ഇന്ത്യന്‍ ഇന്റര്‍നെറ്റിന് ഇന്ന് പിറന്നാള്‍

By Super
|
ഇന്ത്യന്‍ ഇന്റര്‍നെറ്റിന് ഇന്ന് പിറന്നാള്‍

ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും ഇന്ത്യ സ്വതന്ത്രമായിട്ട് ഇന്ന് 65 വര്‍ഷം തികയുന്നു. ഇന്ത്യന്‍ ജനതയുടെ ജീവിതത്തിന് വിപ്ലവം കുറിച്ച ഓഗസ്റ്റ് 15 മറ്റൊരു വന്‍മാറ്റത്തിന് കൂടി സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിവുണ്ടാകില്ല. ഇപ്പോള്‍ ഈ ലേഖനം വായിക്കാന്‍ പോലും ഇടയാക്കുന്ന ഇന്റര്‍നെറ്റ് ഇന്ത്യയില്‍ ആരംഭിച്ച കാര്യമാണ് പറയുന്നത്. 1995 ഓഗസ്റ്റ് 15ന് (14ന് എന്നും ചില റിപ്പോര്‍ട്ടുകള്‍) വിഎസ്എന്‍എല്‍ ആണ് ഇന്റര്‍നെറ്റിനെ രാജ്യത്തെത്തിച്ചത്.

ഇന്ത്യയിലെ ഇന്റര്‍നെറ്റ് മുന്നേറ്റങ്ങള്‍

 

ഡല്‍ഹി ഉള്‍പ്പടെ ആറ് നഗരങ്ങളിലായി ഡയല്‍അപ് കണക്ഷനായാണ് 1995ല്‍ വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് ഇന്റര്‍നെറ്റ് അവതരിപ്പിച്ചത്. പിന്നീട് ടാറ്റാ ഗ്രൂപ്പിന്റെ കീഴിലാകുകയായിരുന്നു വിഎസ്എന്‍എല്‍. 1996ല്‍ ഇന്ത്യയിലെ ആദ്യ സൈബര്‍ കഫേ മുംബൈയില്‍ ആരംഭിച്ചു. മലയാളിയായ അജിത് ബാലകൃഷ്ണന്‍ റെഡിഫ് ഡോട്ട് കോം എന്ന പോര്‍ട്ടലിന് രൂപം നല്‍കിയതും ഇതേ വര്‍ഷമാണ്.

ഓണ്‍ലൈന്‍ ബാങ്കിംഗ് രംഗത്താണ് പിന്നീട് ഇന്റര്‍നെറ്റ് സ്വാധീനം ഏറെ കാണപ്പെട്ടത്. ഐസിഐസിഐ ബാങ്ക് ആദ്യ ഓണ്‍ലൈന്‍ ബാങ്കിംഗ് സൈറ്റ് 1997ല്‍ ആരംഭിച്ചു. പ്രമുഖ തൊഴില്‍ പോര്‍ട്ടലായ നൗക്‌രിയും ഇതേ വര്‍ഷമാണ് തുടങ്ങിയത്. ഇന്ത്യക്കാരനായ സബീര്‍ ഭാട്ട്യ രൂപം നല്‍കിയ ഹോട്ട്‌മെയില്‍ ഇമെയില്‍ സേവനം മൈക്രോസോഫ്റ്റ് അന്നത്തെ 40 കോടി ഡോളറിന് ഏറ്റെടുത്തതാണ് ആ വര്‍ഷം ശ്രദ്ധിക്കപ്പെട്ട മറ്റൊരു സംഭവം.

അതുവരെ വിഎസ്എന്‍എല്ലിന് ആധിപത്യം ഉണ്ടായിരുന്ന ഇന്റര്‍നെറ്റ് രംഗത്ത് ഇന്ത്യ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കായി പുതിയ നയം പ്രഖ്യാപിച്ചത് 1998ലാണ്. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ സേവനദാതാക്കളായി സിഫി അറിയപ്പെട്ടു. ഇപ്പോള്‍ 155 ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ രാജ്യത്തുണ്ട്.

