ഫ്ലിപ്പ്കാർട്ടിൽ 11 രൂപയ്ക്ക് ഐഫോൺ 13: കിട്ടിയവരുണ്ടോ? അത് പിന്നെ..!
ആനകൊടുത്താലും ആശകൊടുക്കരുത് എന്ന് മലയാളത്തിൽ ഒരു ചൊല്ലുണ്ട്, അതിന്റെ പൊരുൾ ആരങ്കിലും ആ ഫ്ലിപ്പ്കാർട്ടിനോട് ഒന്ന് പറഞ്ഞ് മനസിലാക്കിക്കൊടുക്കേണ്ടിയിരിക്കുന്നു. കാരണം ഫ്ലിപ്പ്കാർട്ടിന്റെ ചില നടപടികൾ അത്ര ശരിയല്ല എന്നാണ് ഒരു വിഭാഗം ട്വിറ്റർ (ഇപ്പോൾ X) ഉപയോക്താക്കൾ ഇപ്പോൾ പറയുന്നത്. അവരുടെ ഭാഗത്തുനിന്ന് നോക്കിയാൽ ആവശ്യം ന്യായവുമാണ്. കാരണം ഐഫോൺ 13 വെറും 11 രൂപയ്ക്ക് കിട്ടുമെന്ന് കേട്ട് പാവങ്ങൾ അത്രയ്ക്ക് ആഗ്രഹിച്ചുപോയി. എന്നാൽ ഉറക്കം കളഞ്ഞ് കുത്തിയിരുന്നിട്ട് വല്ലതും നടന്നോ അതുമില്ല. അതിനെത്തുടർന്നുള്ള നിരാശ വിമർശനവും കളിയാക്കലുമൊക്കെയായി ട്വിറ്ററിൽ നിറയുകയായിരുന്നു.
സംഭവം യഥാർഥത്തിൽ ഇങ്ങനെയാണ്: ഫ്ലിപ്പ്കാർട്ടിൽ സെപ്റ്റംബർ 27 മുതൽ ബിഗ് ബില്യൺ ഡേയ്സ് സെയിൽ ആരംഭിക്കുകയാണ്. ഈ ഓഫർ സെയിലിന്റെ ഭാഗമായി സ്മാർട്ട്ഫോണുകൾ വൻ ഡിസ്കൗണ്ടിൽ ലഭ്യമാകാറുണ്ട്. അതിനാൽത്തന്നെ ബിഗ് ബില്യൺ ഡേയ്സ് പ്രഖ്യാപനം വന്നതുമുതൽ ആളുകൾ മികച്ച ഡീലുകൾ സ്വന്തമാക്കാനായി ഫ്ലിപ്പ്കാർട്ടിനെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.

ഔദ്യോഗിക ബിഗ് ബില്യൺ സെയിൽ ആരംഭിക്കുന്നതിന് മുൻപ് തന്നെ വരാൻ പോകുന്ന ചില ഡീലുകളുടെ ഡീറ്റെയിൽസ് ഫ്ലിപ്പ്കാർട്ട് പുറത്തുവിടാറുണ്ട്. ഇത് സെയിലിനായി തയാറെടുക്കാൻ ആളുകളെ സഹായിക്കുന്നു. ഡിസ്കൗണ്ട് ഡീറ്റെയിൽസ് പുറത്തുവിടുന്നത് കൂടാതെ ആളുകളെ ആകർഷിക്കാൻ ഫ്ലിപ്പ്കാർട്ട് ചില പ്രത്യേക ഡീലുകൾ പ്രഖ്യാപിക്കുകയും ചെയ്യാറുണ്ട്. അത്തരത്തിൽ പ്രഖ്യാപിച്ച ഒരു ഡീൽ ആണ് ഇപ്പോൾ ട്വിറ്ററിലെ പ്രധാന ചർച്ച.
