കോഫീ ഷോപ്പിന്റെ 'ബാത്ത് റൂം ഭിത്തി' തുരന്ന് മോഷണം; നഷ്ടമായത് 4 കോടി വിലവരുന്ന ഐഫോണുകൾ!
കള്ളന്മാരുടെ ബുദ്ധി നമ്മെ പലപ്പോഴും ഞെട്ടിക്കാറുണ്ട്. ഈ ബുദ്ധി നേരേ ചൊവ്വേ ഉപയോഗിച്ചിരുന്നു എങ്കിൽ ഇവർക്ക് മോഷണം നടത്തേണ്ട ആവശ്യമുണ്ടോ എന്ന് നമുക്ക് തോന്നിപ്പോകും. ഇക്കാര്യം അവരോട് ചോദിച്ചാൽ 'അതിലൊരു ത്രില്ലില്ല' എന്ന മറുപടിയാകും ഒരുപക്ഷേ കിട്ടിയേക്കുക. അതുകൊണ്ട് ആവഴിക്കൊന്നും ചിന്തിച്ച് കാടുകയറി പോകേണ്ട.
സിനിമകളിലും മറ്റും നാം ധാരാളം മോഷണ സീനുകൾ കണ്ടിട്ടുണ്ട്. ചിലത് കോമഡിയിൽ അവസാനിക്കും, എന്നാൽ മറ്റ് ചിലത് പറഞ്ഞറിയിക്കാൻ സാധിക്കാത്ത ആകാംക്ഷ സൃഷ്ടിക്കുകയും നാം പരിസരം മറന്ന് കണ്ടിരിക്കുകയും ചെയ്യും. കിടിലൻ മോഷണങ്ങളുടെ കഥ പറഞ്ഞ സിനിമകൾ മലയാളത്തിലും മറ്റ് ഭാഷകളിലുമായി നാം നിരവധി കണ്ടുകഴിഞ്ഞു.

നമുക്കു ചുറ്റുമുള്ള ജീവിതങ്ങളിൽനിന്നാണല്ലോ സിനിമയുണ്ടാകുന്നത്. അതിനാ്ൽത്തന്നെ സിനിമയിൽ മാത്രമല്ല, യഥാർഥ ജീവിതത്തിലും മോഷണം നടക്കാറുണ്ട്. ഒന്നല്ല, ചെറുതും വലുതുമായ ഒരുപാട് മോഷണങ്ങൾ ലോകത്ത് പല ഭാഗത്തുമായി നടക്കുന്നു. ചില സിനിമകളിൽ കാണും പോലെ മോഷണങ്ങൾ കോമഡിയിൽ അവസാനിക്കുന്ന പതിവ് ജീവിതത്തിൽ അധികം കാണാൻ കഴിഞ്ഞു എന്നുവരില്ല.
എന്നാൽ സിനിമകളിലെ ത്രില്ലർ മോഷണങ്ങളെ വെല്ലുന്ന യഥാർഥ ത്രില്ലറുകൾ നമുക്കുചുറ്റും നടക്കാറുമുണ്ട്. ചില മോഷണവാർത്തകൾ നമ്മിൽ കൗതുകം സൃഷ്ടിക്കുമ്പോൾ മറ്റ് ചില മോഷണ വാർത്തകൾ ഭയമാണ് സൃഷ്ടിക്കുന്നത്. ആനയെ കണ്ട് രസിക്കുന്നതും പ്രേതക്കഥകൾ പറഞ്ഞ് രസിക്കുന്നതും പോലെ മോഷണ വാർത്തകൾ കേട്ട് ഹരം കൊള്ളുന്നവരും ഏറെ.
ലോകത്ത് നടന്ന നിരവധി മോഷണങ്ങൾക്കിടയിൽ, അമേരിക്കയിൽ കഴിഞ്ഞ ദിവസം നടന്ന ഒരു മോഷണം ഒരേസമയം ആളുകളിൽ അമ്പരപ്പും കൗതുകവും സൃഷ്ടിച്ച് വൈറലായിരിക്കുകയാണ്. വാഷിങ്ടണിലുള്ള ഒരു കോഫീ ഷോപ്പിന്റെ (സിയാറ്റിൽ കോഫി ഗിയർ) ബാത്ത് റൂം ഭിത്തി തുരന്ന മോഷ്ടാക്കൾ, 4 കോടി രൂപ വിലവരുന്ന ഐഫോണുകൾ മോഷ്ടിച്ചു എന്നാണ് വാർത്തയുടെ ചുരുക്കം.

