രാത്രി നിങ്ങൾ ഉറങ്ങിക്കഴിയുമ്പോൾ ഐഫോണുകൾ തനിയേ സ്വിച്ച് ഓഫ് ആകുന്നു; പുലിവാല് പിടിച്ച് പുതിയ പരാതി
ആപ്പിളിന്റെ ഐഫോണുകൾക്കെതിരെ വ്യാപകമായി പരാതി ഉയരുന്നു. നേരത്തെ ഐഫോൺ 15 സീരീസ് ഫോണുകൾ പുറത്ത് ഇറങ്ങിയപ്പോൾ നിരവധി ഉപഭോക്താക്കൾ പരാതിയുമായി രംഗത്ത് എത്തിയിരുന്നു. ഫോണിന്റെ നിറം മങ്ങുന്നു, അമിതമായി ചൂടാകുന്നു, ഡിസ്പ്ലേ മങ്ങുന്നു എന്നെല്ലാമായിരുന്നു പരാതി. എന്നാൽ ഇപ്പോൾ എല്ലാ ഐഫോണുകളെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് ഉയർന്ന് വന്നിരിക്കുന്നത്.
പുതിയ റിപ്പോർട്ട് പ്രകാരം ഉപഭോക്താക്കൾ ഉറങ്ങുമ്പോൾ ഇവരുടെ ഫോണുകൾ ഓട്ടോമാറ്റിക്ക് ആയി സ്വിച്ച് ഓഫ് ആകുന്നു എന്നാണ് പറയുന്നത്. ഇത് പിന്നീട് തനിയെ ഓൺ ആകുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു നിശ്ചിത സമയത്തേക്ക് മാത്രമാണ് ഫോൺ ഇത്തരത്തിൽ ഓഫ് ആയി കാണുന്നത്. 9 ടു 5 മാക്ക് എന്ന ടെക് മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.

മിക്ക ഐഫോൺ മോഡലുകളും ഈ പ്രശ്നം നേരിടുന്നു എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത് എങ്കിലും ഐഫോൺ 15 പ്രോ മാക്സ്, ഐഫോൺ 13, ഐഫോൺ 14 പ്രോ, ഐഫോൺ എസ്ഇ ജെൻ 1 എന്നീ ഫോണുകളിലാണ് കൂടുതലായി ഈ പ്രശ്നം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം ഉയർത്തിക്കാട്ടി നിരവധി ഉപഭോക്താക്കൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു. ബാറ്ററി ഉപയോഗത്തിന്റെ സ്ക്രീൻ ഷോട്ട് അടക്കമാണ് ഇവർ പോസ്റ്റുകൾ ഷെയർ ചെയ്തിരിക്കുന്നത്.
അതേ സമയം 100 ശതമാനം ചാർജ് ആയതിന് ശേഷം ഇതിൽ ചില ഫോണുകൾ സ്വിച്ച് ഓഫ് ആയതായും പരാതി ഉണ്ട്. ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഓഫ് ആകുന്നു എന്നും ചിലർ പറയുന്നു. ഇങ്ങനെ സംഭവിക്കുന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. എന്നാൽ നിങ്ങൾ ഒരു ആപ്പിൾ ഉപഭോക്താവ് ആണെങ്കിൽ നിങ്ങൾ ഉറങ്ങുന്ന സമയത്തും നിങ്ങളുടെ ഫോണുകൾ ഇത്തരത്തിൽ ഓഫ് ആകുന്നുണ്ടോ എന്ന് നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്.

ഇത് എങ്ങനെയാണെന്ന് പരിശോധിക്കാം. ഇതിനായി ആദ്യം നിങ്ങൾ നിങ്ങളുടെ ഐഫോണിന്റെ സെറ്റിംഗ്സ് തുറക്കുക. ഇതിൽ ബാറ്ററി എന്ന വിഭാഗം തിരഞ്ഞെടുത്തതിന് ശേഷം താഴെക്ക് സ്ക്രോൾ ചെയ്യുക. ഇവിടെ അവസാന 24 മണിക്കൂർ എന്ന ഒരു ഓപ്ഷൻ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ഇതിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങളുടെ ഫോൺ അവസാന 24 മണിക്കൂർ പ്രവർത്തിച്ചതിന്റെ ബാറ്ററി വിവരങ്ങൾ അറിയാൻ സാധിക്കുന്നതാണ്.
ഇതിൽ എവിടെയെങ്കിലും 0 ശതമാനം എന്ന് കണ്ടാൽ അതിനർത്ഥം നിങ്ങളുടെ ഫോൺ ആ സമയത്ത് ഓൺ ആയിരുന്നില്ല എന്നാണ്. ഇങ്ങനെ നിങ്ങൾ കാണുന്നുണ്ടെങ്കിൽ നിങ്ങളുടെ ഫോണും രാത്രി നിങ്ങൾ ഉറങ്ങിയതിന് ശേഷം ഓഫ് ആകാറുണ്ട് എന്ന് വേണം അനുമാനിക്കാൻ. ഇത് സോഫ്റ്റുവെയറിന്റെ ബഗ് പ്രശ്നമായിട്ടാണ് കാണുന്നത്. സംഭവത്തിൽ ആപ്പിൾ ഇതുവരെയും ഔദ്യോഗികമായി ഒന്നും പ്രതികരിച്ചിട്ടില്ല. വൈകാതെ തന്നെ കമ്പനിയുടെ പ്രതികരണം പുറത്ത് വരും എന്നാണ് പ്രതീക്ഷിക്കുന്നത്.
അതേ സമയം ആപ്പിൾ പുതിയതായി പുറത്തിറക്കിയ ആപ്പിൾ 15 ഫോണുകളെ കുറിച്ച് നിരവധി പരാതികളാണ് ഒരോ ദിവസവും ഉയർന്നു വരുന്നത്. ആദ്യം ഐഫോൺ 15 പ്രോ മാക്സിന്റെ ടൈറ്റാനിയം ഫ്രെയിമിലെ നിറം മങ്ങുന്നു എന്നതായിരുന്നു പരാതി. എന്നാൽ പിന്നീട് ഫോൺ വലിയ രീതിയിൽ ചൂടാകുന്നു എന്നും നിരവധി ഉപഭോക്താക്കൾ പരാതിപ്പെട്ടു. ഈ പ്രശ്നം പരിഹരിക്കാനായി പുതിയ സോഫ്റ്റുവെയർ പാച്ചും ആപ്പിൾ പുറത്തിറക്കിയിരുന്നു.
ഇതിന് പിന്നാലെ ദിവസങ്ങൾക്ക് മുമ്പാണ് മറ്റൊരു പ്രശ്നവും റിപ്പോർട്ട് ചെയ്തത്. ഫോണിന്റെ ഡിസ്പ്ലേ ഇടയ്ക്ക് മങ്ങുന്നു എന്നതാണ് പുതിയ പരാതി. ഐഫോൺ 15 പ്രോ മോഡലുകൾക്കാണ് പ്രധാനമായും ഈ പ്രശ്നം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫോണിന്റെ ഡിസ്പ്ലേ ഓഫ് ആകുമ്പോൾ പിക്സലുകൾ വർക്ക് ചെയ്യാതെ ഇരിക്കുന്നതാണ് ഈ പ്രശ്നത്തിന് കാരണം എന്നാണ് നിഗമനം. ആയതിനാൽ ഫോണിൽ സ്ക്രീൻ സേവറുകൾ ഉപയോഗിക്കുന്നത് ഈ പ്രശ്നം പരിഹരിക്കാൻ സഹായിച്ചേക്കാം.


Click it and Unblock the Notifications








