ആക്രാന്തം! ആപ്പിളിനെ തുരന്ന് കോടീശ്വരനാകാൻ നോക്കിയ ഇന്ത്യൻ ജീവനക്കാരൻ കുത്തുപാളയെടുക്കും, കൂടെ 3 വർഷം തടവും
ലോകത്തെ ഏറ്റവും വമ്പൻ ടെക് കമ്പനിയായ ആപ്പിൾ തങ്ങളുടെ ജീവനക്കാരെ പൊന്നുപോലെയാണ് നോക്കുന്നത്. ആപ്പിൾ റീട്ടെയിൽ സ്റ്റോറുകളിൽ ജോലിചെയ്യുന്ന ജീവനക്കാർ പോലും ഉയർന്ന സർക്കാർ ജോലിക്കാരെക്കാൾ കൂടുതൽ ശമ്പളം വാങ്ങുന്നവരാണ്. വമ്പൻ ശമ്പളത്തിന് പുറമെ ആകർഷകമായ മറ്റ് ആനുകൂല്യങ്ങളും ആപ്പിൾ ജീവനക്കാർക്ക് നൽകുന്നുണ്ട്.
ഇത്രയൊക്കെ സൗകര്യങ്ങളും സമ്പത്തും നൽകുന്ന കമ്പനിയെ വഞ്ചിച്ച്, കൂടുതൽ പണം സമ്പാദിക്കാൻ ഒരാൾ ഇറങ്ങിപ്പുറപ്പെട്ടാൽ എന്തായിരിക്കും അയാളുടെ അവസ്ഥ എന്ന് അറിയാമോ. അറിയില്ലെങ്കിൽ ഇന്ത്യക്കാരനായ ധീരേന്ദ്ര പ്രസാദ് എന്ന മുൻ ആപ്പിൾ ജീവനക്കാരന് സംഭവിച്ചത് എന്താണ് എന്ന് ഒന്ന് അന്വേഷിച്ച് കണ്ടെത്തിയാൽമതി. എല്ലാം വ്യക്തമാകും.

2008 നും 2018 നും ഇടയിൽ ആപ്പിളിന്റെ ഗ്ലോബൽ സർവീസ് സപ്ലൈ ചെയിൻ ഡിപ്പാർട്ട്‌മെന്റിന്റെ ചുമതല വഹിച്ചിരുന്ന ജീവനക്കാരനായിരുന്നു ധീരേന്ദ്ര പ്രസാദ്. ഈ സമയത്ത് തന്റെ അധികാരം ദുർവിനിയോഗം ചെയ്ത് ഏകദേശം 139 കോടിയോളം രൂപയാണ് ഇയാൾ നേടിയത്. സംഭവം പിടിക്കപ്പെട്ടതിനെ തുടർന്ന് മാസങ്ങളായി കേസും വിചാരണയും നടന്നുവരികയായിരുന്നു.
ആപ്പിളിനെ വഞ്ചിച്ചതിനും നികുതിവെട്ടിപ്പ് നടത്തിയതിനും ചുമത്തിയ കേസുകളിൽ 2021 നവംബറിൽ പ്രസാദ് കുറ്റസമ്മതം നടത്തി. പിന്നീട് 2022 മാർച്ചിൽ കോടതി ഇയാൾ കുറ്റക്കാരനാണ് എന്ന് കണ്ടെത്തുകയും ചെയ്തു. ഈ കേസിൽ ഇപ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് (DOJ) വിധി പ്രസ്താവിച്ചിരിക്കുകയാണ്.

