പുതിയ ഐഫോണിന് വീണ്ടും പ്രശ്നങ്ങൾ; പ്രോ മാക്സ് വലിയ രീതിയിൽ ചൂടാകുന്നതായി പരാതി, വാങ്ങുന്നവർ സൂക്ഷിക്കുക
ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആപ്പിളിന്റെ പുതിയ ഫോണായ ഐഫോൺ 15 സീരീസ് ഫോണുകൾക്ക് പുതിയ സാങ്കേതിക പ്രശ്നം റിപ്പോർട്ട് ചെയ്യുന്നു. പുതിയ സീരീസിലെ ടോപ് എൻഡ് മോഡലായ 15 പ്രോ മാക്സ് ഫോൺ ചൂടാകുന്നു എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. പ്രമുഖ മാധ്യമമായ 9ടു5 മാക് ആണ് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ഫോണിന്റെ കെയ്സ് ഇല്ലാതെ ഫോണിൽ പിടിക്കാൻ സാധിക്കാത്ത തരത്തിൽ ചൂടാകുന്നു എന്നാണ് ചില ഉപഭോക്താക്കൾ ഈ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. 9ടു5 മാകിലെ 3D ആർട്ടിസ്റ്റ് ഇയാൻ സെൽബോ എന്നയാൾ ഇത് സംബന്ധിച്ച് പുറത്ത് വിട്ട ട്വീറ്റും ഇപ്പോൾ ജനശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. തന്റെ പുതിയ ഐഫോൺ പ്രോ മാക്സ് ചാർജ് ചെയ്യാനായി ഇട്ട് കഴിഞ്ഞാൽ തൊടാൻ കഴിയാത്ത വിധത്തിൽ ചൂടാകുന്നു എന്നാണ് ഇദ്ദേഹം ട്വീറ്റർ പറഞ്ഞിരിക്കുന്നത്.

ഇദ്ദേഹത്തിന് പുറമെ നിരവധി പേരും ഇതേ ആരോപണവുമായി രംഗത്ത് എത്തി. പ്രമുഖ ടെക് യൂട്യൂബറായ ബുൾസ് ലാബും സമാന ആരോപണവുമായി രംഗത്ത് എത്തി. ഇദ്ദേഹം ഒരു തെർമൽ ഇമേജിംഗ് ക്യാമറ ഉപയോഗിച്ച് ഐഫോൺ 15 പ്രോ മാക്സിന്റെ തെർമൽ സ്കാൻ നടത്തുകയായിരുന്നു. നല്ലത് പോലെ ഉപയോഗിച്ച ഐഫോൺ 15 പ്രോ മാക്സിൽ 46.7 ഡിഗ്രീ സെൽഷ്യസ് (116 ഫാരൽഹീറ്റ്) ചൂടാണ് രേഖപ്പെടുത്തിയത്.
ഫോണിന്റെ ചാർജിങ് സമയം, HDR ഉള്ളടക്കം എന്നിവ പ്രവർത്തിക്കുമ്പോഴാണ് ഫോൺ കൂടുതലായി ചൂടാകുന്നതായി അനുഭവപ്പെടുന്നത്. അതേ സമയം ഇത്തരം സാഹചര്യങ്ങളിൽ ഫോൺ ചൂടാകാതെ ഇരിക്കാൻ ചില പൊടികൈകൾ ഉണ്ടെന്ന് വിദഗ്ദർ പറയുന്നു. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഫോൺ ചാർജ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കാതെ ഇരിക്കുക എന്നതാണ് ഇതിനായുള്ള ആദ്യ മാർഗം. ഫോണിനും ഉപയോഗിക്കുന്ന ആൾക്കും ഇത് വളരെ അപകടം ആണ്.

