മൂന്ന് വിദ്യാർഥികൾ മലകയറാൻ പോയി, ഒരു ചങ്ങാതിക്ക് ഐഫോൺ ഉണ്ടായിരുന്നതുകൊണ്ട് ജീവൻ തിരിച്ചുകിട്ടി!
ആപ്പിളിന്റെ വിവിധ ഡിവൈസുകൾ ആളുകളുടെ ജീവൻ രക്ഷിച്ചതായുള്ള വാർത്ത പലവട്ടം നാം കേട്ടിട്ടുണ്ട്. ചിലപ്പോൾ അത് സ്മാർട്ട് വാച്ചുകളാകാം. മറ്റ് ചിലപ്പോൾ അത് ഐഫോൺ ആകാം. എന്തിനേറെ പറയുന്നു. ആപ്പിളിന്റെ എയർടാഗ് പോലും ആളുകളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ആപ്പിൾ ഉപകരണങ്ങൾ ആളുകളുടെ ജീവൻ രക്ഷിക്കുന്നത് ഏറെ സന്തോഷം പകരാറുണ്ടെന്ന് സിഇഒ ടിം കുക്ക് അടുത്തിടെ തന്റെ ദിനചര്യകളെയും പതിവ് ശീലങ്ങളെയും പറ്റി പറയുമ്പോൾ പരാമർശിച്ചിരുന്നു. ആ നിലയ്ക്ക് ടിം കുക്കിന് ഏറെ സന്തോഷം പകരുന്ന ഒരു വാർത്ത എത്തിയിട്ടുണ്ട്.

ഒറ്റയടിക്ക് മൂന്ന് വിദ്യാർഥികളുടെ ജീവൻ രക്ഷപ്പെടാൻ ആപ്പിൾ ഐഫോൺ 14 കാരണമായി എന്നതാണ് ആ വാർത്ത. സാഹസിക യാത്രകൾ പലപ്പോഴും അപകടങ്ങളിൽ ചെന്നാകും അവസാനിക്കുക. അത്തരത്തിൽ മൂന്ന് ജീവൻ നഷ്ടപ്പെടുമായിരുന്ന അപകട സാഹചര്യമാണ് ഐഫോൺ 14 ന്റെ സഹായത്താൽ ഇപ്പോൾ ഇല്ലാതായിരിക്കുന്നത്.
ബ്രിഗാം യംഗ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളായ മംഫോർഡും ജെറമിയും സ്റ്റീഫൻ വാട്ട്സും പഠനം അവസാനിക്കുന്നതിന് മുമ്പ് ഒരു സാഹസികയാത്ര പോകാൻ തീരുമാനിച്ചു. മുൻപ് ഏറെ കേട്ടിട്ടുള്ള മലയിടുക്കുകളും മറ്റ് ഭൂഗർഭ കുളങ്ങളും നിറഞ്ഞ യൂട്ടായിലെ സാൻ റാഫേൽ സ്വെൽ റിക്രിയേഷൻ ഏരിയയാണ് അതിനായി അവർ തെരഞ്ഞെടുത്തത്.

യാത്രയ്ക്ക് മുമ്പായി ആ പ്രദേശത്തെപ്പറ്റി അവർ കാര്യമായ പഠനങ്ങളും നടത്തി. ആ പ്രദേശത്തെക്കുറിച്ച് മുൻപ് തന്നെ വായിച്ചും കേട്ടും ഒരുപാട് ആകർഷിക്കപ്പെട്ടിരുന്നതിനാൽ ഏതാണ്ട് ഒരു വർഷമായി അവിടേക്ക് യാത്രപോകാൻ അവർ പ്ലാനുകൾ ഇട്ടെങ്കിലും നടന്നില്ല. ഒടുവിൽ ഇനി ഒരു അവസരം ഉണ്ടാകില്ല എന്ന കണക്കുകൂട്ടലിൽ ആയിരുന്നു ബിരുദദാനത്തിന് മുമ്പേയുള്ള ഈ യാത്ര.
എന്നാൽ അവരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്ന വരവേൽപ്പാണ് ഉട്ടായിൽ പ്രകൃതി അവർക്കായി ഒരുക്കിവച്ചിരുന്നത്. അധിക ഈർപ്പമുള്ള ശൈത്യകാലം മലയിടുക്കിനെ ഒരു പരിധിവരെ മാറ്റിമറിച്ചിരുന്നു. അതോടെ മുന്നോട്ടുള്ള യാത്ര അവർ പ്രതീക്ഷിച്ചതിനെക്കാൾ കഠിനമാകുകയും ഒരു ഘട്ടത്തിൽ മലയിടുക്കിലെ വെള്ളംനിറഞ്ഞ ഗർത്തത്തിൽ അവർ അകപ്പെടുകയും ചെയ്തു.
മലകയറാനുള്ള ശ്രമത്തിനിടയിൽ ആദ്യം ഒരു വെള്ളക്കെട്ടിൽ അകപ്പെട്ടെങ്കിലും ഒരുവിധം കരകയറി അവർ യാത്ര തുടർന്നു. എന്നാൽ അത് ചെന്നെത്തിയത് മറ്റൊരു വലിയ വെള്ളക്കെട്ടിലേക്ക് ആയിരുന്നു. ഈ വെള്ളക്കെട്ട് മറികടന്ന് മലകയറാനുള്ള ശ്രമത്തിനിടെ ഒരടിപോലും മുന്നോട്ട് നീങ്ങാനാവാത്ത വിധത്തിൽ രണ്ടുപേർ അവിടെ കുടുങ്ങി. പുറത്തിറങ്ങാനായി മണിക്കൂറുകളോളം പരിശ്രമിച്ചെങ്കിലും ഒരു പുരോഗതിയും ഉണ്ടായില്ല.
ഇതിനിടെ ദീർഘനേരം വെള്ളത്തിൽ നിന്നതിന്റെ ഫലമായി ശരീരത്തിലെ ചൂട് നഷ്ടപ്പെട്ട് ഹൈപ്പോഥർമിയയുടെ ലക്ഷണങ്ങൾ കാണാൻ തുടങ്ങി. ഇതോടെ മരണത്തിന്റെ വക്കിലെത്തിയ വിദ്യാർഥികൾ എന്ത് ചെയ്യണമെന്നറിയാതെ വെള്ളത്തിൽ നിന്നു. നെറ്റ്വർക്ക് കവറേജ് ഇല്ലാത്ത ഏരിയ ആയതിനാൽ പുറം ലോകവുമായി ബന്ധപ്പെട്ട് സഹായം തേടാനും അവർക്ക് കഴിഞ്ഞില്ല.
ഈ ഘട്ടത്തിലാണ് സംഘത്തിലെ മൂന്നാമനായ സ്റ്റീഫൻ വാട്ട്സിന്റെ പക്കലുള്ള ഐഫോൺ അവരുടെ തുണയ്ക്ക് എത്തിയത്. സാറ്റലൈറ്റ് കണക്ടിവിറ്റിയുള്ള ഐഫോൺ 14 ആയിരുന്നു സ്റ്റീഫൻ വാട്ട്സിന്റേത്. ഇത് ഉപയോഗിച്ച് 911 എന്ന നമ്പറിലേക്ക് അടിയന്തര സന്ദേശം അയയ്ക്കാൻ അവർക്ക് കഴിഞ്ഞു. അതോടെ ആരെങ്കിലും തങ്ങളെ രക്ഷിക്കാൻ എത്തും എന്ന പ്രതീക്ഷ അവരിൽ ഉണ്ടായി.