തൊഴിലുടമയെ വഞ്ചിച്ചതിനും ഗൂഡാലോചന നടത്തി പണം തട്ടിയെടുത്തതിനും മൂന്ന് വർഷം തടവും 19 മില്യൺ ഡോളർ (ഏകദേശം 155.30 കോടി രൂപയ്ക്ക് തുല്യം) പിഴയും ആണ് കോടതി ധീരേന്ദ്ര പ്രസാദിന് വിധിച്ചിരിക്കുന്നത്. തന്റെ സ്ഥാനവും ആ സ്ഥാനത്തിരുന്നതുമൂലം കമ്പനിയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നേടിയ അറിവും പണം സമ്പാദിക്കാനായി ഇയാൾ ദുർവിനിയോഗം ചെയ്തെന്ന് കോടതി വിലയിരുത്തി.
ആപ്പിളിൽ ഏറെ നിർണായക സ്ഥാനത്തിരുന്ന ധീരേന്ദ്ര പ്രസാദ് പാർട്‌സുകൾ മോഷ്ടിച്ചും, ഇൻവോയ്‌സുകൾ പെരുപ്പിച്ചും, ഒരിക്കലും ഡെലിവറി ചെയ്യാത്ത സാധനങ്ങൾക്ക് കമ്പനിയിൽ നിന്ന് പണം വാങ്ങിയുമൊക്കെ കോടികൾ സ്വന്തമാക്കുകയായിരുന്നു. റോബർട്ട് ഗാരി ഹാൻസെൻ, ഡോൺ എം. ബേക്കർ എന്നിവരുടെ കൂടി സഹായത്താലായിരുന്നു ധീരേന്ദ്ര പ്രസാദ് തട്ടിപ്പുകൾ നടത്തിയിരുന്നത്.
ആപ്പിളിനെ വിവിധ മാർഗങ്ങളിലൂടെ കൊള്ളയടിച്ച് പണം സമ്പാദിച്ചതിന് പുറമേ കോടികളുടെ നികുതിവെട്ടിപ്പും ഇയാൾ നടത്തിയതായി കണ്ടെത്തിയിരുന്നു. സമ്പന്നനാകാനുള്ള ആർത്തിയിൽ തന്റെ തൊഴിലുടമ അർപ്പിച്ച വിശ്വാസത്തെ വഞ്ചിക്കുകയും കമ്പനിയുടെ ചെലവിൽ സമ്പന്നനാകാൻ പ്രതി അധികാരം ദുർവിനിയോഗം നടത്തിയതായും യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് കണ്ടെത്തി.

ശമ്പളത്തിന്റെയും ബോണസുകളുടെയും രൂപത്തിൽ ആപ്പിളിൽനിന്ന് ലക്ഷക്കണക്കിന് ഡോളർ സ്വീകരിക്കുമ്പോൾ തന്നെയാണ് പ്രതി ഈ അഴിമതിയും നടത്തിയതെന്ന് കോടതി വിധി പ്രസ്താവനയിൽ എടുത്തുപറഞ്ഞു. തടവിന് പുറമേ ശക്തമായ പിഴയാണ് ഇയാൾക്ക് ചുമത്തിയിരിക്കുന്നത്. 17 മില്യൺ ഡോളർ (ഏകദേശം 139 കോടി) അഴിമതിയിലൂടെ സ്വന്തമാക്കിയ കേസിൽ 19 മില്യൺ ഡോളർ (ഏകദേശം 155.30 കോടിയാണ് പിഴ.
ധീരേന്ദ്ര പ്രസാദിൽനിന്ന് ഈടാക്കുന്ന 19,270,683 ഡോളറിൽ 17,398,104 ഡോളർ ആപ്പിളിനും 1,872,579 ഡോളർ നികുതിയായി ഇന്റേണൽ റവന്യൂ സർവീസിനും (IRS) നൽകാനാണ് വിധിയിൽ പറയുന്നത്. കൂടാതെ സർക്കാർ ഇതിനകം കണ്ടുകെട്ടിയ 5.4 മില്യൺ ഡോളറിലധികം മൂല്യമുള്ള സ്വത്തുക്കൾ സറണ്ടർ ചെയ്യാനും 8.1 മില്യൺ ഡോളർ കൂടി അധികമായി നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.


Click it and Unblock the Notifications