ആപ്ലിക്കേഷന്‍ നിര്‍മ്മാണം ഇവര്‍ക്ക് കുട്ടിക്കളിയല്ല

Posted By: Staff

ആപ്ലിക്കേഷന്‍ നിര്‍മ്മാണം ഇവര്‍ക്ക് കുട്ടിക്കളിയല്ല

ഒളിച്ചുകളി, ക്രിക്കറ്റ് അങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരാത്ത കളികള്‍ ഉള്ളപ്പോള്‍ ഈ കുട്ടികള്‍ ആപ്പിളിന് പിറകേ പോകുന്നതെന്തേ? അത്ഭുതത്തോടെ ആരും ചോദിച്ചുപോകുന്ന ചോദ്യമാണിത്. കാരണം 10, 12 വയസ്സുകള്‍ ഇത്തരം കുസൃതിക്കളികളികളുടെ കാലമാണ്. പഠിത്തത്തിനിടയില്‍ കളിക്കാന്‍ സമയം കിട്ടുന്നില്ലെന്ന പരാതിയാണ് അധികവും കേള്‍ക്കാറുള്ളതും. എന്നിട്ടും...

ചെന്നൈയിലെ സഹോദരന്മാരായ സഞ്ജയ് (10), ശ്രാവണ്‍ (12) എന്നിവരാണ് കുട്ടികളികള്‍ക്ക് നില്‍ക്കാതെ മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മാണം നടത്തുന്നത്. അതിനായി അവര്‍ക്കൊരു കമ്പനിയുമുണ്ട് 'ഗോ ഡൈമെന്‍ഷന്‍സ്'. ഇവര്‍ ഉണ്ടാക്കിയ രണ്ട് ആപ്ലിക്കേഷനുകള്‍ ഇപ്പോള്‍ 5,000 ഡൗണ്‍ലോഡുകള്‍ കവിഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുഎസ്, ചൈന, തായ്‌വാന്‍ എന്നിവിടങ്ങളിലാണ് ഈ 'കുട്ടി'ആപ്ലിക്കേഷനുകള്‍ക്ക് ഉപയോക്താക്കള്‍ ഏറെയുമുള്ളത്. ഇന്ത്യയും ഏറെ പിറകിലല്ല.

സ്റ്റീവ് ജോബ്‌സിന്റെ ജീവിതം നല്‍കിയ പ്രചോദനമാണ് ഇവരെ ഇതുവരെ എത്തിച്ചതെന്ന് കുട്ടികള്‍ തന്നെ പറയുന്നു. ദിവസവും ഹോംവര്‍ക്ക് കഴിഞ്ഞ് രണ്ട് മണിക്കൂര്‍ ആപ്പിളിന്റെ ഐഒഎസ് കിറ്റ് ഉപയോഗിച്ചാണ് അവര്‍ തങ്ങളുടെ പരീക്ഷണങ്ങള്‍ നടത്തുന്നത്. കമ്പനിയുടെ പ്രസിഡന്റാണ് ശ്രാവണ്‍. സഞ്ജയ് സിഇഒയും. ജ്യോതിലക്ഷ്മി-കുമരന്‍ ദമ്പതികളുടെ മക്കളാണ് ഇവര്‍.

കാച്ച് മീ കോപ് എന്ന ആപ്ലിക്കേഷന്‍ ഇവര്‍ രൂപപ്പെടുത്തിയതാണ്. ഒരു കുറ്റവാളി ജയിലില്‍ നിന്ന് രക്ഷപ്പെടുന്നതും അയാള്‍ക്കായി രാജ്യം മുഴുവന്‍ തിരച്ചില്‍ നടത്തുന്നതുമാണ് ഈ ആപ്ലിക്കേഷന്റെ ആശയം. മരുഭൂമികളിലൂടെയും കടല്‍തീരങ്ങളിലൂടെയുമെല്ലാം രക്ഷപ്പെട്ട് നടക്കുന്ന കുറ്റവാളിയാണ് ഇതിലുള്ളത്. 2,500ലേറെ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട് ഈ ഗെയിമിന് ഒന്നിലേറെ ലെവലുകളുമുണ്ട്.

ആല്‍ഫബെറ്റ് ബോര്‍ഡ് ആണ് രണ്ടാമത്തെ ആപ്ലിക്കേഷന്‍. രസകരമായ ഗെയിമുകളിലൂടെ അക്ഷരമാല പഠിപ്പിക്കുകയാണ് ഈ ഗെയിമിന്റെ ഉദ്ദേശം. നിറങ്ങള്‍ തിരിച്ചറിയാനും അവയുടെ സ്‌പെല്ലിംഗ് പഠിക്കാനുമുള്ള എളുപ്പവഴിയാണ് കളര്‍ പാലറ്റ്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധമത ഭക്തിഗാനങ്ങള്‍ പ്ലേ ചെയ്യാന്‍ സഹായിക്കുന്ന പ്രേയര്‍ പ്ലാനറ്റാണ് ഇവരുടെ മറ്റൊരു ആപ്ലിക്കേഷന്‍. ഇത്തരത്തില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി കൂടുതല്‍ ആപ്ലിക്കേഷനുകള്‍ അവതരിപ്പിക്കുകയാണ് ഈ സഹോദരങ്ങളുടെ ലക്ഷ്യം.

ചെന്നൈയിലെ വര്‍ധിച്ചുവരുന്ന മലിനീകരണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുവാന്‍ സാധിക്കുന്ന ആപ്ലിക്കേഷനുകള്‍ നിര്‍മ്മിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. ഓരോ നഗരത്തിലെ മലിനീകരണം എത്രയെന്ന് വ്യക്തമാക്കുകയാണ് ഈ ആപ്ലിക്കേഷന്‍ ചെയ്യുക.

ഈ ആപ്ലിക്കേഷന്‍ നിര്‍മ്മാണത്തില്‍ തീരുന്നില്ല ഇവരുടെ പ്രവൃത്തികള്‍. സൗജന്യ ആപ്ലിക്കേഷനുകളുമായി എത്തുന്ന ഇവരുടെ വരുമാനം പരസ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന തുകയാണ്. എങ്കിലും കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 15 ശതമാനം പാവപ്പെട്ടവര്‍ക്കായി നീക്കിവെച്ചിരിക്കുകയാണ് ഈ കുഞ്ഞുമഹാപ്രതിഭകള്‍.

മറ്റൊരാളെയും ഇതിനൊപ്പം പരിചയപ്പെടാം. ക്ലേയ്റ്റന്‍ വാര്‍ഡ് എന്ന എട്ടാം ക്ലാസുകാരനാണത്. ആപ്ലിക്കേഷന്‍ നിര്‍മ്മാണമാണ് ഈ കുട്ടിയുടേയും ഇഷ്ടമേഖല. ഇത് വരെ 5 ഐഒഎസ് ആപ്ലിക്കേഷനുകള്‍ ക്ലേയ്റ്റന്‍ നിര്‍മ്മിച്ചു കഴിഞ്ഞു. ബൂന്‍ഡോഗിള്‍ ഫുള്‍, ബൂന്‍ഡോഗിള്‍ ലൈറ്റ്, സിറ്റ് സ്‌കൈ, സെല്ലിക് 2 എന്നിവയാണ് ഇതില്‍ പ്രശസ്തം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot