കുട്ടിക്കൂട്ടം ആപ്പിൾസ്റ്റോർ കൊള്ളയടിച്ചു: പക്ഷേ കട്ടമുതൽ പ്രയോജനപ്പെട്ടില്ല; കാരണം ആപ്പിളിന്റെ ട്വിസ്റ്റ്!
പണ്ടത്തെപ്പോലെയല്ല, ഇപ്പോൾ ഇന്ത്യയിലും ആപ്പിൾസ്റ്റോർ ഉണ്ട്. ഒന്നല്ല, രണ്ടെണ്ണം. ഐഫോണിനോടുള്ള ആക്രാന്തം കൊണ്ട് ഇന്ത്യയിലെയോ, മറ്റേതെങ്കിലും രാജ്യത്തെയോ ആപ്പിൾസ്റ്റോർ സന്ദർശിച്ച് സൂത്രത്തിൽ എല്ലാവരുടെയും കണ്ണുവെട്ടിച്ച് മേശപ്പുറത്തിരിക്കുന്ന ഫോണുകളിലൊന്ന് പോക്കറ്റിലിട്ട് കടന്നുകളയാമെന്ന് കരുതരുത്. അങ്ങനെ ചെയ്താൽ എന്ത് സംഭവിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഫിലാഡൽഫിയയിലെ ഐഫോൺ കൊള്ള!
ഐഫോൺ 15 സീരീസിലെ ഫോണുകൾക്കായി യുവാക്കളും പ്രായപൂർത്തിയാകാത്ത കുട്ടികളും അടങ്ങുന്ന സംഘം യുഎസിലെ ഫിലാഡൽഫിയയിലെ പതിനഞ്ചാമത്തെ സ്ട്രീറ്റിന് സമീപമുള്ള വാൾനട്ട് സ്ട്രീറ്റ് ആപ്പിൾസ്റ്റോർ കൊള്ളയടിച്ചതായി റിപ്പോർട്ട് വന്നിട്ടുണ്ട്. വാൾനട്ട് സ്ട്രീറ്റ് സ്റ്റോർ മാത്രമല്ല, സിറ്റി സെന്ററിലെ ചെസ്റ്റ്നട്ട്, ലുലുലെമോൺ എന്നിവയുൾപ്പെടെയുള്ള പ്രദേശത്തെ മറ്റ് സ്റ്റോറുകളിലും കൊള്ളനടന്നു.

ഈ വാർത്ത പുറത്തുവന്നതിന് ഒപ്പം തന്നെ ഒരുകൂട്ടം യുവാക്കൾ ഒരു ആപ്പിൾ സ്റ്റോറിലേക്ക് ഇടിച്ചുകയറുന്നതും അവിടെ മേശപ്പുറത്ത് ഉണ്ടായിരുന്ന ഐഫോണുകൾ വാരിക്കൊണ്ട് പുറത്തേക്ക് ഓടുന്നതുമായ വീഡിയോകളും പുറത്തുവന്നിരുന്നു. പുറത്തുവന്ന യുവാക്കളിലൊരാൾ തന്റെ കൈയിലിരിക്കുന്ന നാലഞ്ച് ഐഫോണുകൾ ക്യാമറയിൽ കാണിക്കുന്നുമുണ്ട്. കൊള്ളയടിച്ച കുട്ടിൽ ഐഫോൺ ഉയർത്തി ഫ്രീ ഐഫോൺ എന്ന് ആക്രോശിക്കുന്നതും വീഡിയോയിലുണ്ട്.
ഒന്നിലധികം പ്രായപൂർത്തിയാകാത്തവർ സെന്റർ സിറ്റിയിലേക്ക് പോകുന്നതായി ഫിലാഡൽഫിയ പോലീസിന് രാത്രി 8:00 മണിയോടെ കോളുകൾ ലഭിച്ചു തുടങ്ങിയിരുന്നു. മൂന്നിടങ്ങളിലായി നടന്ന കൊള്ളയിൽ പ്രായപൂർത്തിയാകാത്ത നൂറിലേറെപ്പേർ ഉണ്ടെന്നാണ് പറയപ്പെടുന്നത്. പോലീസ് ഇതുവരെ 15-20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, രണ്ട് തോക്കുകളും കണ്ടെടുത്തിട്ടുണ്ട്, എന്നാൽ ഇവർക്ക് കൊള്ളയുമായി ബന്ധമുണ്ടോയെന്ന് പോലീസിന് ഉറപ്പില്ലെന്ന് എൻബിസി റിപ്പോർട്ട് ചെയ്തു.
മോഷണം നടക്കുന്നതും കുറ്റവാളികൾ പിടിയിലാകുന്നതുമൊക്കെ സാധാരണമാണ്. എന്നാൽ ഇവിടെ ഒരു ട്വിസ്റ്റ് ഉണ്ടായിട്ടുണ്ട്. ആപ്പിൾ സ്റ്റോറുകളിൽനിന്ന് കൊള്ളയടിക്കപ്പെട്ടത് ഡെമോ ഫോണുകൾ ആയിരുന്നു എന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തങ്ങൾ മോഷ്ടിച്ച ഐഫോണുകൾ യഥാർത്ഥത്തിൽ കമ്പനിയുടെ പ്രത്യേക എന്റർപ്രൈസ്-ഗ്രേഡ് ഒഎസ് ഫീച്ചർ ചെയ്യുന്ന ഡെമോ യൂണിറ്റുകൾ മാത്രമാണെന്ന് ഈ 'കൊള്ളക്കാർ' മനസ്സിലാക്കിയില്ല.
🚨Just in: Apple and many stores in Philadelphia being looted. Philly is fallen! #Philadelphia #PA #looting pic.twitter.com/hnfpAJhvIp
— Stay Frosty 🇺🇲 (@brewdoggy) September 27, 2023
ചുരുക്കത്തിൽ കൊള്ളനടത്തിയതിന് പിടയിലാകുകയും ചെയ്തു, പ്രയോജനമുണ്ടായോ അതുമില്ല എന്ന അവസ്ഥയിലാണ് കൊള്ളക്കാർ. ആപ്പിൾ സ്റ്റോറുകളിൽ മേശപ്പുറത്ത് വച്ചിരിക്കുന്ന ഐഫോണുകൾ അടിച്ചുമാറ്റിയിട്ട് ഒരു കാര്യവുമില്ല എന്ന് തുടക്കത്തിൽ പറഞ്ഞിരുന്നു. കാരണം അവ ഡെമോ ഫോണുകളാണ്. ഈ ഡെമോ ഫോണെടുത്ത് ആപ്പിൾ സ്റ്റോറിന് പുറത്തിറങ്ങി കഴിഞ്ഞാൽ വെറുമൊരു പേപ്പർ വെയിറ്റ് ആയി മാത്രമേ അവ കണക്കാക്കാനാകൂ.
പ്രത്യേക എന്റർപ്രൈസ്-ഗ്രേഡ് ഒഎസ് ഫീച്ചർ ചെയ്യുന്ന ഐഫോൺ യൂണിറ്റുകൾ വ്യക്തിഗത ഉപയോഗത്തിനായി ഉപയോഗിക്കാൻ കഴിയില്ലെങ്കിലും, ആരെങ്കിലും അവ മോഷ്ടിച്ചാൽ, ഉപകരണങ്ങൾ ലോക്ക് ചെയ്യപ്പെടുകയും ലൊക്കേഷൻ ട്രാക്കിംഗ് അവയിൽ ഓട്ടോമാറ്റിക് ആയി പ്രവർത്തനക്ഷമമാക്കുകയും ചെയ്യും. അതിനാൽ, മോഷ്ടിച്ച ഡെമോ ഐഫോണുകൾ സ്വിച്ച് ഓഫ് ആണെങ്കിലും, പോലീസിന് എല്ലായ്പ്പോഴും അവ ട്രാക്ക് ചെയ്യാനും കുറ്റവാളിയെ പിടികൂടാനും കഴിയും.

