ഐഫോണുകൾ ജനങ്ങൾക്ക് മടുത്തോ? ഐഫോൺ 15ന് ഡിമാന്റ് കുറയും എന്ന് റിപ്പോർട്ട്
ആപ്പിൾ ആരാധകർ ഏറെ കാത്തിരിക്കുന്ന പുതിയ ഫോൺ ആണ് ഐഫോൺ 15 സീരീസ്. ഈ വർഷം സെപ്തംബറിൽ തന്നെ ഫോൺ പുറത്തിറങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അതേ സമയം പുതിയ ഫോണിന് പഴയ പതിപ്പായ ഐഫോൺ 14ന്റെ അത്ര ഡിമാന്റ് ഉണ്ടാകില്ലെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പ്രമുഖ അനലിസ്റ്റായ മിംഗ്-ചി കുവോ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഐഫോൺ 15 സീരീസിന്റെ ഡിമാൻഡിനെക്കുറിച്ച് കമ്പനിക്ക് ചില ആശങ്കകളുണ്ടായേക്കാമെന്നും ഈ റിപ്പോർട്ട് പറയുന്നു. ആഗോള സ്‌മാർട്ട്‌ഫോൺ വിപണി കഴിഞ്ഞ ഏതാനും പാദങ്ങളായി ഇടിഞ്ഞാണ് ഇരിക്കുന്നത്. ഈ മന്ദതയിൽ നിന്ന് ആപ്പിളിന്റെ പുതിയ ഫോണിന് കരകയറാൻ സാധിക്കില്ല എന്നാണ് റിപ്പോർട്ട് പറയുന്നത്.

സാധാരണ ഗതിയിൽ ഓരോ പുതിയ ഐഫോണും മാർക്കറ്റിൽ ഇറക്കുമ്പോൾ വിപണിയിൽ ആവിശ്യക്കാരുടെ തിരക്ക് അനുഭവപ്പെടുമായിരുന്നു എന്നാൽ ഇത്തവണ ഈ പതിവ് തെറ്റുമെന്ന് മിംഗ്-ചി കുവോ വിലയിരുത്തുന്നു. വിപണിയിലെ തിരച്ചടി നേരിടാൻ ആപ്പിൾ പുതിയ പദ്ധതി രൂപികരിച്ചോണ്ടിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പോൺ പുറത്തിറങ്ങുമ്പോൾ ചിലർ അപ്ഡേറ്റ് ചെയ്താലും പതിയെ പതിയെ ഫോണിന് ഡിമാന്റ് നഷ്ടപ്പെടും എന്നാണ് സൂചന.
അതേ സമയം ഐഫോൺ 15ന്റെ പ്രോ മോഡലുകൾ ചിലപ്പോൾ മാർക്കറ്റിൽ ചലനം ഉണ്ടാക്കിയാക്കാം. പക്ഷെ മുൻകാമിയേക്കാൾ വില അധികം നൽകേണ്ടി വരുന്നത് ചിലപ്പോൾ ഫോണിന്റെ വിൽപനയെ ബാധിച്ചേക്കാം എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ മിംഗ്-ചി കുവോയുടെ ഈ ഊഹങ്ങളെല്ലാം പ്രാവർത്തികമാകുമോ എന്ന് അറിയാൻ ഒരു മാസം കൂടി ടെക് ആരാധകർ കാത്തിരിക്കേണ്ടതാണ്. സെപ്തംബറിൽ തന്നെ പുതിയ ഫോണിന്റെ ലോഞ്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

