പരമ്പരാഗത സങ്കൽപ്പങ്ങൾ പൊളിച്ച് ഗൂഗിളിൽ ജോലി നേടി ഇന്ത്യൻ വിദ്യാർഥിയുടെ വിജയഗാഥ! ശമ്പളം 50 ലക്ഷം
എൻജിനീയറിങ് ബിരുദദാരികൾക്ക് മാത്രമാണ് ഗൂഗിളിൽ ഉയർന്ന ശമ്പളത്തിൽ ജോലി ലഭിക്കുകയെന്നാണ് പരമ്പരാഗതമായി നമ്മുടെ നാട്ടുകാർക്കിടയിലുള്ള ഒരു സങ്കൽപ്പം. എന്നാൽ, എൻജിനീയറിങ് ബിരുദമില്ലാതെയും ഗൂഗിളിൽ ജോലിനേടാമെന്ന് തെളിയിച്ച് താരമായിരിക്കുകയാണ് മുംബൈ സ്വദേശിയായ ഹർഷൽ ജുയികർ എന്ന വിദ്യാർഥി. ഗൂഗിളിൽ ഒരു ജോലിനേടുക എന്നത് ഒരുപാട് പേരുടെ സ്വപ്നമാണ്.
പലരും വർഷങ്ങളുടെ പരിശ്രമത്തിൽ അത് നേടിയെടുക്കുന്നു. ചിലർ നിരാശരായി മടങ്ങുന്നു. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തമായി, വിദ്യാർഥിയായിരിക്കെ തന്നെ ഗൂഗിളിൽ ജോലി നേടാനായി, അതും എഞ്ചിനീയറിങ് ബിരുദത്തിന്റെ പിന്തുണയില്ലാതെ ജോലി നേടാനായി എന്നതാണ് ഹർഷൽ ജുയികറിന്റെ നേട്ടത്തെ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധപിടിച്ചുപറ്റുന്ന വിധത്തിൽ മൂല്യമുള്ളതാക്കി മാറ്റിയിരിക്കുന്നത്.

