നിങ്ങളെ വ്യക്തിപരമായി മനസ്സിലാക്കുന്ന സ്മാര്‍ട്‌ഫോണ്‍ വരുന്നു

Posted By: Staff

നിങ്ങളെ വ്യക്തിപരമായി മനസ്സിലാക്കുന്ന സ്മാര്‍ട്‌ഫോണ്‍ വരുന്നു

 

കമ്പ്യൂട്ടറോ സ്മാര്‍ട്‌ഫോണോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കമ്പ്യൂട്ടിംഗ് ഉപകരണങ്ങളോ അതിന്റെ ഉടമയെ വ്യക്തിപരമായി മനസ്സിലാക്കുന്നത് ആലോചിച്ചു നോക്കൂ. മനുഷ്യന്റെ തലച്ചോറിന് തുല്യമായ പ്രവര്‍ത്തനം നടത്തുന്ന ടെക്‌നോളജിയാണ് ഇതിന് ഉത്പന്നത്തെ സഹായിക്കുക. ഈ ടെക്‌നോളജി വികസിപ്പിച്ചെടുക്കാനുള്ള പ്രവര്‍ത്തനത്തിലാണ് ചിപ് നിര്‍മ്മാതാക്കളായ ഇന്റല്‍. അതിനായി ഇസ്രയേലില്‍ ഒരു ഗവേഷണ സ്ഥാപനത്തിന് തുടക്കം കുറിക്കുകയാണ് കമ്പനി.

''പേരുകളില്‍ സ്മാര്‍ട് ആണെങ്കിലും സ്മാര്‍ട്‌ഫോണുകള്‍ ബുദ്ധിപരമായി വളരെ പിന്നിലുള്ള ഉത്പന്നങ്ങളാണ്. ഞാന്‍ എന്നാണ് ഫോണ്‍ വാങ്ങിയത് എന്നതിനുപരി എന്നെക്കുറിച്ചൊന്നും ആ ഉപകരണത്തിന് അറിയില്ല. പുതിയ ടെക്‌നോളജിയെക്കുറിച്ച് വിശദമാക്കുന്നതിന്റെ ഭാഗമായി ഇന്റലിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ ജസ്റ്റിന്‍ റാറ്റ്‌നര്‍ വ്യക്തമാക്കി. ഈ ഉത്പന്നങ്ങള്‍ക്കെല്ലാം വ്യക്തിപരമായി നമ്മളെ മനസ്സിലാക്കാന്‍ ഭാവിയില്‍ സാധിക്കും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രയേലില്‍ ആരംഭിച്ച ഇന്റല്‍ കൊളാബറേറ്റീവ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കമ്പ്യൂട്ടേഷണല്‍ ഇന്റലിജന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടും ഹാഫിയയിലെ ടെക്‌നിയോണ്‍, ജറുസലേമിലെ ഹീബ്രു സര്‍വകലാശാല എന്നിവയുമായി ചേര്‍ന്നാണ് പുതിയ ഗവേഷണം നടക്കുക. ദൈനംജിന ജീവിതത്തില്‍ ഉപകരിക്കുന്ന ചെറുതും  ശരീരത്തില്‍ ധരിക്കാനാകുന്നതുമായ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കുകയാണ് ഈ ഗവേഷണ പദ്ധതിയുടെ ലക്ഷ്യം.

ഈ ടെക്‌നോളജിയുടെ കഴിവിനെ കുറിച്ച് ഒരു ഉദാഹരണം പറയാം. ഒരു വ്യക്തി അയാളുടെ കാറിന്റെ താക്കോല്‍ വീട്ടില്‍ വെച്ച് മറന്നാള്‍ ഈ കമ്പ്യൂട്ടിംഗ് ഉപകരണം ആദ്യ ആഴ്ചയില്‍ താക്കോല്‍ എവിടെയാണ് വെച്ചതെന്ന് സ്വയം ഓര്‍ത്തുവെക്കും. രണ്ടാമത്തെ ആഴ്ചയില്‍ വീട്ടില്‍ നിന്ന് ഇറങ്ങും മുമ്പ് താക്കോല്‍ എടുത്തോ എന്ന് ഉടമസ്ഥനെ ഓര്‍മ്മിപ്പിക്കാനും തുടങ്ങും.

2014-15 ആകുമ്പോഴേക്കും ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ ലഭ്യമായി തുടങ്ങുമെന്നും റാറ്റ്‌നര്‍ പ്രത്യാശ പ്രകടിപ്പിച്ചു. അഞ്ച് വര്‍ഷത്തിനുള്ളില്‍ മനുഷ്യന്റെ ഇന്ദ്രിയഗോചര കഴിവുകള്‍ എല്ലാം കമ്പ്യൂട്ടറുകള്‍ക്കും ഉണ്ടാകും. പത്ത് വര്‍ഷമാകുമ്പോഴേക്കും മനുഷ്യന്റെ തലച്ചോറിലുള്ള ന്യൂറോണുകളേക്കാള്‍ അധികം ട്രാന്‍സിസ്റ്ററുകള്‍ ഒരു ചിപ്പില്‍ അടങ്ങിയിരിക്കുമെന്നും ഇന്റല്‍ ഇസ്രയേല്‍ പ്രസിഡന്റ് മൂഡി ഈഡന്‍ പറഞ്ഞു.

ചെരുപ്പ് നിര്‍മ്മാതാക്കളായ അഡിഡാസിനായുണ്ടാക്കിയ ഡിജിറ്റല്‍ സൈനില്‍ ഈ ടെക്‌നോളജി പ്രയോഗിച്ചിട്ടുണ്ടെന്നും റാറ്റ്‌നര്‍ അറിയിച്ചു. ഷോപ്പിംഗിനെത്തുന്ന ആള്‍ ആണോണോ പെണ്ണാണോ മുതിര്‍ന്നവരാണോ കുട്ടികളാണോ എന്ന് തിരിച്ചറിയാന്‍ ഈ സൈനിന് സാധിക്കും. പിന്നീട് അവര്‍ക്കിണങ്ങുന്ന ഷൂകളാണ് ഈ സൈന്‍ കാണിച്ചു നല്‍കുക.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot