ഇന്റല്‍ ഈ വര്‍ഷം 5000 ജീവനക്കാരെ കുറയ്ക്കുന്നു

Posted By:

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വരുമാനത്തില്‍ കാര്യമായ ഇടിവു സംഭവിച്ചതോടെ ആഗോള കമ്പനിയായ ഇന്റല്‍ ചെലവുചുരുക്കല്‍ നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഈ വര്‍ഷം 5,000 ജീവനക്കാരെ ഒഴിവാക്കും. വെള്ളിയാഴ്ച കമ്പനി ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് 108,000 ജീവനക്കാരാണ് കമ്പനിയിലുള്ളത്. ഇതില്‍ നിന്നാണ് 5000 പേരെ ഒഴിവാക്കുന്നത്. എന്നാല്‍ നേരിട്ടുള്ള പിരിച്ചുവിടല്‍ ഉണ്ടാവില്ല എന്ന് ഇന്റല്‍ വക്താവ് പറഞ്ഞു. നേരത്തെ വിരമിക്കാനുള്ള അവസരം നല്‍കുക, ഉടന്‍ പിരിഞ്ഞു പോകുന്നവര്‍ക്ക് പകരം ആളെ എടുക്കാതിരിക്കുക തുടങ്ങിയ രീതിയിലായിരിക്കും ജീവനക്കാരുടെ എണ്ണം കുറയ്ക്കുക.

ഇന്റല്‍ ഈ വര്‍ഷം 5000 ജീവനക്കാരെ കുറയ്ക്കുന്നു

കഴിഞ്ഞ രണ്ടുവര്‍ഷമായി കമ്പനിയുടെ വരുമാനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. 2011-ല്‍ 12.9 ബില്ല്യന്‍ ഡോളര്‍ ആയിരുന്നു വരുമാനമെങ്കില്‍ 2013-ല്‍ 9.6 ബില്ല്യന്‍ ഡോളറായി കുറഞ്ഞു. നിലവിലെ രീതിയില്‍ പോയാല്‍ ഈ വര്‍ഷവും വരുമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാവില്ല എന്ന സൂചന ലഭിച്ചതോടെയാണ് ചെലവു ചുരുക്കല്‍ നടപടികള്‍ ആരംഭിച്ചത്.

എട്ടുമാസം മുമ്പ് പുതിയ ഇന്റലിന്റെ പുതിയ സി.ഇ.ഒ ആയി ബ്രയാന്‍ ക്രസാനിച്ച് നിയമിതനായ ശേഷം നടക്കുന്ന ആദ്യത്തെ പിരിച്ചുവിടലാണ് ഇത്. സ്മാര്‍ട്‌ഫോണുകളും ടാബ്ലറ്റുകളും വ്യാപകമായതോടെ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ചിപ്പുകളുടെ ആവശ്യകത കുറഞ്ഞതാണ് കമ്പനിയുടെ വരുമാനത്തെ കാര്യമായി ബാധിച്ചത്.

കാലഘട്ടത്തിനനുസരിച്ച് മൊബൈല്‍, ടാബ്ലറ്റ് വിഭാഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാന്‍ കമ്പനി തയാറായതുമില്ല. പിരിച്ചു വിടല്‍ വാര്‍ത്ത പുറത്തുവന്നതോടെ ഇന്റലിന്റെ ഓഹരികളില്‍ വന്‍ ഇടിവുണ്ടായി.

Please Wait while comments are loading...

Social Counting