പുനെയിൽ വിദ്യാർഥിയായ ഹർഷൽ ജുയികറിനെ 50 ലക്ഷം രൂപ വാർഷിക ശമ്പളം എന്ന ആകർഷകമായ പാക്കേജ് വാഗ്ദാനം ചെയ്തുകൊണ്ടാണ് ഗൂഗിൾ തങ്ങളുടെ ടീമിന്റെ ഭാഗമായി ചേർത്തിരിക്കുന്നത്. എൻജിനീയറിങ് ബിരുദമില്ലെങ്കിൽ പിന്നെ എങ്ങനെയാണ് ഹർഷലിന് ഗൂഗിളിൽ ജോലി കിട്ടിയത് എന്ന് ചിന്തിക്കുന്നവരുണ്ടാകാം. എൻജിനീയറിങ് കോഴ്സിന് ചേരാൻ സാധിച്ചില്ലെങ്കിലും കോഡിങ്ങിനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഹർഷലിനെ ഗൂഗിളിലെത്തിച്ചത്.
കമ്പ്യൂട്ടർ കോഡിംഗിലും പ്രോഗ്രാമിംഗിലും തന്റെ അഭിനിവേശം പിന്തുടർന്ന ഹർഷൽ ജുയികർ നിശ്ചയദാർഢ്യവും പരിശ്രമവും കൈമുതലാക്കി അതിൽ വൈദഗ്ധ്യം നേടി. ഈ മേഖലയിലുള്ള ജുയികറിന്റെ വൈദഗ്ധ്യം ഗൂഗിൾ റിക്രൂട്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റി. കഴിവിന് എപ്പോഴും പ്രാധാന്യം നൽകുന്നതിൽ പേരുകേട്ട ഗൂഗിൾ ഒട്ടും മടിക്കാതെ ഈ ഇന്ത്യൻ വിദ്യാർഥിയെ തങ്ങളുടെ ഭാഗമാക്കി മാറ്റുകയായിരുന്നു.
മികച്ച ശമ്പളത്തോടൊപ്പം ഉചിതമായ തസ്തികയിലാണ് ഗൂഗിൾ ഹർഷലിനെ നിയമിച്ചിരിക്കുന്നത്. സ്വന്തം കഴിവുകളിൽ വിശ്വസിച്ച് അതിൽ വൈദഗ്ധ്യം നേടിയാൽ അർഹതപ്പെട്ട അംഗീകാരം തേടിവരും എന്നതിന്റെ ഉദാഹരണമായാണ് ഹർഷൽ ജുയികറിന്റെ ഗൂഗിൾ വിജയഗാഥ ഇപ്പോൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജുയികറിന്റെ അഭിമാനകരമായ നേട്ടത്തിനൊപ്പം, അനുരാഗ് മകഡെ എന്ന വിദ്യാർഥിയുടെ നേട്ടവും ഇപ്പോൾ ശ്രദ്ധ നേടിയിട്ടുണ്ട്.
ഐഐഐടി അലഹബാദിൽ നിന്നുള്ള ടെക് വിദ്യാർത്ഥിയായ അനുരാഗ് മകഡെ, 1.25 കോടി രൂപയുടെ വാർഷിക ശമ്പള പാക്കേജിൽ ആമസോണിൽ ജോലി നേടിയാണ് പ്രശംസ പിടിച്ചുപറ്റിയിരിക്കുന്നത്. നാസിക്ക് സ്വദേശിയായ അനുരാഗ് ആമസോണിന്റെ ഡബ്ലിൻ ഓഫീസിൽ ഫ്രണ്ടെൻഡ് എഞ്ചിനീയറായിട്ടാണ് ജോലി നേടിയിരിക്കുന്നത്. വൈദഗ്ധ്യവും അർപ്പണബോധവും എങ്ങനെയാണ് അസുലഭ അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുന്നതെന്നതിന്റെ ഉദാഹരണമായാണ് അനുരാഗിന്റെ നേട്ടം ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ആമസോണിൽ ജോലി ലഭിക്കും മുമ്പ്, ബെംഗളൂരുവിലെ ക്യൂർ-ഫിറ്റിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായും ഗുരുഗ്രാമിലെ അമേരിക്കൻ എക്സ്പ്രസിൽ അനലിസ്റ്റ് ഇന്റേണറായും ജോലിചെയ്ത അനുരാഗ് വളരെ വലിയ അനുഭവ സമ്പത്ത് സ്വന്തമാക്കിയിരുന്നു. മികച്ച പ്രതിഭകളെ വാർത്തെടുക്കുന്നതിൽ അലഹബാദ് ഐഐഐടി ഏറെ പ്രശസ്തമാണ്. പ്രതിഭകളുടെ വിളനിലമെന്നുപോലും അലഹബാദ് ഐഐഐടിയെ വിശേഷിപ്പിക്കാറുണ്ട്.
ഐഐഐടി അലഹബാദിലെ നിരവധി വിദ്യാർഥികൾ ഇതിനകം മികച്ച ശമ്പളത്തിൽ പ്രമുഖ കമ്പനികളിൽ ജോലി നേടിയിട്ടുണ്ട്. 1.4 കോടിയുടെ ശമ്പള പാക്കേജിൽ ഗൂഗിളിൽ ജോലി നേടിയ പ്രതം പ്രകാശ് ഗുപ്ത, ഒരു കോടി രൂപയുടെ മികച്ച പാക്കേജിൽ ആമസോണിൽ ജോലി നേടിയ പാലക് മിത്തൽ എന്നിവർ ഇതിന് ഉദാഹരണമാണ്.

1.2 കോടി രൂപയുടെ ശമ്പള പാക്കേജുമായി റൂബ്രിക്കിൽ ഇടം നേടിയ അഖിൽ സിംഗ് ആണ് മറ്റൊരു ഉദാഹരണം. തങ്ങൾ ഇറങ്ങിത്തിരിക്കുന്ന മേഖലയിൽ വൈദഗ്ധ്യം വർധിപ്പിക്കുന്നതിനായി പരിശ്രമിക്കാൻ തയാറുള്ള വിദ്യാർത്ഥികൾക്ക് ഏറ്റവും പ്രശസ്തമായ ടെക് കമ്പനികളിൽ അവസരങ്ങൾ കണ്ടെത്താനാകും എന്ന് ഈ വിജയഗാഥകൾ വ്യക്തമാക്കുന്നു.
പരമ്പരാഗത എൻജിനീയറിങ് പാത പിന്തുടരാതെ അഭിമാനകരമായ വിജയം കൈവരിച്ച ഹർഷൽ ജുയിക്കറിന്റെയും അനുരാഗ് മകഡെയുടെയും ജീവിതയാത്ര ഒട്ടേറെപ്പേർക്ക് പ്രചോദനമേകാൻ പോന്നതാണ്. നിശ്ചയദാർഢ്യവും കഠിനാധ്വാനവും ചെയ്യുന്ന പ്രവൃത്തിയോട് ആത്മാർഥതയും സ്നേഹവും ഉണ്ടെങ്കിൽ, ഏത് വലിയ സ്വപ്നവും യാഥാർത്ഥ്യമാകുമെന്ന് ഈ വിദ്യാർഥികളുടെ വിജയം നമുക്ക് കാണിച്ചുതരുന്നു.


Click it and Unblock the Notifications