ട്രാക്കിങ് കാര്യക്ഷമമായി സാധ്യമായില്ലെങ്കിൽ, ഈ ഡെമോ യൂണിറ്റുകളുടെ ക്യാമറയും രഹസ്യമായി പ്രവർത്തിപ്പിക്കാനും അവ മോഷ്ടിച്ച വ്യക്തിയുടെ ഫോട്ടോകളും വീഡിയോകളും റെക്കോർഡുചെയ്യാനും ആപ്പിളിന്റെ ഡെമോ ഫോണുകൾക്ക് ശേഷിയുണ്ട്. ചുരുക്കത്തിൽ ആപ്പിൾ സ്റ്റോറിൽനിന്ന് അടിച്ചുമാറ്റുന്ന ഐഫോൺ ഡമ്മിയോ, ഒറിജിനലോ ആകട്ടെ, അത് എളുപ്പത്തിൽ ഉപയോഗിക്കാമെന്ന് വ്യാമോഹിക്കേണ്ട.
ഐഫോൺ മോഷ്ടിക്കുക എന്നത് അൽപ്പം പാടാണ്. ഇനി അത് സാധ്യമായാൽ തന്നെ ലൊക്കേഷൻ സ്വയമേവ ട്രാക്ക് ചെയ്യപ്പെടും, ഉടൻ തന്നെ പോലീസ് സ്ഥലത്ത് എത്തുകയും ചെയ്യും. ആളുകളുടെ ഒറിജിനൽ ഐഫോൺ മോഷ്ടിക്കപ്പെടുന്ന സാഹചര്യം നേരിടാൻ ആപ്പിൾ ഐഫോണുകളിൽ "ഫൈൻഡ് മൈ" ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുന്നു.
മോഷ്ടിച്ച ഐഫോൺ ട്രാക്ക് ചെയ്യുന്നതിന് ഈ ആപ്ലിക്കേഷൻ സഹായിക്കുന്നു. മോഷ്ടാവ് ഫോൺ ഓഫ് ആക്കിയാലും ഉടമയ്ക്ക് ഭയക്കേണ്ടതില്ല. ഏറ്റവും പുതിയ ഐഒഎസ് സോഫ്റ്റ്വെയർ ഡിവൈസ് ഓഫാക്കിയാലും ഐഫോൺ ട്രാക്കുചെയ്യാൻ അനുവദിക്കുന്നു. അതേസമയം, ഏറ്റവും പുതിയ സുരക്ഷാ ഫീച്ചറുകൾ ലഭിക്കുന്നതിന് ഐഫോൺ ഉടമകൾ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ഫോണിൽ ഉറപ്പാക്കുക.


Click it and Unblock the Notifications








