പൊരായ്മകൾ എല്ലാം നികത്തിക്കൊണ്ട് ഐഫോൺ 16 ഒരുങ്ങുന്നു, ക്യാമറയുടെയും ചിപ്പിന്റെയും സവിശേഷകൾ അമ്പരപ്പിക്കും
ഐഫോൺ 15 അവതരിപ്പിച്ചതിന് പിന്നാലെ പുതിയ ഐഫോൺ 16 മോഡലുകൾക്കായുള്ള പണികൾ ആരംഭിച്ച് ആപ്പിൾ. ഐഫോൺ 15 മോഡലുകളെ അപേക്ഷിച്ച് വൻ മാറ്റവുമായി ആണ് ഐഫോൺ 16 എത്തുക എന്നാണ് പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷം ആയിരിക്കും ആപ്പിൾ ഈ ഫോണുകൾ അവതരിപ്പിക്കുക.
ഫോണിന്റെ ഏറ്റവും വലിയ മാറ്റമായി ചില റിപ്പോർട്ടുകൾ പറയുന്നത് സ്റ്റാൻഡേർഡ് മോഡലിൽ തന്നെ 120Hz റിഫ്രഷ് റെയ്റ്റ് സപ്പോർട്ട് ചെയ്യും എന്നതാണ്. ഇതുവരെ 60Hz റിഫ്രഷ് റെയ്റ്റ് സപ്പോർട്ട് ചെയ്യുന്ന ഫോണുകൾ ആയിരുന്നു ആപ്പിൾ പുറത്തിറക്കിയിരിക്കുന്നത്. സെക്കൻഡിൽ ഡിസ്‌പ്ലേ എത്ര തവണ പൂർണ്ണമായി പുതുക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നതാണ് റിഫ്രഷ് റെയ്റ്റുകൾ. നിലവിൽ നിരവധി ആൻഡ്രോയിഡ് ഫോണുകൾ ഉയർന്ന റിഫ്രഷ് റെയ്റ്റിൽ ഫോണുകൾ പുറത്തിറക്കുന്നുണ്ട്.

എന്നാൽ ആപ്പിൾ ആദ്യമായാണ് ഇത്തരത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നത്. അതേ സമയം ഫോണിനെ കുറിച്ചുള്ള മറ്റ് ചില റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്. ഐഫോൺ 16 പ്രോ മാക്‌സിന് 6.9 ഇഞ്ച് സ്‌ക്രീൻ ഉണ്ടായിരിക്കും എന്നാണ് ഇത്തരം റിപ്പോർട്ടുകളിൽ ഒന്ന് സൂചിപ്പിക്കുന്നത്. ഫോണിന്റെ സ്റ്റാന്റേർഡ്, പ്ലസ് പതിപ്പുകൾ നിലവിലുള്ള വലുപ്പം തന്നെ പിന്തുടരാനാണ് സാധ്യതയെന്നും ഈ റിപ്പോർട്ടിൽ പറയുന്നു.
രണ്ട് മോഡലുകളുടേയും സ്ക്രീൻ വലുപ്പം യഥാക്രമം 6.1 ഇഞ്ച്, 6.7 ഇഞ്ച് എന്നിങ്ങനെ ആയിരിക്കും എന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ഐഫോൺ 16 പ്രോ മോഡലുകളിൽ സോളിഡ് - സ്റ്റേറ്റ് ബട്ടണുകൾ ഉണ്ടാകുമെന്നും സൂചനകൾ ഉണ്ട്. ഐ ഫോൺ എസ് ഇ സീരീസിന്റെ ഹോം ബട്ടണിൽ കാണുന്ന ഹാപ്‌റ്റിക് ഫീഡ്‌ബാക്ക് സിസ്റ്റത്തിന് സമാനമായി ആയിരിക്കും ഈ സോളിഡ് - സ്റ്റേറ്റ് ബട്ടണുകൾ നൽകുക.

നേരത്തെ ഐഫോൺ 15 പ്രോ മാക്സിൽ സോളിഡ് - സ്റ്റേറ്റ് ബട്ടണുകൾ നൽകാൻ ആപ്പിൾ ശ്രമിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാണൽ ഈ തീരുമാനം ആപ്പിൾ പിൻവലിക്കുകയായിരുന്നു. നിലവിൽ ഐഫോൺ 15 പ്രോ മാക്സിൽ ലഭിക്കുന്ന ടെട്രാ - പ്രിസം ടെലിഫോട്ടോ ക്യാമറ സംവിധാനം ഐഫോൺ 16യുടെ പ്രോ, പ്രോ മാക്സ് മോഡലുകളിലും ഇടം പിടിയ്ക്കാൻ സാധ്യത ഉണ്ടെന്നാണ് ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
3x മുതൽ 5x വരെ ഒപ്റ്റിക്കൽ സൂം ബൂസ്റ്റും വാഗ്ദാനം ചെയ്യുന്നവയായിരിക്കും ഈ സാങ്കേതിക വിദ്യ. ഇതിൽ കൂടുതൽ വിശദമായ ഫോട്ടോഗ്രാഫിക് റിസൾട്ടുകൾ നല്കാനും ആപ്പിൾ ശ്രമിച്ചേക്കാം എന്നും സൂചനകൾ ഉണ്ട്. 48 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും ഐഫോൺ 16 പ്രോ മാക്സിൽ ഇടം പിടിയ്ക്കാൻ സാധ്യത ഉണ്ടെന്ന് പ്രമുഖ അനലിസ്റ്റായ ജെഫ് പു പറയുന്നു. ഇയാളുടെ പല നിരീക്ഷണങ്ങളും നേരത്തെ പ്രവാർത്തികമായിട്ടുണ്ട്.
ഐഫോൺ 16 പ്രോ മോഡലുകൾക്കായി A18 പ്രോ ചിപ്പ് ഉപയോഗിക്കാനും സ്റ്റാൻഡേർഡ് മോഡലുകൾക്കായി A17 റിസർവ് ചെയ്യാനും ആപ്പിൾ പദ്ധതി ഇടാൻ സാധ്യതയുണ്ടെന്നും ഈ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അതേ സമയം ഇക്കാര്യങ്ങൾ ഒന്നും ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതെല്ലാം തന്നെ ചോർച്ചാ റിപ്പോർട്ടുകളേയും ഊഹാപോഹങ്ങളേയും അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയതാണെന്ന് ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നേരത്തെ ഐഫോൺ 15 പുറത്തിറിങ്ങുന്നതിന് മുമ്പും ഇത്തരത്തിൽ നിരവധി ചോർച്ചാ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ആപ്പിൾ ഐഫോൺ 15 മോഡലുകൾ അവതരിപ്പിച്ചത്. സമ്മിശ്ര പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ഫോണിന് ലഭിക്കുന്നത്. പുതിയ പ്രോ മാക്സ് മോഡൽ നിറം മങ്ങുന്നു എന്നും അധികമായി ചൂടാകുന്നു എന്നും ചിലർ പരാതി ഉന്നയിച്ചിരുന്നു. ടൈറ്റാനിയം ഫ്രെയിമിൽ ആണ് ആപ്പിൾ ഐഫോൺ 15 പ്രോ മാക്സ് ഇറക്കിയിരിക്കുന്നത്. ഇതിൽ എണ്ണമയം ഉള്ള കൈകൊണ്ടാണ് നിറം മങ്ങുന്നത് എന്നായിരുന്നു ആപ്പിളിന്റെ പ്രതികരണം.


Click it and Unblock the Notifications