കാരണം ഈ സമയം ബാറ്ററിയിലേക്ക് ചാർജ് കയറിക്കൊണ്ട് ഇരിക്കുകയാണ്. ഇപ്പോൾ ഫോൺ പ്രവർത്തിച്ചാൽ ബാറ്ററി കൂടുതൽ പ്രവർത്തിക്കേണ്ടി വരും ഇത് കാരണം ഫോൺ ബാറ്ററി ചൂടാകുകയും ചിലപ്പോൾ പൊട്ടിത്തെറിക്കാനും സാധ്യത ഉണ്ട്. നല്ല വെയിൽ ഉള്ള സമയത്ത് ഫോൺ തുറസായി ഉപയോഗിക്കാതെ ഇരിക്കുക എന്നതാണ് ഫോൺ ചൂടാകുന്നത് തടയാനുള്ള മറ്റൊരു മാർഗം. ഇങ്ങനെ ചെയ്യുമ്പോൾ പശ്ചാത്തലത്തിലെ താപനില ഫോണിനെ കൂടുതൽ ചൂടാക്കും.
ചൂടുള്ള സമയത്ത് എ.സി ഇടാതെ ഫോൺ ഉപയോഗിച്ചാലും ഇതേ ഫലം ഉണ്ടാകും. ആയതിനാൽ ഈ പ്രവർത്തിയും ഒഴിവാക്കേണ്ടതാണ്. ഫോൺ ചാർജ് ചെയ്യുമ്പോൾ സ്വന്തം ഫോണിനായി കമ്പനി പുറത്തിറക്കിയ ചാർജറും കേബിളും തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മറ്റ് ചാർജറുകളും കേബിളുകളും ഉപയോഗിക്കുന്നത് ഫോണിന്റെ ബാറ്ററിയ്ക്ക് ദോഷമാണ്. ഫോണിൽ ഒരു സമയം ഒരു ആപ്പ് മാത്രം പ്രവർത്തിപ്പിക്കാൻ ശ്രമിക്കുക. പശ്ചാത്തലത്തിൽ നിരവധി ആപ്പുകൾ തുറന്ന് കിടന്നാലും ഫോൺ ചൂടാകാൻ സാധ്യത ഉണ്ട്.
ഇത് പ്രധാനമായും രണ്ടാമത്തെ പ്രശ്നമാണ് ഐഫോൺ 15 പ്രോ മാക്സിനെപ്പറ്റി ഉയർന്നു കേൾക്കുന്നത്. നേരത്തെ ഫോണിന്റെ നിറം മാറുന്നു എന്ന തരത്തിലുള്ള പരാതി കേട്ടിരുന്നു. ഫോണിൽ നിറ വിത്യാസം വരുന്നു മങ്ങൾ വരുന്നു എന്നാണ് പരാതികളിൽ ഉയർന്നു കേൾക്കുന്നത്. അതേ സമയം ഐഫോൺ എണ്ണമയമുള്ളതോ വൃത്തിഹീനവുമോ ആയ കൈകൾ കൊണ്ട് പ്രവർത്തിച്ചതിനാലാണ് ഈ പ്രശ്നം ഉണ്ടായിരിക്കുന്നത് എന്നാണ് 9ടു5 പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്.
ടൈറ്റാനിയം ഫ്രെയിമിൽ ആണ് ആപ്പിൾ ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. അവയുടെ കളർ ഫിനിഷിനായി പിവിഡി (ഫിസിക്കൽ നീരാവി നിക്ഷേപം) കോട്ടിംഗ് ഉപയോഗ് ആണ് ഉപയോഗിച്ചിരിക്കുന്നത്. അതാതയ് ഒരു ഖര പദാർത്ഥം വാക്വമിൽ ബാഷ്പീകരിക്കപ്പെടുകയും ആവശ്യമുള്ള നിറം നൽകുന്നതിന് ഒരു ഭാഗത്തിന്റെ ഉപരിതലത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്ന പ്രക്രിയ. ആയതിനാൽ ഇവിടെ എണ്ണ പറ്റിയാൽ നിറം താൽക്കാലികമായി മങ്ങും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications








