കാട്ടുതീയിൽ നിന്ന് രക്ഷിച്ചത് ഐഫോണിന്റെ പുതിയ ഫീച്ചർ; വെളിപ്പെടുത്തി കനേഡിയൻ യുവാക്കൾ
കാട്ടുതീയിൽ നിന്ന് രക്ഷപെടാൻ സഹായിച്ചത് ഐഫോൺ ആണെന്ന് വെളിപ്പെടുത്തി യുവാക്കൾ. കാനഡയിലാണ് സംഭവം. നെറ്റ്വർക്ക് ഇല്ലാത്ത സ്ഥലത്തായിരുന്നു കാട്ടുതീ പ്രത്യക്ഷപ്പെട്ടത് ഈ സമയം ഇവിടെ നിന്ന് എമർജൻസി സർവീസുകളെ ബന്ധപ്പെടാനും സാധിച്ചിരുന്നില്ല. എന്നാൽ ഐഫോണിൽ ഉണ്ടായിരുന്ന പ്രത്യേക ഫീച്ചർ എമർജൻസി സർവീസുകളെ ബന്ധപ്പെടാൻ സഹായിച്ചു എന്നാണ് യുവാക്കൾ പറയുന്നത്.
സൂടുഡേ എന്ന മാധ്യമമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐഫോണിലെ സാറ്റലൈറ്റ് ഫീച്ചർ വഴി എമർജൻസി നമ്പറുകളെ ബന്ധപ്പെടാനുള്ള സൗകര്യമാണ് യുവാക്കൾക്ക് തുണയായത്. വാറൻ തിബോഡോ, ഒറെൽ ക്രാക്ക് എന്നീ യുവാക്കളായിരുന്നു അപകടത്തിൽ പെട്ടത്. ഐഫോണിന്റെ സാറ്റലൈറ്റ് ഫീച്ചർ വഴി എമർജൻസി നമ്പറിൽ ബന്ധപ്പെട്ട് അഗ്നിശമനസേനയെ വിളിച്ചുവരുത്തിയായിരുന്നു തീ അണച്ചത്. നെറ്റ്വർക്ക് ഇല്ലാത്ത പ്രദേശങ്ങളിലും ഈ ഫീച്ചർ പ്രവർത്തിക്കുന്നതാണ്.

2022ൽ ആപ്പിൾ പുറത്തിറക്കിയ ഐഫോൺ 14 സീരീസിലാണ് ഈ ഫീച്ചർ ആപ്പിൾ നൽകിയിരിക്കുന്നത്. ഒരു വലിയ ദ്വീപ് പ്രദേശത്തെ തന്നെ കീട്ടുതീയിൽ നിന്ന് രക്ഷപെടുത്താൻ ഈ ഫീച്ചർ സഹായാകമായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിന്റെ ചെറിയ ദൃശ്യങ്ങൾ എറിക് ബെലാംഗർ എന്നയാൾ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു. 'ഐഫോൺ 14-ന്റെ പുതിയ ഗ്ലോബൽസ്റ്റാർ എമർജൻസി ഫീച്ചർ ഉപയോഗിച്ച് എമർജൻസി സർവ്വീസിൽ നിന്ന് സഹായം ലഭിച്ചെന്ന്' ഇയാൾ കുറിച്ചു.
നെറ്റ്വർക്ക് ഇല്ലാതാകുമ്പോൾ എമർജൻസി സർവ്വീസുകൾക്കായി സിഗ്നൽ ലഭിക്കാൻ അടുത്തുള്ള ഉപഗ്രഹത്തിന്റെ സഹായത്താൽ ഉപഭോക്താക്കൾക്ക് സിഗ്നൽ എത്തിക്കുന്ന ഫീച്ചറാണ് ഗ്ലോബൽസ്റ്റാർ എമർജൻസി ഫീച്ചർ. ഇതിനുള്ള ഓൺ-സ്‌ക്രീൻ നിർദ്ദേശങ്ങൾ ഫീച്ചറിൽ തന്നെ കാണാൻ സാധിക്കുന്നതാണ്. പിന്നീട് ഫീച്ചർ റിപ്പോർട്ട് ചെയ്ത ഇവന്റിനെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുകയും ഉപയോക്താവിന്റെ ലൊക്കേഷൻ ഉപയോഗിച്ച് എമർജൻസി റെസ്‌പോണ്ടർമാർക്ക് നൽകുകയും ചെയ്യുന്നു.

