ഐഫോണിന് വെറും 498 രൂപ മാത്രം; വാങ്ങും മുമ്പ് ഇക്കാര്യം ശ്രദ്ധിക്കുക, ഇല്ലെങ്കിൽ പണിപാളും
ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ കൊമേഴ്സ് വെബ്സൈറ്റുകളിലെല്ലാം ഇപ്പോൾ ഓഫർ വിൽപനയുടെ കാലമാണ്. ഒക്ടോബർ 8 മുതൽ രണ്ട് പ്ലാറ്റ്ഫോമുകളിലും ഓഫർ വിൽപന ആരംഭിക്കും എന്നാണ് ഇവർ അറിയിച്ചിരിക്കുന്നത്. ഫ്ലിപ്കാർട്ടിൽ ബിഗ് ബില്യൺ ഡെ എന്നും ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ എന്ന പേരിലുമാണ് ഓഫർ വിൽപന നടക്കുന്നത്.
എന്നാൽ ഇത്തരം ഓഫർ വിൽപന സമയത്ത് ഉപഭോക്താക്കൾ ധാരാളമായി പറ്റിക്കപ്പെടാനും സാധ്യത ഉണ്ട്. ഇത്തരം ഓഫറുകളുടെ മറവിൽ തട്ടിപ്പുകാരും ധാരാളമായി തട്ടിപ്പുകൾ നടത്താൻ ശ്രമിച്ചേക്കാം. ഇത്തരത്തിൽ ഒരു മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് കേരളാ പോലീസ്. തങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് കേരള പോലീസ് ഇത്തരം തട്ടിപ്പുകൾക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റുകളുടെ പേര് ഉപയോഗിച്ച് ചിലർ തട്ടിപ്പ് നടത്തുന്നു എന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്.

ഇവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഇവർ പറയുന്നു. കുറഞ്ഞ വിലയ്ക്ക് ബ്രാന്‍ഡഡ് ആയ ഇലക്ട്രോണിക്‌സ്, മറ്റു ഉത്പന്നങ്ങള്‍ എന്നിവ നല്‍കുന്നു എന്ന രീതിയിൽ സോഷ്യല്‍ മീഡിയ വഴി പരസ്യങ്ങള്‍ നൽകിയാണ് ഇവർ തട്ടിപ്പുകൾ നടത്തുന്നത്. എന്നും പോലീസ് ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ഒറ്റ നോട്ടത്തിൽ യഥാർഥ സൈറ്റ് പോലെ തോന്നിക്കുന്ന ഈ സൈറ്റുകളിൽ കയറി ഉത്പന്നങ്ങൾ ഓർഡർ ചെയ്താൽ പണം നഷ്ടപ്പെടുമെന്നും പോസ്റ്റിൽ പറയുന്നു.
ഇത്തരത്തിൽ കബിളിപ്പിക്കപ്പെടുന്നവരുടെ എണ്ണം വർധിച്ചു വരുകയാണ്. ഇത്തരം വ്യാജ സൈറ്റുകൾ തിരിച്ചറിയുന്നതിന് അവയുടെ വെബ്‌സൈറ്റ് അഡ്രസ്സ് സൂക്ഷ്മമായി പരിശോധിക്കണമെന്നും ഉപഭോക്താക്കൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും പോലീസ് പറയുന്നു. ഇതിനെ പരിഹസിക്കുന്ന ഒരു ട്രോൾ വീഡിയോയും പോലീസ് പങ്കുവെച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിൽ വരുന്ന പരസ്യങ്ങളിലാണ് ഇത്തരം തട്ടിപ്പ് ഓഫറുകൾ കൂടുതലും പ്രത്യക്ഷപ്പെടുന്നത്. ഇത് വിശ്വസിച്ച് ഉപഭോക്താക്കൾ സൈറ്റിൽ കയറി സാധനം ഓർഡർ ചെയ്യുന്നതോടെ പറ്റിക്കപ്പെടുകയും ചെയ്യുന്നു.

