ഇത്രയും ഫേമസായ എന്നെ മനസിലായില്ലേടാ.... ടിം കുക്കിനെ തിരിച്ചറിയാനാകാതെ ഐപിഎൽ കമന്റേറ്റർമാർ | IPL 2023
ആഗോളതലത്തിൽ അറിയപ്പെടുന്ന ആളുകളെ തിരിച്ചറിയാൻ ഇന്ത്യക്കാർക്ക് അത്ര പ്രതിസന്ധിയൊന്നും ഉണ്ടാകാറില്ല. സിനിമ നടന്മാർ മുതൽ ശാസ്ത്രജ്ഞരെയും വലിയ കമ്പനികളുടെ മേധാവികളെയുമൊക്കെ ഒരു ഫോട്ടോ കണ്ടാൽ നമുക്ക് തിരിച്ചറിയാൻ കഴിയും. അത്തരത്തിൽ എല്ലാവർക്കും എളുപ്പം തിരിച്ചറിയാൻ കഴിയുന്ന ആളുകളിലൊന്നാണ് ആപ്പിളിന്റെ സിഇഒ ടിം കുക്ക്.
ഇന്ത്യയിലെ ആദ്യ ആപ്പിൾ സ്റ്റോറുകൾ പ്രവർത്തനമാരംഭിച്ചതുമായി ബന്ധപ്പെട്ട് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ട്രെൻഡിങായി നിൽക്കുന്ന ആള് കൂടിയാണ് ടിം കുക്ക്. മുംബൈയിലെ ആപ്പിൾ ബികെസിയും ഡൽഹിയിലെ ആപ്പിൾ സാകേതും പൊതു ജനങ്ങൾക്ക് തുറന്ന് നൽകിയ ടിം കുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നേരിൽ കണ്ടിരുന്നു. ആപ്പിളിന്റെ ഇന്ത്യയിലെ നിക്ഷേപ പദ്ധതികളെക്കുറിച്ചാണ് കുക്ക് മോദിയുമായി ചർച്ച നടത്തിയത്.

ഇതിനിടയിൽ നിരവധി സിനിമ താരങ്ങളെയും സ്പോർട്സ് താരങ്ങളെയുമെല്ലാം അദ്ദേഹം കണ്ടിരുന്നു. കുറച്ച് ദിവസമായി ട്വിറ്ററിലും ഇൻസ്റ്റയിലും വാർത്തകളിലും എല്ലാം Apple CEO Tim Cook മാത്രമാണ് താരം. അതിനാൽ അദ്ദേഹത്തെ തിരിച്ചറിയാൻ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടാകേണ്ടതില്ല. ലോകത്തെ ഏറ്റവും വലിയ ടെക്ക് സ്ഥാപനത്തിന്റെ മേധാവിയെ എല്ലാവരും അറിഞ്ഞിരിക്കണമെന്ന് നിർബന്ധം പിടിക്കുകയൊന്നുമല്ല, എങ്കിലും സമൂഹത്തിന്റെ ചലനങ്ങൾ അറിയാൻ കഴിയുന്നവർക്ക് അതിന് സാധിക്കേണ്ടതാണ്.
എന്നാൽ ടിം കുക്കിനെ തിരിച്ചറിയാൻ സാധിക്കാത്ത ചില "വിദഗ്ധരും" നമുക്കിടയിൽ ഉണ്ടെന്നതാണ് സങ്കടകരം. കഴിഞ്ഞ ദിവസം ഡൽഹിയിലെ അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഐപിഎൽ (IPL 2023 ) കാണാൻ ടിം കുക്കും എത്തിയിരുന്നു. ഡെൽഹി ക്യാപ്പിറ്റൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലായിരുന്നു മത്സരം. ബോളിവുഡ് നടിയായ സോനം കപൂറിന് ഒപ്പമാണ് ടിം കുക്ക് കളി കാണാൻ എത്തിയത്. എന്നാൽ മത്സരത്തിനിടെ ആപ്പിൾ മേധാവിയെ തിരിച്ചറിയാൻ കമന്റേറ്റേഴ്സിന് സാധിച്ചില്ല.

