പ്രശ്നം കശ്മീരികൾക്ക് മാത്രമല്ല; ഇന്റർനെറ്റ് നിരോധനത്തിന്റെ കാണാപ്പുറങ്ങൾ

കശ്മീർ പോലെ പ്രശ്ന ബാധ്യത മേഖലകളിലും മറ്റും അടിക്കടി ഇന്റർനെറ്റ് നിരോധനം ഉണ്ടാകുന്നത് നാം കാണാറുണ്ട്. ആഗോള തലത്തിലെ മറ്റൊരുപാട് റാങ്കിങ് പട്ടികകളിൽ നമ്മുടെ രാജ്യം ഏറെ പിന്നിലാണെങ്കിലും ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്തുണ്ട്. ഒരു പ്രദേശത്തെ മാത്രം ബാധിക്കുന്ന പ്രശ്നമെന്നതിലും വലിയ മാനം ഇന്റർനെറ്റ് നിരോധനത്തിനുണ്ട് എന്ന കാര്യം നാം പലപ്പോഴും ആലോചിക്കാറില്ല. അതിന്റെ യാഥാർഥ ആഘാതം മനസിലാകുന്നത് അത് സൃഷ്ടിക്കുന്ന സാമ്പത്തിക നഷ്ടത്തെക്കുറിച്ച് അറിയുമ്പോഴാണ്. ആഗോളതലത്തിലും ഇന്റർനെറ്റ് നിരോധനത്തിൽ വൻ വർധനവ് ഉണ്ടായ കാലമാണ് കടന്ന് പോകുന്നത്.
Internet Shutdowns : ഇന്റർനെറ്റ് നിരോധനം

ലോകമെമ്പാടുമുണ്ടായ ഇന്റർനെറ്റ് നിരോധന സംഭവങ്ങളിൽ 2022ൽ 45 ശതമാനത്തിന്റെ വർധനവ് ആണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വിവിധ രാജ്യങ്ങളിലായി 50,095 മണിക്കൂർ നേരത്തേക്കാണ് കഴിഞ്ഞ വർഷം മാത്രം ഇന്റർനെറ്റ് നിരോധിച്ചത്. ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ആകെ മൊത്തം 23.79 ബില്യൺ ഡോളറിന്റെ നഷ്ടം ഇത് മൂലമുണ്ടായെയെന്നും കണക്കുകൾ പറയുന്നു. കഴിഞ്ഞ വർഷത്തെ ഇന്റർനെറ്റ് നിരോധനത്തിന്റെ കണക്കെടുത്താൽ പട്ടികയിൽ നമ്മുടെ രാജ്യമായ ഇന്ത്യ ആറാം സ്ഥാനത്താണ്. 2022ൽ ഇന്ത്യയിൽ മൊത്തം 1,451 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടതായാണ് വിലയിരുത്തൽ. Internet നിരോധനം കാരണം രാജ്യത്ത് മൊത്തം 184.3 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടായെന്നും വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകളെക്കുറിച്ചും ഇന്റർനെറ്റിനെക്കുറിച്ചും പഠിക്കുന്ന വെബ്‌സൈറ്റായ ടോപ്പ്10വിപിഎൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
2022-ൽ മാത്രം 710 ദശലക്ഷം ആളുകളെയാണ് ആഗോള തലത്തിൽ ഇന്റർനെറ്റ് നിരോധനം ബാധിച്ചത്. ഇന്റർനെറ്റ് നിരോധനമേൽപ്പിക്കുന്ന ആഘാതത്തിന്റെ വാർഷിക കണക്കെടുപ്പ് നടത്തിയാൽ 2022ൽ 41 ശതമാനം വർധനവുണ്ടായെന്ന് മനസിലാക്കാനും സാധിക്കും. കഴിഞ്ഞ വർഷം 23 രാജ്യങ്ങളിലായി 114 പ്രധാനപ്പെട്ട ഇന്റർനെറ്റ് നിരോധന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഭൂരിഭാഗവും മനുഷ്യാവകാശ ലംഘനമോ അതുമായി ബന്ധപ്പെട്ടുള്ള സംഭവങ്ങളോ ആണെന്നും നാം അറിഞ്ഞിരിക്കണം.
ഇന്റർനെറ്റ് നിരോധനത്തിൽ നിലവിൽ ആഗോളതലത്തിൽ റഷ്യയാണ് മുന്നിലുള്ള രാഷ്ട്രം. 7,407 മണിക്കൂർ നേരത്തേക്കാണ് കഴിഞ്ഞ വർഷം മാത്രം റഷ്യയിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. 2022-ൽ ഇന്റർനെറ്റ് നിരോധനം കാരണം ഏകദേശം 21.59 ബില്യൺ ഡോളറിന്റെ നഷ്ടം റഷ്യൻ സാമ്പത്തിക മേഖല നേരിടുകയും ചെയ്തു. സ്ത്രീപക്ഷ പ്രക്ഷോഭങ്ങൾ കൊടുമ്പിരിക്കൊണ്ട ഇറാൻ ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.
പട്ടികയിൽ ആറാം സ്ഥാനത്താണ് നമ്മുടെ രാജ്യം. ഇന്ത്യയിൽ 82 മണിക്കൂർ നേരത്തേക്കാണ് ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിക്കപ്പെട്ടത് ( സമൂഹ മാധ്യമ നിയന്ത്രണങ്ങൾ അടക്കം ). 2022 ൽ ഇന്ത്യയിൽ പ്രധാനപ്പെട്ട 34 ഇന്റർനെറ്റ് നിരോധന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2012 ജനുവരി മുതൽ 2022 മാർച്ച് വരെയുള്ള കാലഘട്ടത്തിൽ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ 550ൽ കൂടുതൽ ഇന്റർനെറ്റ് നിരോധനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിലയിരുത്തലുകൾ ശരിയെങ്കിൽ ആഗോള തലത്തിലെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിത്.

പറയുമ്പോൾ കാര്യങ്ങൾ ഇതൊക്കെയാണെങ്കിലും ഇന്റർനെറ്റ് നിരോധനം സംബന്ധിച്ച കൃത്യമായ കണക്കുകളോ വിവരങ്ങളോ അവ സൃഷ്ടിച്ച പ്രശ്നങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളോ ഒന്നും നമ്മുടെ രാജ്യത്തെ ഒരു കേന്ദ്ര ഏജൻസിയുടെ കൈവശവുമില്ലെന്നാണ് ഏറ്റവും വിചിത്രം. ഇന്റർനെറ്റ് വിച്ഛേദിക്കുന്നത് അടക്കമുള്ള തീരുമാനങ്ങൾ എടുക്കുന്നത് സംസ്ഥാനങ്ങളും ജില്ലാ ഭരണകൂടങ്ങളുമാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. അതിനാൽ തന്നെ ഇത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ആഭ്യന്തര മന്ത്രാലയത്തിന്റെയോ ടെലിക്കോം മന്ത്രാലയത്തിന്റെയോ പക്കലില്ലെന്നും സർക്കാർ ന്യായീകരണം പറയുന്നുണ്ട്.
കശ്മീർ പോലെയുള്ള മേഖലകളിൽ, വിഘടനവാദത്തെ നേരിടാൻ, കലാപ മേഖലകളിൽ സംഘർഷം വ്യാപിക്കാതിരിക്കാൻ തുടങ്ങി ഇന്റർനെറ്റ് നിരോധനങ്ങൾക്ക് നാം പല വിധ ന്യായീകരണങ്ങൾ നിരത്താറുണ്ട്. എന്നാൽ ഇവ സാമ്പത്തിക മേഖലയിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ നാം ആലോചിക്കാറ് പോലുമില്ല. ഡിജിറ്റൽ ഇന്ത്യയുടെ കാലത്ത് ഇന്റർനെറ്റ് വിച്ഛേദിക്കപ്പെടുന്നത് എന്തിന്റെ പേരിലായാലും രാജ്യത്തിന് സൃഷ്ടിക്കുന്നത് വലിയ സാമ്പത്തിക ആഘാതമാണെന്നത് പറയാതിരിക്കാൻ കഴിയില്ല. തടസങ്ങളും അനാവശ്യ നിയന്ത്രണങ്ങളുമില്ലാത്ത ഇന്റർനെറ്റ് കണക്റ്റിവിറ്റി രാജ്യപുരോഗതിക്ക് അനിവാര്യവുമാണ്.


Click it and Unblock the Notifications