ഏറ്റവും പുതിയ ഐഫോൺ 15 ഇന്ത്യയിൽ നിർമിക്കും; ചെന്നൈയിലെ സന്നാഹങ്ങൾ ശക്തമാക്കി ഫോക്സ്കോൺ!
ഐഫോൺ 15 സീരീസ് ലോഞ്ചിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയിൽ ഐഫോൺ 15 മോഡലിന്റെ നിർമാണം ആരംഭിച്ചതായി റിപ്പോർട്ട്. ആപ്പിളിന്റെ കരാർ കമ്പനികളിലൊന്നായ ഫോക്സ്കോൺ ടെക്നോളജിയാണ് തമിഴ്‌നാട്ടിലെ ചെന്നൈ ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയിൽ ഐഫോൺ 15 നിർമിക്കുന്നത്. ഇതിനാവശ്യമായ ഘടകങ്ങൾ ചൈനയിലെ ഫാക്ടറികളിൽ നിന്ന് ഷിപ്പിംഗ് ആരംഭിച്ചു.
ബ്ലൂംബെർഗ് എന്ന മാധ്യമമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ആഴ്ചകൾക്കുള്ളിൽ തന്നെ ചൈനയിൽ നിന്ന് സാധനങ്ങൾ എത്തും. ഇന്ത്യയിൽ ഉത്പാദനം ആരംഭിക്കുന്നതോടെ ഇറക്കുമതിയെ ആശ്രയിക്കേണ്ട അവസ്ഥ രാജ്യത്തിന് ഉണ്ടാകില്ല. വളരെ വേഗത്തിൽ തന്നെ നിർമ്മാണ് പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പ് പദ്ധതിയിടുന്നത്. അതേ സമയം സെപ്തംബർ 12ന് ഐഫോൺ 15 സീരീസ് ഫോണുകൾ ആപ്പിൾ ലോഞ്ച് ചെയ്യുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇറക്കുമതി ചെയ്യുന്ന നിർമ്മാണത്തിന് ആവിശ്യമായ സാധനങ്ങളുടെ അളവ് അനുസരിച്ച് ഇരിക്കും ഇന്ത്യയിൽ എത്ര യൂണിറ്റ് ഫോൺ നിർമ്മിക്കാൻ സാധിക്കും എന്ന് തീരുമാനിക്കാൻ. എന്നിരുന്നാലും പരമാവധി ഫോണുകൾ നിർമ്മിക്കാനായി ചെന്നൈയിലെ പ്ലാന്റിൽ പ്രൊഡക്ഷൻ ലൈനുകൾ വർധിപ്പിച്ചിട്ടുണ്ട്. അതേ സമയം യുഎസും ചൈനയും തമ്മിലുള്ള പ്രശ്നങ്ങൾ മൂലം ചൈനയെ ആശ്രയിക്കുന്നത് കുറക്കാനായി നിരവധി നടപടികൾ ആപ്പിൾ സ്വീകരിക്കുന്നുണ്ട്.
ചൈനയെ കൂടുതലായി ആശ്രയിച്ചാൽ ഉത്പന്നങ്ങളുടെ വിതരണ ശൃംഖലയെ ദുർബലമാകാൻ സാധ്യത ഉണ്ടെന്നാണ് ആപ്പിൾ വിലയിരുത്തുന്നത്. ആയതിനാൽ തന്നെ ഏഷ്യയിലെ തന്നെ പ്രധാനപ്പെട്ട രാജ്യം എന്ന നിലയിൽ യുഎസ് ഇന്ത്യയോട് കൂടുതൽ അടുക്കാനുള്ള സാധ്യത ഉണ്ട്. ഇങ്ങനെ സംഭവിച്ചാൽ ഇന്ത്യയ്ക്ക് ധാരാളം വ്യാപാര അവസരം യുഎസിൽ നിന്ന് ലഭിക്കും. അതേ സമയം ഐഫോൺ 14 ഇറങ്ങുന്നത് വരെ ഇന്ത്യയിൽ ഐഫോൺ അസംബ്ലിയുടെ ഒരു ചെറിയ ഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

എന്നാൽ കഴിഞ്ഞ വർഷം മുതൽ ഐഫോണുകളുടെ 7 ശതമാനം മാർച്ച് അവസാനത്തോടെ ഇന്ത്യയിൽ നിർമ്മിച്ചു. ഇതോടെ ചൈനയിലെ ഉത്പാദനം കുറയുകയും ചെയ്തു. ഇന്ത്യയിൽ തന്നെ ഐഫോൺ നിർമ്മിക്കുമ്പോൾ ഇറക്കുമതി ചാർജുകൾ, മറ്റ് ടാക്സുകൾ എല്ലാം കുറയാൻ സാധ്യത ഉണ്ട്. ആയതിനാൽ തന്നെ ചിലപ്പോൾ സാധാരണഗതിയിലും ഉള്ള ഐഫോണിന്റെ വിലയിൽ നിന്ന് അൽപം കുറയാനും ഈ പ്രവർത്തനം കാരണമായേക്കാം.
