതാണ് ഇന്ത്യൻ ആലോചന.

ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ രാജ്യത്തിന്റെ വളർച്ചയെ സഹായിക്കുന്ന വിധത്തിൽ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പുതിയ ടൂളുകൾ വികസിപ്പിക്കുക എന്നതാണ് ഇന്ത്യ എഐയിലൂടെ കേന്ദ്രം ശ്രമിക്കുന്നത്. ഭരണനിർവഹണം അടക്കം എളുപ്പമുള്ളതാക്കാൻ എഐ ടൂളുകൾ വികസിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. നേരത്തെ സർക്കാർ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ എഐ ചാറ്റ്ബോട്ട് കേന്ദ്രം വികസിപ്പിക്കുന്നതായി വാർത്ത വന്നിരുന്നു.
ഇന്ത്യയുടെ സ്വന്തം ടെക്നോളജി സ്റ്റാക്ക് വികസിപ്പിക്കാനുള്ള കേന്ദ്ര നീക്കങ്ങളുടെ ഭാഗമായും ഇന്ത്യഎഐ എന്ന ആശയത്തെ കാണാം. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ആധാർ, കോവിൻ, യുപിഐ പോലുള്ള സാങ്കേതിക സംവിധാനങ്ങളുടെ ശേഖരത്തിലേക്ക് ഇന്ത്യഎഐയും ചേർക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യ സ്റ്റാക്ക് വഴിയുള്ള ഭരണം കൂടുതൽ മെച്ചപ്പെടുത്തുക എന്നത് ഒരു പ്രധാന ലക്ഷ്യമാണെന്ന് ചന്ദ്രശേഖർ പറഞ്ഞിരുന്നു.
എഐയുടെ ഭാവി സാധ്യതകൾ തിരിച്ചറിഞ്ഞ് എഐ വികസനത്തിനും അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും പ്രാധാന്യം നൽകി മുന്നോട്ട് പോകാൻ നേരത്തെ തന്നെ കേന്ദ്രം പദ്ധതികൾ ആവിഷ്കരിച്ച് തുടങ്ങിയിരുന്നു. ഏറ്റവും ഒടുവിൽ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിലും എഐ വികസനത്തിനായുള്ള പ്രഖ്യാപനങ്ങളും പദ്ധതികളും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു.

ആവഴിക്ക് ഇന്ത്യഎഐയുമായി കേന്ദ്രം മുന്നോട്ടു പോകുകയാണ് എന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസത്തെ രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന. എഐ അടിസ്ഥാനമാക്കിയുള്ള കണ്ടുപിടുത്തങ്ങൾ നടത്തുകയും നിർമിക്കുകയും ചെയ്യുന്ന ആഗോള എഐ ശക്തിയാകാനാണ് ഇന്ത്യ ശ്രമിക്കുന്നത് എന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. എഐ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യുകയും ഇന്ത്യയെ വളർത്തുകയും ചെയ്യുമെന്നും ചന്ദ്രശേഖർ വ്യക്തമാക്കി.
മെയ്ക്ക് എഐ ഇൻ ഇന്ത്യ", "മെക്ക് എഐ വർക്ക് ഫോർ ഇന്ത്യ" എന്നീ ആശയങ്ങൾ സാക്ഷാത്കരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (എഐ) വേണ്ടിയുള്ള മൂന്ന് മികവിന്റെ കേന്ദ്രങ്ങൾ തുറക്കുമെന്ന് 24 വർഷത്തെ കേന്ദ്ര ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള നടപടികളും ഉടൻ ആരംഭിക്കും.
ഗൂഗിളും മൈക്രോസോഫ്ടും അടക്കം ഏതാണ്ട് എല്ലാ ടെക്നോളജി കമ്പനികളും എഐയിൽ ശ്രദ്ധകേന്ദ്രീകരിച്ച് മുന്നോട്ട് പോകുകയാണ്. അത്തരം വൻകിട കമ്പനികളുടെ അഭാവം രാജ്യത്തുണ്ടെങ്കിലും അതെല്ലാം മറികടന്ന് കേന്ദ്രം നേരിട്ട് എഐ സാധ്യതകൾ പ്രയോജനപ്പെടുത്താൻ മുന്നിട്ടിറങ്ങുന്നത് രാജ്യത്തിന് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ഭാവിസാധ്യതയായി വിശേഷിപ്പിക്കപ്പെടുന്ന എഐയിൽ നേട്ടങ്ങൾ കൊയ്യാൻ സാധിച്ചാൽ അത് ഇന്ത്യൻ വളർച്ചയ്ക്ക് മുതൽക്കൂട്ടാകും.


Click it and Unblock the Notifications