iPhone 15, 15 Plus, 15 Pro, 15 Pro Max എന്നിവയാണ് ഐഫോൺ 15 സീരിസിൽ ഉണ്ടായിരിക്കുന്ന മോഡലുകൾ. ഐഫോൺ 15 സീരീസിലെ എല്ലാ മോഡലുകൾക്കും ഡൈനാമിക് ഐലൻഡ് സവിശേഷത ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. iPhone 15 Pro, iPhone 15 Pro Max എന്നിവയ്ക്ക് ഏറ്റവും പുതിയ ബയോണിക് A17 ചിപ്‌സെറ്റ് ഉണ്ടായിരിക്കുമെന്നും സൂചനകൾ ഉണ്ട്. ബാറ്ററികളിലും അപ്ഡേഷൻ നൽകാൻ ആപ്പിൾ ശ്രമിക്കുന്നുണ്ട്.
ഐഫോണുകളുടെ ഹൈലേറ്റ് എന്ന് പറയുന്നത് തന്നെ ക്യാമറകളാണ്. ആയതിനാൽ പുതിയ ഫോണുകളുടെ ക്യാമറയിലും കാര്യമായ മാറ്റം വരുത്തിയേക്കാം. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടുകൂടിയ കൂടുതൽ പ്രമുഖ ക്യാമറ മൊഡ്യൂൾ പുതിയ ഫോണിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. പെരിസ്കോപ്പ് ശൈലിയിലുള്ള ടെലിഫോട്ടോ ലെൻസായിരിക്കും 15 പ്രോ മാക്സിൽ ഉണ്ടാകുക. 6x ഒപ്റ്റിക്കൽ സൂം കൈവരിക്കാൻ സാധിക്കുന്നവയായിരിക്കും ഇവ.
അതേ സമയം ആപ്പിളിന്റെ ഐഫോൺ 15 സീരീസിന്റെ നിർമ്മാണത്തിൽ കമ്പനി പ്രതിസന്ധി നേരിടുന്നു എന്ന തരത്തിലും നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഫോണിന്റെ ഡിസ്പ്ലേ നിർമ്മാണമാണ് ഇഴഞ്ഞുനീങ്ങുന്നത്. ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് എന്നീ മോഡലുകൾക്ക് കനം കുറഞ്ഞ ബെസലുകളുള്ള വളഞ്ഞ ഡിസൈൻ നൽകാനാണ് കമ്പനി ശ്രമിക്കുന്നത്. എന്നാൽ ബെസലിന്റെ വലിപ്പം കുറയുന്നത് നിർമ്മാണ പ്രശ്നങ്ങളിലേക്ക് വഴിതെളിച്ചു എന്നാണ് റിപ്പോർട്ട് പറയുന്നത്.
മെറ്റൽ ഷെൽ ഉപയോഗിച്ചുള്ള ഫ്യൂഷൻ പ്രക്രിയയിൽ സ്‌ക്രീനുകൾക്ക് വേണ്ടത പെർഫോമൻസ് കാഴ്ചവെക്കാൻ സാധിച്ചില്ല. ഇത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് കമ്പനി. എൽജിയിൽ നിന്നായിരുന്നു ആപ്പിൾ ഡിസ്പ്ലേ സ്വീകരിച്ചിരുന്നത്. പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ സാംസങ്ങിൽ നിന്ന് ഡിസ്പ്ലേ വാങ്ങുന്ന കാര്യവും പരിഗണിക്കും. ഈ പ്രക്രിയ നീണ്ടുപോയാൽ ഐഫോൺ 15ന്റെ ലോഞ്ച് തന്നെ വൈകിയേക്കാം എന്നും ഈ റിപ്പോർട്ട് പറയുന്നു. ദി ഇൻഫർമേഷനാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
എന്നാൽ പുറത്തിറക്കുന്ന യൂണിറ്റുകളുടെ എണ്ണത്തിൽ കുറവ് വരുത്തിയാലും ഈ വർഷം സെപ്തംബറിൽ തന്നെ ലോഞ്ച് നടത്താനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഐഫോൺ 15 പ്രോ മാക്‌സിനെ ആയിരിക്കും ഈ പ്രശ്നം രൂക്ഷമായി ബാധിക്കുക. ഡിമാന്റിന് അനുസരിച്ച് ഫോൺ വിരതരണം ചെയ്യാൻ സാധിക്കുമോ എന്ന ഭയവും കമ്പനിക്ക് ഉണ്ട്.


Click it and Unblock the Notifications