കള്ളന്മാർ കയറിയത് കോഫീ ഷോപ്പിൽ, തുരന്നത് ബാത്ത് റൂം ഭിത്തി, അവിടെ 4 കോടി വിലവരുന്ന എന്ത് സാധനമാണ് ഇരിക്കുന്നതെന്നാലോചിച്ച് കാടുകയറരുത്. എന്തിനും ഒരു മറുപുറം ഉണ്ട് എന്നാണല്ലോ പറയാറ്. ഈ കോഫീഷോപ്പിലെ ബാത്ത് റൂം ഭിത്തിയുടെ മറുപുറം അവിടുത്തെ ആപ്പിൾ സ്റ്റോർ ആയിരുന്നത്രേ. രാത്രിയിൽ മാൾ അടച്ചതിനാൽ ജീവനക്കാർ ഉണ്ടായിരുന്നില്ല. പുലർച്ചെയോടെയായിരുന്നു മോഷണം.
കോഫീ ഷോപ്പ് വഴി ഭിത്തിതുരന്ന് ആപ്പിൾ സ്റ്റോറിനകത്ത് കയറിയ കള്ളന്മാർ അവിടുത്തെ സുരക്ഷാ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ച് 500,000 ഡോളർ വിലമതിക്കുന്ന ഐഫോണുകൾ മോഷ്ടിക്കുകയായിരുന്നു! ഇന്ത്യൻ തുകയിൽ ഇത് ഏകദേശം നാലുകോടി രൂപയോളം വരും. വാഷിംഗ്ടണിലുള്ള ആൽഡർവുഡ് മാളിലെ ആപ്പിൾ സ്റ്റോറിലാണ് അതീവ ആസൂത്രിതമായി ഈ കൊള്ള നടന്നിരിക്കുന്നത്.
സിയാറ്റിൽ കോഫി ഗിയറിന്റെ സിഇഒ മൈക്ക് അറ്റ്കിൻസന്റെ ട്വീറ്റ് അനുസരിച്ച്, ആൽഡർവുഡിൽ കൊള്ളയടിക്കപ്പെട്ട ആപ്പിൾ സ്റ്റോറിനോട് ചേർന്നാണ് അദ്ദേഹത്തിന്റെ റീട്ടെയിൽ ലൊക്കേഷനുകളിലൊന്ന് സ്ഥിതിചെയ്യുന്നത്. ഇവിടെ രണ്ടുപേർ അതിക്രമിച്ചു കയറി. തുടർന്ന് കോഫ്ഷോപ്പിന്റെ ബാത്ത്റൂം ഭിത്തിയിൽ ഒരു ദ്വാരം വെട്ടി ആപ്പിൾ സ്റ്റോറിൽ കയറുകയും ഫോണുകൾ കൊള്ളയടിക്കുകയുമായിരുന്നു.

അതിക്രമിച്ചു കയറി കോഫീഷോപ്പ് 'വഴി'യാണ് മോഷണം നടത്താൻ പോയതെങ്കിലും കവർച്ചക്കാർ ഷോപ്പിൽനിന്ന് ഒരു 'മൊട്ടുസൂചി' പോലും മോഷ്ടിച്ചിട്ടില്ല. എന്നാൽ ഡോറിന്റെ പൂട്ട് പൊളിഞ്ഞത് മാറ്റാനും ബാത്ത് റൂം ഭിത്തി തുരന്നത് ശരിയാക്കാനുമൊക്കെയായി കോഫി ഷോപ്പ് ഉടമയ്ക്ക് 1,500 ഡോളർ (ഏകദേശം 1,23,000 രൂപ) വരെ ചിലവഴിക്കേണ്ടിവരും.
ഏറെ തന്ത്രപരമായി ആസൂത്രണം ചെയ്ത് നടത്തിയ കവർച്ചയാണ് ഇതെന്ന് സിയാറ്റിൽ കോഫി ഗിയറിന്റെ റീജിയണൽ റീട്ടെയിൽ മാനേജരായ എറിക് മാർക്‌സ് ഒരു മാധ്യമത്തോടു പ്രതികരിച്ചു. ''ഇതെല്ലാം വെറും യാദൃശ്ചികമോ ഭാഗ്യമോ ആയിരുന്നില്ല, മുഴുവൻ കവർച്ചയും നന്നായി ചിന്തിച്ചു മുൻകൂട്ടി ആസൂത്രണം ചെയ്തതാണ്'' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
സംഭവത്തിൽ ലിൻവുഡ് പോലീസ് അന്വേഷണം നടത്തിവരികയാണ്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായും അന്വേഷണം നടക്കുന്നതിനാലാണ് പരസ്യമാക്കാത്തത് എന്നും റിപ്പോർട്ടുണ്ട്. അതേസമയം, മോഷണം പോയ ഐഫോണുകളുടെ പേരുകൾ അറിവായിട്ടില്ല. തങ്ങളുടെ ഏറ്റവും പുതിയ ഐഫോണുകൾ ആപ്പിൾ റീട്ടെയിൽ സ്റ്റോറിൽ വിൽക്കാൻ സാധ്യതയുള്ളതിനാൽ ഐഫോൺ 14 സീരീസിലെ ഫോണുകളാകും മോഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നാണ് നിഗമനം.


Click it and Unblock the Notifications