'മുങ്ങൽ വിദഗ്ധൻ' ഐഫോൺ; ആറ്റിൽ കിടന്നത് 3 മാസം, പുറത്തെടുത്തപ്പോൾ ഒരു കുഴപ്പവുമില്ല!
ആളുകളുടെ പ്രതീക്ഷയ്ക്കും അപ്പുറത്തുള്ള മികവ് പ്രകടിപ്പിക്കുന്നതിൽ ആപ്പിളിന്റെ ഐഫോണുകൾ എന്നും മുന്നിലാണ്. മികച്ച നിലവാരത്തിലാണ് ആപ്പിൾ തങ്ങളുടെ ഐഫോണുകൾ നിർമിക്കുന്നത്. ആ ഗുണമേന്മയും വിശ്വാസവുമാണ് ആളുകളെ ഐഫോൺ ആരാധകരാക്കി മാറ്റുന്നത്. ഐഫോണുകൾ ലോകത്തെ അമ്പരപ്പിച്ച പല സംഭവങ്ങളും ഇതിനോടകം ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് ഇപ്പോൾ ഒന്നുകൂടി ചേർക്കപ്പെട്ടിരിക്കുന്നു.
സ്മാർട്ട്ഫോണുകളുടെ പ്രധാന ശത്രുവാണ് വെള്ളം. അൽപ്പ സ്വൽപ്പം വെള്ളത്തെയൊക്കെ പ്രതിരോധിക്കാനുള്ള ശേഷിയോടെയാണ് ഐഫോണുകളും മറ്റ് ഒട്ടുമിക്ക ഫോണുകളും ഇപ്പോൾ എത്തുന്നത്. എങ്കിലും അതിനൊരു പരിധിയൊക്കെ ഉണ്ട്. അധികനേരം ജലത്തെ പ്രതിരോധിക്കാൻ ഈ ഫോണുകളിലെ സംവിധാനങ്ങൾക്ക് കഴിയുമെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നില്ല. ഐഫോണുകളുടെ കാര്യവും അങ്ങനെ തന്നെ.

എന്നാൽ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ച്, ഇനി ഒരിക്കലും പ്രവർത്തിക്കില്ല എന്നുറപ്പിച്ചിടത്തുനിന്ന് തിരിച്ചത്തി പ്രതിരോധത്തിന്റെയും മികവിന്റെയും പ്രതിരൂപമായി മാറിയിരിക്കുകയാണ് ഒരു ഐഫോൺ. വടക്കൻ കാലിഫോർണിയ സ്റ്റാനിസ്‌ലൗസ് നദിയിൽ മൂന്ന് മാസത്തോളം മുങ്ങിക്കിടന്ന ഐഫോൺ 12 ആണ് ഇപ്പോൾ വീണ്ടെടുക്കപ്പെട്ടപ്പോൾ ഒരു പ്രശ്നവുമില്ലാതെ പഴയതുപോലെ പ്രവർത്തിച്ച് വിസ്മയിപ്പിച്ചിരിക്കുന്നത്.
നദി ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്ത മുങ്ങൽ വിദഗ്ധൻ ലീ ആണ് നവംബർ 10 ന് ആൽഗകൾ നിറഞ്ഞ ഐഫോൺ കണ്ടെത്തിയത്. ശുചീകരണത്തിനിടയിൽ അപ്രതീക്ഷിതമായാണ് ലീയുടെ കൈയിൽ ഐഫോൺ 12 തടഞ്ഞത്. വെള്ളത്തിനടിയിൽ ദീർഘനാൾ കിടന്നിട്ടും ആ ഐഫോൺ 12 ശ്രദ്ധേയമായ പ്രതിരോധം പ്രകടമാക്കി.