ഹൈദരാബാദിലെ ഫോക്‌സ്‌കോണിന്റെ ഫെസിലിറ്റിയിൽ ആയിരിക്കും ആപ്പിൾ എയർപോഡുകൾ നിർമ്മിക്കുക. ഫോക്‌സ്‌കോൺ 400 മില്യൺ ഡോളറിന്റെ നിക്ഷേപമാണ് ഹൈദരാബാദിലെ പ്ലാന്റിൽ ഉള്ളത്. 2024 ഡിസംബറോടെ വലിയ തോതിലുള്ള നിർമ്മാണം ഇവിടെ ഉണ്ടായേക്കാമെന്ന് നേരത്തെ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. ഐഫോണിന് ശേഷം ആപ്പിൾ ഇന്ത്യയിൽ നിർമ്മിക്കുന്ന രണ്ടാമത്തെ ഉൽപ്പന്ന വിഭാഗമായിരിക്കും ഈ എയർപോഡുകൾ. ആഗോള മാർക്കറ്റിൽ വലിയ ഡിമാന്റുള്ള ഇയർപോഡുകളാണ് ആപ്പിളിന്റേത്.
അതേ സമയം ആഗോളതലത്തിൽ ആപ്പിളിന്റെ ഏറ്റവും വലിയ വിപണിയാണ് നിലവിൽ ഇന്ത്യ. കഴിഞ്ഞ വർഷം ആപ്പിളിന്റെ വരുമാനത്തിലെ കണക്കുകൾ പരിശോധിച്ചാൽ ആഗോള തലത്തിൽ ഒരു ശതമാനം കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇന്ത്യയിലെ കാര്യം വ്യത്യസ്തമാണ്. റെക്കോഡ് വിൽപ്പനയുമായി ഇന്ത്യയിൽ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കാൻ ആപ്പിളിന് സാധിച്ചിട്ടുണ്ട്. വിൽപ്പനയിൽ ആപ്പിൾ ഇപ്പോൾ ഇന്ത്യയിലെ ഏഴാമത്തെ വലിയ സ്മാർട്ട്‌ഫോൺ ബ്രാൻഡാണ്.
ആപ്പിൾ ഇന്ത്യയിൽ ഒരു പാദത്തിലെ റെക്കോർഡ് വരുമാനം നേടിയതായി സിഇഒ ടിം കുക്ക് വെളിപ്പെടുത്തി. ജൂൺ പാദത്തിലാണ് കമ്പനിക്ക് വൻ കുതിച്ചുചാട്ടം ഉണ്ടാക്കാൻ സാധിച്ചത്. ഇതിന് പുറമെ മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ ആപ്പിളിന്റെ ആദ്യ റീട്ടെയിൽ ഷോപ്പുകൾ ആരംഭിച്ചതും ഇന്ത്യയിൽ കമ്പനിക്ക് വളരാൻ അവസരം ഉണ്ടാക്കിയെന്നും ടിം കുക്ക് വിശ്വസിക്കുന്നു. തങ്ങളുടെ പ്രതീക്ഷകളെ മറികടക്കുന്ന പ്രകടനമാണ് ഇന്ത്യയിലെ റീട്ടെയിൽ ഷോപ്പുകൾ കാഴ്ചവയ്ക്കുന്നത് എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.


Click it and Unblock the Notifications