മോശം നെറ്റ്വർക്ക് മൂലമുള്ള ഡാറ്റ കൈമാറ്റ വേഗത വർധിപ്പിക്കാനും ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് ഉപയോഗിക്കാവുന്നതാണ്. യുഎസ്, യുകെ, കാനഡ, മറ്റ് ചില യൂറോപ്യൻ രാജ്യങ്ങളിൽ മാത്രമാണ് നിലവിൽ ഈ ഫീച്ചർ ലഭ്യമാകുന്നത്. മാത്രമല്ല പഴയ ഐഫോണുകളിലും ഈ ഫീച്ചർ ലഭ്യമാകില്ല. ഐഫോൺ 14 ൽ ആണ് ഈ ഫീച്ചർ ആപ്പിൾ ആദ്യമായി അവതരിപ്പിച്ചത്. ഈ വർഷം സെപ്തംബറിൽ ഇറങ്ങാനിരിക്കുന്ന ഐഫോൺ 15ലും ഈ ഫീച്ചർ ആപ്പിൾ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നേരത്തെ ഓട്ടത്തിനിടയിൽ വീണ് ശ്വാസകോശം ഉൾപ്പെടെ തകരുകയും വാരിയെല്ലുകൾ ഉൾപ്പെടെ ഒടിയുകയും ചെയ്ത ഒരാളുടെ ജീവൻ രക്ഷിച്ചതിൽ ആപ്പിൾ വാച്ചിന്റെ പങ്കിനെപ്പറ്റി നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നോർവയിലെ റോബർട്ട് നെസ് എന്നയാളുടെ ജീവനായിരുന്നു ആപ്പിൾ വാച്ച് മൂലം രക്ഷപെട്ടത്. ഇൻവെസ്റ്റ്മെന്റ് ഡയറക്ടറും ട്രയൽ റണ്ണറുമാണ് റോബർട്ട്. ട്രയൽറൺ പരിശീലനത്തിനിടെ ആയിരുന്നു കാൽ വഴുതി ഇയാൾ വീണത്.
നെഞ്ച് ഇടിച്ചു വീണതിനാൽ ഇയാളുടെ ഒന്നിലധികം വാരിയെല്ലുകൾ പൊട്ടിയെന്നും ശ്വാസകോശങ്ങളിലൊന്ന് തകർന്നെന്നും ആയിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. വേദനകൊണ്ട് പുളഞ്ഞ ഇയാൾക്ക് ഫോൺ എടുക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് കൈയ്യിൽ കെട്ടിയിരുന്ന ആപ്പിൾ വാച്ചിന്റെ സഹായത്താൽ ആണ് ഇയാൾ ആമ്പുലൻസ് വിളിച്ചത്. പതിനഞ്ച് മിനുറ്റിനുള്ളിൽ ആമ്പുലൻസ് സ്ഥലത്തെത്തി റോബർട്ടിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വീഴ്ചയിൽ അറോബർട്ടിന്റെ ശ്വാസകോശവും വാരിയെല്ലുകളും തകർന്നതായി ഡോക്ടർമാരും സ്ഥിരീകരിച്ചു.
അതേ സമയം തനിക്ക് ചെറുപ്പം മുതലേ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നതായും ആയതിനാൽ തന്നെ ശ്വാസകോശത്തിന് ഉണ്ടായ തകരാർ എളുപ്പത്തിൽ തിരിച്ചറിഞ്ഞെന്നും ഇയാൾ വെളിപ്പെടുത്തി. ആപ്പിൾ വാച്ചിലെ ഫാൾ ഡിറ്റക്ഷൻ ഫീച്ചർ വാച്ചുടമ അപകടത്തിൽപ്പെടുമ്പോൾതന്നെ അടിയന്തര സന്ദേശം അയയ്ക്കുകയും എമർജൻസി നമ്പരിലേക്ക് വിളിക്കുകയും ചെയ്യും. ആപ്പിൾ വാച്ചുകളുടെ എൽടിഇ വേരിയന്റിൽ ഐഫോണുകൾ ഇല്ലാതെ തന്നെ കോളുകൾ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതാണ്.
അതിനിടെ ഉപഭോക്താക്കൾക്കായി കൂടുതൽ സുരക്ഷാ ഫീച്ചറുകൾ ആപ്പിൾ വാച്ചുകളിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് ആപ്പിൾ. പുറത്തിറങ്ങാനിരിക്കുന്ന പുതിയ ആപ്പിൾ വാച്ചുകളിൽ ഇതിലും കൂടുതൽ ഫീച്ചറുകൾ ഉണ്ടായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ആപ്പിളിനെ മാതൃകയാക്കി നിരവധി കമ്പനികൾ ഇത്തരം സുരക്ഷ, ആരോഗ്യം എന്നിവ മുൻ നിർത്തി ഇത്തരത്തിലുള്ള വിവിധ ഫീച്ചറുകൾ സ്മാർട്ട് വാച്ചുകളിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുന്നുണ്ട്.


Click it and Unblock the Notifications








