ട്വിറ്ററിന്റെ 'കൊലയാളി'പ്പട്ടവുമായി ത്രെഡ്സ്; ഉടമയെയും പിന്നിലാക്കി 'മിസ്റ്റർ ബീസ്റ്റ്'!
ലോഞ്ച് ചെയ്ത് 24 മണിക്കൂർ മാത്രം പിന്നിടവേ 5 കോടിയിലധികം ഉപയോക്താക്കളുമായി കുതിപ്പ് തുടരുകയാണ് ത്രെഡ്സ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകം ഏറ്റവുമധികം ചർച്ച ചെയ്ത പേരുകളിലൊന്നായി മാറാൻ ത്രെഡ്സിന് കഴിഞ്ഞു. ഇലോൺ മസ്കിന്റെ ട്വിറ്ററിന് ബദലായി മാർക്ക് സക്കർബർഗിന്റെ മെറ്റയാണ് ത്രെഡ്സുമായി രംഗത്തെത്തിയത്.
തങ്ങളുടെ തന്നെ ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമുമായി ബന്ധപ്പെടുത്തിയാണ് മെറ്റ ത്രെഡ്സിനെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പുതിയ ആപ്പിന് കിട്ടാവുന്ന അസാധാരണമായ വരവേൽപ്പാണ് ത്രെഡ്സിന് ലഭിച്ചിരിക്കുന്നത്. ആപ്പ് സ്റ്റോറുകളിൽ ഇപ്പോൾ ടോപ് സെർച്ചിങ് പട്ടികയുടെ തലപ്പത്തുള്ളതും ത്രെഡ്സ് ആപ്പ് ആണ് എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

എന്താണ് ത്രെഡ്സ് എന്ന് അറിയാനുള്ള കൗതുകം കൊണ്ട് നിരവധി പേർ ആപ്പ് ഡൗൺലോഡ് ചെയ്ത് സൈൻ ഇൻ ചെയ്തതോടെ ത്രെഡ്സിന്റെ മൈലേജ് കൂടുകയായിരുന്നു. ഉപയോക്താക്കളുടെ എണ്ണത്തിൽ ട്വിറ്ററിനെ മറികടക്കാൻ ത്രെഡ്സിന് കഴിയും എന്നാണ് സക്കർബർഗിന്റെ വിലയിരുത്തൽ. 2 ബില്യനിലേറെ വരുന്ന ഇൻസ്റ്റഗ്രാമിന്റെ പ്രതിമാസ യൂസേഴ്സാണ് സക്കർബർഗിന്റെ ഈ വിശ്വാസത്തിനു പിന്നിലെ ശക്തി.
ഇതിനകം 95 ദശലക്ഷത്തിലധികം പോസ്റ്റുകളും 190 ദശലക്ഷം ലൈക്കുകളും ത്രെഡ്സ് പിന്നിട്ടുകഴിഞ്ഞു. ട്വിറ്ററിലേതുപോലെ ഉപയോക്താക്കൾ ത്രെഡ്സിലും സജീവമാകുന്നു എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ത്രെഡ്സിൽ ആളുകൂടുന്നതോടെ ട്വിറ്ററിന്റെ കഥ കഴിഞ്ഞെന്ന തരത്തിലുള്ള വിലയിരുത്തലുകളും വരുന്നുണ്ട്. ട്വിറ്റിന്റെ കൊലയാളി എന്നാണ് സാമൂഹികമാധ്യമങ്ങൾ ഇപ്പോൾ ത്രെഡ്സിനെ വാഴ്ത്തുന്നത്.
ത്രെഡ്സിന്റെ ജനപിന്തുണ ട്വിറ്ററിനെയും ഭയപ്പെടുത്തുന്നുണ്ട്. അടുത്തിടെ ഏർപ്പെടുത്തിയ കർശന നിബന്ധനകളിൽ ചിലത് ട്വിറ്റർ ഇതിനകം പിൻവലിച്ചുകഴിഞ്ഞു എന്നാണ് റിപ്പോർട്ട്. അതേസമയം ട്വിറ്ററിന് ബദലായി എത്തിയ ത്രെഡ്സ് ട്വിറ്ററിനെ കോപ്പിയടിക്കുന്നു എന്ന ആരോപണം ചിലർ ഉയർത്തുന്നു. ട്വിറ്റർ പോസ്റ്റുകളെ ട്വീറ്റ് എന്നു വിളിക്കുന്നതുപോലെ ത്രെഡ്സ് പോസ്റ്റുകളെ എന്ത് വിളിക്കണം എന്ന ചർച്ചകളും സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നു.
ആളുകളുടെ ഈ ആശയക്കുഴപ്പം പരിഹരിക്കാനും ത്രെഡിൽ ഉപയോഗിക്കുന്ന ടെർമിനോളജികളെ പരിചയപ്പെടുത്താനും ആപ്പ് ചില വിശദീകരണങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് 'ത്രെഡുകൾ' എന്നാണ് ത്രെഡ്സിലെ പോസ്റ്റുകളെ വിളിക്കേണ്ടത്. ഇതിനോടകം ലോകത്തിന്റെ പല ഭാഗങ്ങളിലും വൈറലായെങ്കിലും യൂറോപ്പിൽ സജീവമാകാൻ ത്രെഡ്സിന് കഴിഞ്ഞിട്ടില്ല. ഉപയോക്താക്കളുടെ ഡാറ്റ സുരക്ഷിതമാക്കാൻ കർശനമായ നിയമങ്ങളാണ് യൂറോപ്പിലുള്ളത്. ഇതിലെ നിബന്ധനകൾ ത്രെഡ്സിന് തിരിച്ചടിയാകുകയായിരുന്നു.
ഉപയോക്താക്കളുടെ നിർണായക ഡാറ്റകൾ അടക്കം ത്രെഡ്സ് ശേഖരിക്കുന്നു എന്ന് ഇലോൺ മസ്കും ട്വിറ്റർ സ്ഥാപകരിലൊരാളായ ജാക്ക് ഡോർസിയും ആരോപിച്ചിരുന്നു. ഫോണിൽ ത്രെഡ്സ് ആപ്പ് ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ നൽകേണ്ട അനുമതികൾ ചൂണ്ടിക്കാട്ടിയാണ് ത്രെഡ്സ് ഡാറ്റ ശേഖരിക്കുന്നു എന്ന ആരോപണം ശക്തമായിരിക്കുന്നത്. വൈറലായി മുന്നേറുന്നതിനിടെ പുറത്തുവന്ന ഈ ആരോപണം ത്രെഡ്സിന്റെ കുതിപ്പിനെ ബാധിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.

അതേസമയം ലോകം മുഴുവൻ വൈറലായി ത്രെഡ്സ് താരമായപ്പോൾ, ത്രെഡ്സിൽ താരമായിരിക്കുന്നത് പ്രമുഖ യൂട്യൂബർ മിസ്റ്റർ ബീസ്റ്റ് ആണ്. ത്രെഡ്സിൽ കമ്പനി സ്ഥാപകൻ മാർക്ക് സക്കർബർഗിനെക്കാൾ ഫോളോവേഴ്സ് മിസ്റ്റർ ബീസ്റ്റിനുണ്ട്. ത്രെഡ്‌സിൽ 1 മില്യൺ (10 ലക്ഷം) ഫോളോവേഴ്‌സിനെ നേടുന്ന ആദ്യ വ്യക്തി എന്ന നേട്ടം മിസ്റ്റർ ബീസ്റ്റ് ആണ് സ്വന്തമാക്കിയത്.
നിലവിൽ 2.2 മില്യനിലേറെ ഫോളോവേഴ്സ് ത്രെഡ്സിൽ മിസ്റ്റർ ബീസ്റ്റിനുണ്ട്. ഇപ്പോഴും ലക്ഷക്കണക്കിന് ആരാധകർ ബീസ്റ്റിന്റെ ഫോളോവേഴ്സ് ആയി ത്രെഡ്സിലേക്കും ഒഴുകിയെത്തുന്നു. യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ ഫോളോ ചെയ്യുന്നയാൾ, യൂട്യൂബിൽനിന്ന് ഏറ്റവുമധികം വരുമാനം നേടുന്ന വ്യക്തികളിലൊരാൾ എന്നീ നിലകളിലും ജിമ്മി ഡൊണാൾഡ്സൺ എന്ന മിസ്റ്റർ ബീസ്റ്റ് തിളങ്ങുന്നു.


Click it and Unblock the Notifications