ആറ് ദിവസത്തെ സൂക്ഷ്മമായ എയർ ഡ്രൈയിംഗ് പ്രക്രിയയ്ക്ക് ശേഷം, ഒരു ചാർജറുമായി കണക്ട് ചെയ്തതോടെ ആ ഐഫോൺ 12 വിജയകരമായി ഓൺ ആക്കാൻ ലീയ്ക്ക് സാധിച്ചു. വെള്ളത്തിൽ കിടന്നിട്ടും ഒരു കുഴപ്പവുമില്ലാതെ ഐഫോൺ 12 ഓൺ ആയെങ്കിലും അതിനെക്കാൾ ലീയെ അതിശയിപ്പിച്ചത് മറ്റൊന്നായിരുന്നു.
ആ ഫോണിന് പാസ്വേഡ് ഉണ്ടായിരുന്നില്ല എന്നതായിരുന്നു അത്. പാസ്വേഡ് ഇല്ലാത്തതിനാൽ തന്നെ ഫോണിലെ ഗാലറിയിലേക്കും കോൺടാക്ടുകളിലേക്കും ലീയ്ക്ക് ആക്സസ് ലഭിച്ചു. സെപ്തംബർ 4 ന് അതേ നദിയിൽ നിന്ന് പകർത്തിയ ഏറ്റവും പുതിയ വീഡിയോ ഫോണിൽ കണ്ടെത്താനായി. ഇതിൽനിന്നാണ് മൂന്ന് മാസത്തിന് മുമ്പാണ് ഫോൺ വെള്ളത്തിൽ വീണത് എന്ന് കണ്ടെത്തിയത്.
ഫോണിന്റെ ഉടമയെ കണ്ടെത്താനും അത് തിരിച്ചേൽപ്പിക്കാനുമായി ആ ഐഫോൺ 12 ൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കോൺടാക്ടുകളിലേക്ക് ബന്ധപ്പെടാനാണ് ലീയുടെ നീക്കം. മൂന്ന് മാസം വെള്ളത്തിൽ കിടന്നിട്ടും ഒരു കുഴപ്പവും കൂടാതെ പ്രവർത്തിച്ച ഈ ഐഫോൺ 12 ആപ്പിളിന്റെ എഞ്ചിനീയറിംഗ് മാനദണ്ഡങ്ങളുടെ മികവിന്റെ സാക്ഷ്യപ്പെടുത്തലാകുന്നു.

എങ്കിലും ഇതൊക്ക കണ്ട് ഐഫോൺ 12 അല്ലങ്കിൽ മറ്റേതെങ്കിലും ഐഫോൺ മോഡലുകൾ വെള്ളത്തിലിട്ടാലും കുഴപ്പമൊന്നുമുണ്ടാകില്ല എന്ന് ആരും കരുതരുത്. ആപ്പിൾ തന്നെ അക്കാര്യം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഐഫോണുകൾക്ക് ജലപ്രതിരോധ ശേഷിയുണ്ടെങ്കിലും അതിന് ഒരു പരിധിയൊക്കെയുണ്ട്. ഐഫോൺ മനപ്പൂർവം വെള്ളവുമായി സമ്പർക്കത്തിൽ ഏർപ്പെടുത്തുന്നത് ദോഷം ചെയ്യുമെന്നാണ് ആപ്പിളിന്റെ മുന്നറിയിപ്പ്.
ഒരു നിശ്ചിത സമയത്തേക്ക് 6 മീറ്റർ വരെ വെള്ളം കയറുന്നത് ചെറുക്കാൻ കഴിയും വിധമാണ് ഐഫോണുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. എങ്കിലും എല്ലാത്തരം പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാൻ ഈ ഐഫോണുകൾക്ക് കഴിഞ്ഞു എന്നുവരില്ല. ഐഫോണുകൾ ഉപയോഗിച്ച് നീന്തുകയോ കുളിക്കുകയോ പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് ആപ്പിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു.
ഫോണുകളുടെ ദീർഘായുസിനായി ഉപയോക്താക്കൾ ഏറെ ജാഗ്രത പാലിക്കണം എന്നാണ് ആപ്പിളിന്റെ നിലപാട്. ഫോൺ സംരക്ഷിക്കുന്നതിനായി ആപ്പിൾ ചില മാർഗ നിർദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന് നാം കേട്ടിട്ടില്ലേ, ആപ്പിൾ ഐഫോണുകളുടെ കാര്യത്തിൽ അത് ഏതാണ്ട് സത്യമാണ്. എങ്കിലും അത് പരീക്ഷിക്കാൻ സാഹസത്തിന് മുതിരാതിരിക്കുന്നതാണ് നല്ലത്.


Click it and Unblock the Notifications