ക്യാമറകൾ ടിം കുക്കിന് നേരെ തിരിഞ്ഞതോടെ സ്റ്റേഡിയത്തിൽ ആരവങ്ങളുയർന്നു. കാണികളെ നോക്കി ടിം കുക്ക് കൈ വീശുകയും ചെയ്തു. ഇത്രയും ആയിട്ടും ആളാരാണെന്ന് ജിയോ സിനിമയിലെ കന്നഡ കമന്റേറ്റർമാർക്ക് പിടി കിട്ടിയില്ല. കണ്ണുംപൂട്ടി "ട്വിറ്റർ സിഇഒ" എന്ന് വിളിക്കുകയും ചെയ്തു. അതേ ടിം കുക്കാരാണെന്നോ ഇലോൺ മസ്ക് ആരാണെന്നോ വലിയ പിടിയില്ലാത്ത ടീമുകളാണ് ഐപിഎൽ മത്സരത്തിന് കമന്ററി പറയാൻ ഇരുന്നത്. എന്തായാലും സംഭവം ആകെ നാണക്കേടായെന്ന് പറയാം.
മത്സരത്തിന് ശേഷം സോനം കപൂർ ടിം കുക്കിനൊപ്പമുള്ള ചിത്രങ്ങൾ ട്വിറ്ററിൽ പങ്കിടുകയും ചെയ്തു. ടിം കുക്ക് ഈ ട്വീറ്റ് ഷെയർ ചെയ്യുകയും ചെയ്തിരുന്നു. രാജ്യതലസ്ഥാനത്തെ ആപ്പിൾ സ്റ്റോർ പൊതുജനങ്ങൾക്കായി തുറന്ന് നൽകിയ ശേഷമാണ് ടിം കുക്ക് ഐപിഎൽ കാണാൻ പോയത്. ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച് 25 വർഷത്തിന് ശേഷമാണ് ആപ്പിൾ ഇന്ത്യയിൽ ഔദ്യോഗിക സ്റ്റോറുകൾ തുറന്നത്. മുംബൈ ബികെസിയിലും ഡൽഹി സാകേതിലുമാണ് കമ്പനി നേരിട്ട് നടത്തുന്ന സ്റ്റോറുകൾ ഉള്ളത്.

ഓഫ്‌ലൈൻ റീട്ടെയിൽ വിപണിയിൽ സാന്നിധ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ആപ്പിൾ നേരിട്ട് നടത്തുന്ന സ്റ്റോറുകൾ ഇന്ത്യയിലും തുറന്നത്. ഇന്ത്യയിലെ വിപണി സാധ്യതയും ഉത്പാദനത്തിനും കയറ്റുമതിയ്ക്കുമുള്ള അനുകൂല സാഹചര്യവും കണക്കിലെടുത്താണ് ആപ്പിളിന്റെ നടപടികൾ. വരും വർഷങ്ങളിൽ ഇന്ത്യയിൽ വലിയ നിക്ഷേപങ്ങളും കമ്പനി നടത്തിയേക്കാം. ആപ്പിളിനായി ഐഫോണുകൾ നിർമിക്കുന്ന കരാർ കമ്പനികൾ ഇന്ത്യയിൽ അടിസ്ഥാന സൌകര്യങ്ങൾ വർധിപ്പിക്കുന്നതും ഈ സാഹചര്യത്തിലാണ്. ആപ്പിൾ സ്റ്റോറുകളുടെ ഉദ്ഘാടനവും ടിം കുക്കിന്റെ കാടിളക്കിയുള്ള ഇന്ത്യ സന്ദർശനവും ആഗോളതലത്തിൽ ചർച്ചയായിട്ടുമുണ്ട്.
Image Courtesy : https://twitter.com/sonamakapoor


Click it and Unblock the Notifications