ഡാറ്റ വാരിക്കോരി നൽകാൻ ജിയോ! മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകളും ഡാറ്റ പ്ലാനുകളും പ്രഖ്യാപിച്ചു
ക്രിക്കറ്റ് ആരാധകർക്ക് ഡാറ്റ വാരിക്കോരി നൽകുന്ന പ്രഖ്യാപനങ്ങളുമായി റിലയൻസ് ജിയോ രംഗത്ത്. ഐപിഎൽ ഉൾപ്പെടെയുള്ള ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശം കണക്കിലെടുത്താണ് പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ ആനുകൂല്യങ്ങളിൽ മാറ്റങ്ങളുമായി ജിയോ രംഗത്തെത്തിയിരിക്കുന്നത്. 3ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളാണ് ജിയോ ക്രിക്കറ്റിനായി അധിക ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നത്.
ടെലിക്കോം രംഗത്തെ വമ്പനായ ജിയോ ഡാറ്റ ചോർന്നുപോകുമെന്ന ആശങ്കയില്ലാതെ ഐപിഎൽ മത്സരങ്ങൾ കാണാൻ ആളുകളെ അനുവദിക്കുന്നതിനായി 40 ജിബി വരെ സൗജന്യ ഡാറ്റയുള്ള 3 പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്നു. 999 രൂപ, 399 രൂപ, 219 രൂപ റീച്ചാർജ് പ്ലാനുകളിലാണ് പുതിയ ആനുകൂല്യങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നത്.

അൺലിമിറ്റഡ് ട്രൂ5ജി ഡാറ്റ ഉപയോഗിച്ച് തടസമില്ലാതെ 4കെ ക്ലാരിറ്റിയിൽ ക്രിക്കറ്റ് മത്സരങ്ങൾ ലൈവായി കാണാൻ പുതിയ പ്ലാനുകൾ അവസരമൊരുക്കും എന്ന് ജിയോ പറയുന്നു. റിലയൻസ് ജിയോയുടെ പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ മാർച്ച് 24 മുതൽ തന്നെ ലഭ്യമായിത്തുടങ്ങും. മാർച്ച് 31 മുതലാണ് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുക.
പുതിയ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം മൂന്ന് ഡാറ്റ ആഡ്ഓൺ പ്ലാനുകളും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. 222 രൂപ, 444 രൂപ, 667 രൂപ എന്നീ നിരക്കുകളിലാണ് ഈ ഡാറ്റ പ്ലാനുകൾ ലഭ്യമാകുക. ക്രിക്കറ്റ് പ്രേമികൾക്കായി ജിയോ അവതരിപ്പിച്ച പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ചും അവ നൽകുന്ന ആനുകൂല്യങ്ങളെക്കുറിച്ചും വിശദമായി പരിചയപ്പെടാം.
999 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 3ജിബി ഡാറ്റ ലഭ്യമാകുന്ന ജിയോ പ്ലാൻ ആണ് 999 രൂപയുടേത്. അൺലിമിറ്റഡ് കോൾ ആനുകൂല്യവും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. നിശ്ചിത ഡാറ്റയ്ക്ക് പുറമേ 40 ജിബി ഡാറ്റ ഉൾപ്പെടെ 241 രൂപയുടെ വൗച്ചറും ഇനി ഈ പ്ലാനിൽ ലഭിക്കും. 84 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനെത്തുന്നത്.

399 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 3ജിബി ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും വാഗ്ദാനം ചെയ്യുന്ന മറ്റൊരു ജിയോ പ്ലാൻ ആണ് 399 രൂപയുടേത്. 61 രൂപയുടെ സൗജന്യ വൗച്ചറും 6 ജിബി അധിക ഡാറ്റയും ചേർത്താണ് ഈ പ്ലാൻ പുതുക്കിയിരിക്കുന്നത്. 28 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക.
219 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 3 ജിബി പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളുകളും ലഭിക്കുന്ന ഈ റീച്ചാർജ് പ്ലാനും ജിയോ ക്രിക്കറ്റ് ഡാറ്റ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തി പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്. 2 ജിബി സൗജന്യ ഡാറ്റയാണ് 219 രൂപയുടെ പ്ലാനിൽ അധികമായി ചേർത്തിരിക്കുന്നത്. 14 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്.

ഈ റീച്ചാർജ് പ്ലാനുകൾ കൂടാതെ 222 രൂപ, 444 രൂപ, 667 രൂപ നിരക്കുകളുടെ മൂന്ന് ഡാറ്റ പ്ലാനുകളും ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. 222 രൂപയുടെ ഡാറ്റ ആഡ്-ഓൺ പായ്ക്ക് 50ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു, ഉപയോക്താവിന്റെ നിലവിലുള്ള പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റിവരെ ഈ ഡാറ്റ ലഭ്യമാകും.
444 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ 100 ജിബി ഡാറ്റ 60 ദിവസത്തെ വാലിഡിറ്റിയിൽ നൽകുന്നു. 667 രൂപയുടെ ജിയോ ഡാറ്റ ആഡ്-ഓൺ പായ്ക്ക് 150 ജിബി ഡാറ്റ ആണ് വാഗ്ദാനം ചെയ്യുന്നത്. 90 ദിവസത്തേക്ക് ഈ പ്ലാനിന് വാലിഡിറ്റി ഉണ്ടാകും. വരുംദിവസങ്ങളിൽ ആകർഷകമായ കൂടുതൽ പ്രഖ്യാപനങ്ങൾ ക്രിക്കറ്റ് പ്രേമികൾക്ക് പ്രതീക്ഷിക്കാമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications








