തെറ്റിദ്ധാരണ: സെൻസർ നന്നാക്കാനെത്തിയ മനുഷ്യനെ റോബോട്ട് ഞെരിച്ചുകൊന്നു!
തെറ്റിദ്ധാരണയെത്തുടർന്ന് റോബോട്ട് പിടികൂടിയയാൾ ഞെരിഞ്ഞമർന്ന് മരിച്ചതായി റിപ്പോർട്ട്. ദക്ഷിണ കൊറിയയിലെ ദക്ഷിണ ജിയോങ്‌സാങ് പ്രവിശ്യയിലെ കാർഷിക ഉൽപന്നങ്ങളുടെ വിതരണ കേന്ദ്രത്തിലാണ് കഴിഞ്ഞ ദിവസം അതിദാരുണമായ ഈ സംഭവമുണ്ടായത്. റോബോട്ട് കമ്പനി തൊഴിലാളിയായ നാൽപ്പതുകാരനാണ് കൊല്ലപ്പെട്ടത് എന്ന് പ്രാദേശിക വാർത്താ ഏജൻസിയായ യോൻഹാപ്പ് റിപ്പോർട്ട് ചെയ്യുന്നു.
കാർഷിക ഉൽപ്പന്ന വിതരണ കേന്ദ്രത്തിൽ കുരുമുളക് ബോക്സുകൾ അടുക്കി വയ്ക്കുന്ന ചുമതലയിൽ ഉണ്ടായിരുന്ന റോബോട്ട് ആണ് അപകടം ഉണ്ടാക്കിയിരിക്കുന്നത്. റിപ്പയറിങ്ങിന് എത്തിയ ആളെ കണ്ട് ബോക്സ് എന്ന് തെറ്റിദ്ധരിച്ച് റോബോട്ട് എടുത്തുയർത്തുകയും ഞെരിച്ച് കൺവെയർ ബെൽറ്റിലേക്ക് ഇടുകയും ചെയ്യുകയായിരുന്നു എന്നാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പറയുന്നത്.

രണ്ട് ദിവസമായി റോബോട്ടിന്റെ സെൻസറിൽ തകരാർ അനുഭവപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം റോബോട്ടിക് കമ്പനിയിൽ നിന്ന് നാൽപ്പതുകാരനായ ജീവനക്കാരൻ അവിടേക്ക് എത്തിയത്. തുടർന്ന് ഇയാൾ റോബോട്ടിനെ പരിശോധിക്കാൻ തുടങ്ങി. എന്നാൽ ഇതിനിടെ പച്ചക്കറി ബോക്സുകളും മറ്റും കൈകാര്യം ചെയ്യാൻ പ്രോഗ്രാം ചെയ്തിരുന്നതിനാൽ ഇതേ രീതിയിൽ ഈ റോബോട്ട് റിപ്പയറിങ്ങിനെത്തിയ ആളെയും കൈകാര്യം ചെയ്യുകയായിരുന്നു.
മനുഷ്യനാണ് എന്ന് തിരിച്ചറിയാൻ കഴിയാതെ, ബോക്സ് ആണെന്ന് തെറ്റിദ്ധരിച്ചാണ് റോബോട്ട് ഇത്തരം ഒരു അപകടം ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. ആശയക്കുഴപ്പത്തെ തുടർന്ന് റോബോട്ട് കൈകൊണ്ട് മെക്കാനിക്കിനെ പിടിച്ച് ഉയർത്തുകയും കൺവെയർ ബെൽറ്റിന് നേരെ ഇടുകയുമായിരുന്നു. റോബോട്ടിന്റെ കൈയിൽ ഞെരിഞ്ഞമർന്നത് കൂടാതെ ബെൽറ്റിലേക്ക് വീണ് ജീവനക്കാരന്റെ മുഖവും നെഞ്ചും തകർന്നു എന്നാണ് റിപ്പോർട്ട്.

പരുക്കേറ്റ മെക്കാനിക്കിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർഷിക ഉൽപ്പന്ന കേന്ദ്രത്തിലെ കുരുമുളക് സോർട്ടിംഗ് പ്ലാന്റിൽ ട്രയൽ റണ്ണിന് മുന്നോടിയായി മെക്കാനിക്ക് റോബോട്ടിന്റെ സെൻസർ പരിശോധിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്. നവംബർ ആറിനായിരുന്നു ട്രയൽ റൺ ആദ്യം പ്ലാൻ ചെയ്തിരുന്നത്.
എന്നാൽ റോബോട്ടിന്റെ സെൻസറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം ഇത് രണ്ട് ദിവസത്തേക്ക് മാറ്റിവയക്കുകയായിരുന്നു. തുടർന്നാണ് തകരാർ പരിഹരിക്കുന്നതിനായി റോബോട്ടിക് കൈകൾ നിർമ്മിക്കുന്ന കമ്പനിയിലെ തൊഴിലാളിയായ നാൽപ്പതുകാരൻ എത്തുന്നത്. ബുധനാഴ്ച രാത്രി ഏറെ വൈകിയും ഇയാൾ റോബോട്ടിൽ പരിശോധന നടത്തുന്നതിനിടെയാണ് തകരാറുണ്ടാകുകയും അപകടം സംഭവിക്കുകയും ചെയ്തത്.
സംഭവത്തെ തുടർന്ന് ഡ്യൂട്ടിയിൽ അശ്രദ്ധ കാണിച്ചതിന്റെ പേരിൽ ഡോംഗോസോങ് എക്‌സ്‌പോർട്ട് അഗ്രികൾച്ചറൽ കോംപ്ലക്‌സിലെ സൈറ്റിന്റെ സുരക്ഷാ മാനേജർമാർക്കെതിരേ അന്വേഷണം നടത്താൻ പോലീസ് തയാറെടുക്കുന്നു എന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. അപകടത്തെ തുടർന്ന് കൃത്യവും സുരക്ഷിതവുമായ' സംവിധാനം സ്ഥാപിക്കണമെന്ന് പ്ലാന്റിന്റെ ഉടമകൾ റോബോട്ടിക് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

റോബോട്ടിന്റെ അബദ്ധം മൂലം ഈ വർഷം ദക്ഷിണകൊറിയയിൽ ഉണ്ടാകുന്ന രണ്ടാമത്തെ അപകടമാണ് ഇത്. ഈ കഴിഞ്ഞ മാർച്ചിൽ, ഒരു ഓട്ടോമൊബൈൽ പാർട്‌സ് നിർമ്മാണ പ്ലാന്റിൽ ജോലി ചെയ്യുന്നതിനിടെ റോബോട്ടിന്റെ പിടിയിൽ പെട്ട് 50 വയസ്സുള്ള ഒരു ദക്ഷിണ കൊറിയക്കാരന് ഗുരുതരമായി പരുക്കേറ്റിരുന്നു.
റോബോട്ട് മൂലം മനുഷ്യന് അപകടമുണ്ടായ സംഭവങ്ങൾ ലോകത്തിന്റെ മറ്റ് പലയിടങ്ങളിലും ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ റഷ്യയിൽ നടന്ന ഒരു മത്സരത്തിനിടെ ചെസ്സ് കളിക്കുന്ന റോബോട്ട് കുട്ടിയുടെ വിരൽ ഒടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മോസ്‌കോ ഓപ്പണിൽ പങ്കെടുത്ത ഏഴുവയസ്സുകാരന്റെ വിരലിൽ ആണ് റോബോട്ട് അന്ന് ഒടിച്ചത്.
മോസ്‌കോ ഓപ്പണിനിടെ അമിത വേഗത്തിലുള്ള ചില നീക്കങ്ങൾ കാരണം ഉണ്ടായ ആശയക്കുഴപ്പത്തെ തുടർന്നാണ് റോബോട്ട് കുട്ടിയുടെ വിരൽ പിടികൂടിയത് എന്നാണ് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. കുട്ടി 'ചില സുരക്ഷാ നിയമങ്ങൾ' ലംഘിക്കുകയും, വളരെ വേഗം ഒരു നീക്കം നടത്തുകയും ചെയ്തു എന്ന് റഷ്യൻ ചെസ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് സെർജി ലസാരെവും പറഞ്ഞിരുന്നു.


Click it and Unblock the Notifications