1998ന്റെ അവസാനമായപ്പോഴേക്കും ഏകദേശം ഒന്നരലക്ഷം ഇന്റര്‍നെറ്റ് കണക്ഷനുകളായിരുന്നു രാജ്യത്ത് ഉണ്ടായത്. ഏറെ ശ്രദ്ധിക്കപ്പെട്ട ആദ്യകാല ഹാക്കിംഗ് സംഭവങ്ങളിലൊന്ന് ഈ വര്‍ഷം തന്നെയുണ്ടായി. ബാബാ ആറ്റോമിക് റിസര്‍ച്ച് സെന്ററിലെ സെര്‍വ്വര്‍ ഹാക്കിംഗായിരുന്നു അത്.

ഇന്ത്യയിലെ ഇന്റര്‍നെറ്റ് വളര്‍ച്ചയ്ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് വിവിധ വിദേശ ഇന്റര്‍നെറ്റ് കമ്പനികള്‍ ഇവിടെ ഇതിനകം പ്രവര്‍ത്തനം ആരംഭിച്ചുതുടങ്ങിയിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളും ഈ കാലത്ത് വളരാന്‍ തുടങ്ങി. 2000ലാണ് വിദേശപോര്‍ട്ടലുകളായ യാഹൂ, എംഎസ്എന്‍ എന്നിവ ഇന്ത്യന്‍ സൈറ്റുകളുടെ പ്രവര്‍ത്തനം (yahoo.co.in, msn.co.in) തുടങ്ങിയത്.

ഇന്ത്യന്‍ ഭാഷാ സൈറ്റുകളില്‍ മാറ്റങ്ങള്‍ ഉദ്‌ഘോഷിച്ചെത്തിയ ആദ്യകാല സൈറ്റുകളാണ് ദാറ്റ്‌സ്മലയാളം, ദാറ്റ്‌സ്തമിള്‍, ദാറ്റ്‌സ്‌കന്നഡ, ദാറ്റ്‌സ്‌തെലുഗു, ദാറ്റ്‌സ്‌ക്രിക്കറ്റ് എന്നിവ. 2000ലാണ് ഇവ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് 2006ല്‍ ഇത് വണ്‍ഇന്ത്യ പോര്‍ട്ടലിന്റെ ഭാഗമാകുകയായിരുന്നു. ഇപ്പോള്‍ വണ്‍ഇന്ത്യ ഇംഗ്ലീഷ് ഉള്‍പ്പടെ ആറ് ഭാഷകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല ടെക്‌നോളജി സൈറ്റായ ഗിസ്‌ബോട്ട്, ഗുഡ്‌റിട്ടേണ്‍സ്, ഡ്രൈവ്‌സ്പാര്‍ക്, ബോള്‍സ്‌കൈ ഉള്‍പ്പടെ വിവിധ കാറ്റഗറിയിലായി ആറ് ഭാഷകളിലുള്ള പോര്‍ട്ടലുകള്‍ 2012 ജനുവരി മുതല്‍ ആരംഭിക്കുകയുമുണ്ടായി.

2001ല്‍ ആദ്യ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ബാംഗ്ലൂരില്‍ തുറന്നു. ഇതേ വര്‍ഷം സൈബര്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട അറസ്റ്റ് ഉണ്ടായി. ഗോ2നെക്‌സ്റ്റ് ഡോട്ട് കോം എന്ന സൈറ്റ് ഹാക്ക് ചെയ്തതിനാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ റെയില്‍വേ ടിക്കറ്റ്ബുക്കിംഗ് സൈറ്റായ irctc.comന് ഇന്ത്യന്‍ റെയില്‍വെ ആരംഭം കുറിച്ചതും ഇതേ വര്‍ഷമാണ്.

2002ല്‍ ഓണ്‍ലൈന്‍ എയര്‍ടിക്കറ്റ് ബുക്കിംഗ് സേവനം ആദ്യമായി ലഭ്യമാക്കിക്കൊണ്ട് എയര്‍ഡെക്കാന്‍ രംഗത്തുവന്നു. ഇന്ത്യാബുള്‍സ്, ഇന്ത്യഇന്‍ഫോലൈന്‍ വെബ്‌സൈറ്റുകള്‍ ഡോട്ട്‌കോം ഐപിഒയ്ക്ക് ആരംഭം കുറിച്ചത് 2004ലാണ്. വിജയകരമായ ഈ നീക്കം ഡോട്ട്‌കോം രംഗത്തെ ഓഹരിമേഖലയിലേക്ക് കൂടുതലായി കൊണ്ടുവരാന്‍ ഇടയാക്കി.