ഇതിനിടെ കൈയിൽ കരുതിയിരുന്ന കയറും മറ്റ് മലകയറ്റ വസ്തുക്കളും ഉപയോഗിച്ച് കുളത്തിൽനിന്ന് പുറത്തുകടക്കാൻ വിദ്യാർഥികൾക്ക് സാധിച്ചു. എന്നാൽ പേടിയും ക്ഷീണവും തളർച്ചയും മൂലം മുന്നോട്ട് ഒരടികൂടി വയ്ക്കാനാകാത്ത അവസ്ഥയായിരുന്നു. ദീർഘനേരം വെള്ളത്തിൽനിന്നതിനെ തുടർന്ന് ഉണ്ടായ ഹൈപ്പോതെർമിയയിൽ നിന്ന് രക്ഷപ്പെടാം ചില ചെറുതടികൾ കത്തിച്ച് അവർ ചൂടുകാഞ്ഞു.
അപ്പോഴേക്കും ഐഫോൺ 14ൽ നിന്ന് ലഭിച്ച എമർജൻസി സന്ദേശത്തെത്തുടർന്ന് സാൾട്ട് ലേക്ക് സിറ്റിയിൽനിന്ന് പുറപ്പെട്ട ഹെലികോപ്റ്റർ അവിടെയെത്തി. മെഡിക്കൽ സംഘം ഉൾപ്പെടെയുള്ള രക്ഷാപ്രവർത്തകർ മൂവരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. അടിയന്തരമായി ചികിത്സയും മറ്റ് സഹായങ്ങളും ലഭ്യമാക്കാനായതോടെ മൂവരുടെയും ജീവൻ രക്ഷിക്കാനായി. അതിൽ നന്ദി പറയുന്നത് ഐഫോൺ 14 ലെ സാറ്റലൈറ്റ് കണക്ടിവിറ്റി ഫീച്ചറിനോടാണെന്ന് ഇവർ പറയുന്നു.
തങ്ങളെ രക്ഷിക്കാൻ ഹെലികോപ്ടർ എത്തിയപ്പോൾ താൻ കരഞ്ഞുപോയെന്ന് വുഡ്സ് പറയുന്നു. രക്ഷാസംഘത്തെ വീണ്ടും കണ്ടുമുട്ടണമെന്നും നന്ദി പറയണമെന്നും ആഗ്രഹിക്കുന്നതായും വുഡ്സ് പറഞ്ഞു. ഇതിനോടകം വിവിധയിടങ്ങളിൽ അപകടത്തിൽപ്പെട്ട് കുടുങ്ങിക്കിടന്ന നിരവധി ആളുകളുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിക്കാൻ ഐഫോൺ 14ലെ സാറ്റലൈറ്റ് കണക്ടിവിറ്റി ഫീച്ചറിന് സാധിച്ചിട്ടുണ്ട്.
2022 സെപ്റ്റംബറിലാണ് ആപ്പിൾ ഐഫോൺ 14 ലൂടെ സാറ്റലൈറ്റ് കണക്ടിവിറ്റി ഫീച്ചർ അവതരിപ്പിച്ചത്. ഈ ഫീച്ചർ ഓണാക്കാൻ, എമർജൻസി SOS സ്ലൈഡർ ദൃശ്യമാകുന്നത് വരെ സൈഡ് ബട്ടണും വോളിയം ബട്ടണുകളിലൊന്നും അമർത്തിപ്പിടിക്കുക. അടിയന്ത സേവനങ്ങളെ വിളിക്കാൻ എമർജൻസി കോൾ സ്ലൈഡർ വലിച്ചിടുക. ഐഫോൺ 14 സീരീസിന് പുറമേ ആപ്പിൾ 8 സീരീസിലും ഈ ഫീച്ചറുണ്ട്.


Click it and Unblock the Notifications