ഒറ്റ നോട്ടത്തിൽ ഫ്ലിപ്കാർട്ട്, ആമസോൺ എന്നിവയുടെ ഔദ്യോഗിക വെബ്സൈറ്റുമായി സാദൃശ്യം തോന്നുന്നവയാണ് ഇത്തരം വ്യാജ വെബ്സൈറ്റുകൾ. കേരളാ പോലീസിന്റെ വീഡിയോയിൽ കാണിച്ചിരിക്കുന്ന വെബ്സൈറ്റ് എന്നത് ഫ്ലിപ്കാർട്ടിന്റെ തനി പകർപ്പാണ് ഐഫോണുകൾക്ക് പുറമെ ആപ്പിൾ വാച്ച്, സാംസങിന്റെ ഫ്രിഡ്ജ്, സാംസങ് ഗാലക്സി എസ് 23 അൾട്ര എന്നിവയുടെ ഓഫറും കാണാൻ സാധിക്കുന്നതാണ്. എല്ലാ ഉത്പന്നങ്ങൾക്കും 99 ശതമാനം ഡിസ്കൗണ്ട് എന്നാണ് ഇവർ പ്രദർശിപ്പിച്ചിരിക്കുന്നത്.
നിലവിൽ ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേ സെയിൽ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ തന്നെ നിരവധി ഉപഭോക്താക്കൾ ഇത്തരത്തിൽ വഞ്ചിക്കപ്പെടാൻ സാധ്യത ഉണ്ട്. ആയതിനാൽ തന്നെ ഓൺലൈനിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്തക്കൾ വെബ്സൈറ്റുകളുടെ ആധികാരികത ഉറപ്പാക്കണം. ഇതിനായി URL അഡ്രസ് വ്യക്തമായി പരിശോധിക്കുക. വെബ്സൈറ്റ് സന്ദർശിക്കുന്നതിന് പകരം ഫ്ലിപ്കാർട്ടിന്റെയും ആമസോണിന്റെയും ആപ്പിൽ നിന്ന് നേരിട്ട് സാധനങ്ങൾ വാങ്ങാൻ ശ്രമിക്കുക.
അതേ സമയം ഔദ്യോഗികമായ ഫ്ലിപ്കാർട്ടിലും ആമസോണിലും ഓഫർ വിൽപനയുടെ ഭാഗമായി നിരവധി ഫോണുകളുടെ വില പുറത്ത് വിട്ടിട്ടുണ്ട്. ഐഫോണുകളുടെ വില പരിശോധിക്കുമ്പോൾ 38,999 രൂപ മുതൽ ഐഫോൺ12 ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ സെയിലിലൂടെ ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ഒക്ടോബറിൽ ഇന്ത്യയിൽ ഇന്ത്യയിൽ ഈ ഫോൺ അവതരിപ്പിച്ചപ്പോൾ 79,900 രൂപ ആയിരുന്നു അന്നത്തെ വില. ബാങ്ക് ഓഫറുകൾ, എക്സചേഞ്ച് ഓഫർ എല്ലാം ഉൾപ്പെടെ 32,999 രൂപയ്ക്ക് ഫോൺ സ്വന്തമാക്കാം.
40,000 രൂപയ്ക്ക് താഴെ ഐഫോൺ 13 ആമസോണിൽ ലഭിക്കും എന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇതിന്റെ ഔദ്യോഗിക വില പുറത്ത് വന്നിട്ടില്ല. നിലവിൽ 52,499 രൂപയാണ് ഈ ഫോണിന് ഇന്ത്യൻ മാർക്കറ്റിലെ വില. ഐഫോൺ 14നും വലിയ ഡിസ്കൗണ്ട് ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. കാരണം പുതിയ ഫോണുകൾ അവതരിപ്പിക്കുമ്പോൾ അതുവരെ ഉണ്ടായിരുന്ന ഫോണിന് വില കുറയ്ക്കുന്ന പ്രവണത ആപ്പിളിന് ഉണ്ട്.


Click it and Unblock the Notifications