 

2005ല്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 4 കോടിയായി വര്‍ധിച്ചു. ആഗോളതലത്തിലെ മൊത്തം ഉപയോക്താക്കളുടെ നാല് ശതമാനമായിരുന്നു ഇത്. 2 ലക്ഷം സൈബര്‍ കഫേകള്‍ ഈ കാലത്തിനകം ഉണ്ടായി (2005ലെ കണക്ക്).

തൊട്ടടുത്ത വര്‍ഷമാണ് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ തദ്ദേശീയ സെര്‍ച്ച് എഞ്ചിന്‍ പതിപ്പുമായി ഇന്ത്യയിലെത്തിയത്. 1998ല്‍ ഗൂഗിള്‍ ഡോട്ട് കോം പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും ഒരു ഡോട്ട് ഇന്‍ സെര്‍ച്ച് എഞ്ചിനായി മാറാന്‍ 2006വരെ കാത്തിരിക്കേണ്ടി വന്നു.

2010-11 ഓടെ 26 ലക്ഷത്തിലേറെ ഡൊമൈന്‍ നെയിമുകളാണ് ഇന്ത്യയിലുണ്ടായത്. അതില്‍ 16 ലക്ഷവും ഡോട്ട് കോം ഡൊമൈനിലും 10 ലക്ഷത്തിനടുത്ത് ഡോട്ട് ഇന്‍ ഡൊമൈനിലും പ്രവര്‍ത്തിക്കുന്നു. ഈ സമയത്ത് മൊത്തം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഏകദേശം 10 കോടിയിലേറെയായി. ഇന്നിപ്പോള്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത വളര്‍ച്ചയ്ക്ക് പരിധിയില്ലാതെയായിരിക്കുന്നു. 2ജിയും 3ജിയും 4ജിയും ഇന്റര്‍നെറ്റിന് വേഗത കൂട്ടിയെത്തി. മൊബൈല്‍ സേവനദാതാക്കളെല്ലാം ഇന്റര്‍നെറ്റ് സേവനവും എത്തിക്കുന്നതിനാല്‍ ഗ്രാമീണ നാഗരിക വ്യത്യാസമില്ലാതെ എല്ലാവരിലേക്കും ഇന്റര്‍നെറ്റിന് എത്തിപ്പെടാന്‍ സാധിച്ചു. കമ്പ്യൂട്ടറും ലാപ്‌ടോപും ടാബ്‌ലറ്റും ഇല്ലാത്തവര്‍ക്ക് കുറഞ്ഞ വിലക്ക് ലഭിക്കുന്ന ജിപിആര്‍എസ് അധിഷ്ഠിത ഹാന്‍ഡ്‌സെറ്റ് വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്നായി.

2012 ഒന്നാം പാദത്തിലെ കണക്ക് പ്രകാരം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഏറ്റവും അധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ളത് ചൈനയിലാണ്. രണ്ടാം സ്ഥാനം യുഎസിനും. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 12.1 കോടിയോളം വരും. ജപ്പാന്‍, യുകെ പോലുള്ള രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് പിറകിലാണ്. വേള്‍ഡ് ഇന്റര്‍നെറ്റ് യൂസര്‍ സ്റ്റാറ്റിക്കാണ് ഈ വിവരങ്ങള്‍ ലഭ്യമാക്കുന്നത്.

കഴിഞ്ഞ 17 വര്‍ഷം കൊണ്ട് ഇന്റര്‍നെറ്റ് വഴി ഇന്ത്യയിലുണ്ടായ മാറ്റങ്ങളാണ് ഇവ. ഇതില്‍ ഏതെങ്കിലും കണക്കുകളില്‍ തെറ്റോ അല്ലെങ്കില്‍ ഉള്‍പ്പെടാതെ പോകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം കമന്റ് ബോക്‌സില്‍ ഉള്‍പ്പെടുത്തി ഈ ലേഖനത്തെ പൂര്‍ണ്ണമാക്കാന്‍ നിങ്ങള്‍ക്കും സാധിക്കും

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X