ബിഗ് ബില്യൺ ഡേയ്സ് സെയിലിന്റെ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഫ്ലിപ്പ്കാർട്ട് ഒരു ഡീൽ മുന്നോട്ട് വച്ചു. സെപ്റ്റംബർ 22-ന് രാത്രി കൃത്യം 11ന് ഐഫോൺ 13 വെറും 11 രൂപയ്ക്ക് വിൽക്കും എന്നതായിരുന്നു പ്രഖ്യാപനം. സ്വാഭാവികമായും ഈ ഡീൽ സ്വന്തമാക്കാൻ നിരവധി പേർ ഉറക്കം കളഞ്ഞ് കാത്തിരുന്നു.
ഫ്ലിപ്പ്കാർട്ട് അവകാശപ്പെട്ടതു പോലെ തന്നെ 11 രൂപയ്ക്ക് ഐഫോൺ 13 ലഭ്യമാകുന്ന പേജ് പ്രത്യക്ഷപ്പെട്ടു. എന്നാൽ ഈ ഡീൽ സ്വന്തമാക്കാനായി 'ബൈ നൗ' എന്ന ബട്ടൻ ക്ലിക്ക് ചെയ്യാൻ പലർക്കും കഴിഞ്ഞില്ല, അൽപ്പ നിമിഷങ്ങൾക്കകം സ്റ്റോക്ക് തീർന്നു എന്ന മെസേജ് പ്രത്യക്ഷപ്പെടുകയും ചെയ്തു.
തുടർന്ന് ഫ്ലിപ്പ്കാർട്ട് പറഞ്ഞ 11 രൂപയുടെ ഐഫോൺ 13 ആർക്കെങ്കിലും ലഭ്യമായോ എന്ന അന്വേഷണവുമായി ആളുകൾ നേരേ ട്വിറ്ററിലേക്ക് എത്തി. ഡീലിനായി കാത്തിരുന്ന നിരവധി പേർ തങ്ങൾക്കുണ്ടായ നിരാശ പങ്കുവച്ചു. ആർക്കെങ്കിലും ഈ ഡീൽ സ്വന്തമാക്കാൻ കഴിഞ്ഞോ എന്നാണ് ഏവർക്കും അറിയേണ്ടിയിരുന്നത്. ഭൂരിഭാഗം പേരും തങ്ങൾക്ക് അത് ഓഡർ ചെയ്യാൻ കഴിഞ്ഞില്ല എന്ന് വ്യക്തമാക്കി.
എന്നാൽ ഓഡർ സക്സസായി എന്ന് അറിയിപ്പ് കിട്ടി എന്ന് അവകാപ്പെട്ടും ഒരാൾ രംഗത്തെത്തിയിട്ടുണ്ട്. ഇയാൾക്ക് ഈ ഓഡർ കിട്ടുമോയെന്ന് കാത്തിരുന്നു കാണണം എന്നാണ് ആളുകൾ ചൂണ്ടിക്കാണിക്കുന്നത്. കാരണം, അടുത്തിടെ ഒരു മോട്ടറോള ഫോൺ വൻ ഡിസ്കൗണ്ടിൽ ഓഡർ സ്വകരിച്ച ശേഷം പിന്നീട് ഫ്ലിപ്പ്കാർട്ട് ആ ഓഡറുകൾ ക്യാൻസൽ ചെയ്തിരുന്നു.
അതിനാൽ ഇപ്പോൾ 11 രൂപയ്ക്ക് ഐഫോൺ 13 ഓഡർ ചെയ്യാൻ കഴിഞ്ഞു എന്ന് അവകാശപ്പടുന്നയാൾക്ക് അത് കിട്ടിയാൽ മാത്രമേ ഡീൽ ശരിക്കും ഉള്ളതായിരുന്നു എന്ന് പറയാൻ സാധിക്കൂ. ഡീലിനായി കാത്തിരുന്നിട്ട് ഒടുവിൽ നിരാശരായവർ വൻ വിമർശനവും പരിഹാസവുമാണ് ഫ്ലിപ്പ്കാർട്ടിനെതിരേ ഉയർത്തിയത്. എന്തായാലും ശരിക്കുള്ള ബിഗ് ബില്യൺ ഡേയ്സ് ഓഫറുകൾ ലാഭകരമാകുമോ അതോ തട്ടിക്കൂട്ട് ആണോ എന്ന് 27ന് അറിയാം.
Image credit: Twitter


Click it and Unblock the Notifications








