ബ്രാൻഡിടിയാത്ത "ധോണി മാനിയ"; ഐപിഎൽ 2023-ൽ വ്യൂവർഷിപ്പ് റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സിഎസ്കെ മത്സരങ്ങൾ | IPL
ടെലിവിഷൻ വ്യൂവർഷിപ്പിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറുകയാണ് ഇന്ത്യൻ പ്രീമിയർ ലീഗ് (IPL 2023). ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ഡിസ്നി സ്റ്റാർ പുറത്തുവിട്ട കണക്കുകളനുസരിച്ച്, 38 മത്സരങ്ങളിൽ 26 എണ്ണത്തിനും മൂന്ന് കോടി വീതം കാഴ്ചക്കാരുണ്ടായിരുന്നു. 40 കോടി പ്രേക്ഷകരാണ് കൂടുതൽ വ്യൂവേഴ്സുണ്ടായിരുന്ന 10 മത്സരങ്ങൾ മാത്രം കണ്ടത്.
കഴിഞ്ഞ വർഷം വരെ ഐപിഎൽ മത്സരങ്ങളുടെ ഒടിടി സംപ്രേഷണാവകാശം കൈവശമുണ്ടായിരുന്ന ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് ഇത്തവണ അത് നഷ്ടമായിരുന്നു. റിലയൻസിന്റെ ജിയോ സിനിമയിൽ സൌജന്യമായിട്ടാണ് ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ പ്രദർശിപ്പിക്കുന്നത്. കോടിക്കണക്കിന് യൂസേഴ്സുമായി ജിയോസിനിമ റെക്കോർഡ് സൃഷ്ടിക്കുമ്പോൾ തന്നെയാണ് ടെലിവിഷൻ വ്യൂവർഷിപ്പിലും കുതിച്ച് ചാട്ടം ഉണ്ടാകുന്നത്. വ്യൂവർഷിപ്പ് കണക്കുകളും കൂടുതൽ കാഴ്ചക്കാരുള്ള മത്സരങ്ങളും പരിശോധിക്കുമ്പോൾ ഐപിഎൽ ആരാധകരുടെ തള്ളിക്കയറ്റം എന്ത് കൊണ്ടാണെന്നും മനസിലാക്കാൻ കഴിയും.

ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണിയുടെ (MS Dhoni) അവസാന ഐപിഎൽ ആണിതെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിൽ എവിടെച്ചെന്നാലും ആരാധകരുള്ള താരമാണ് ധോണി. ചെന്നൈ കളിക്കുമ്പോൾ ജിയോസിനിമയിലെ വ്യൂവർഷിപ്പ് എപ്പോഴും കോടികളാണ്. ഫിനിഷർ റോളിൽ ധോണിയെത്തുമ്പോഴേക്കും അത് കുത്തനെ കൂടുന്നതും കാണാറുണ്ട്. സമാനമായ കുതിച്ച് ചാട്ടമാണ് ടെലിവിഷൻ ഓഡിയൻസിലും കാണുന്നത്. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട 7 ഐപിഎൽ മാച്ചുകളിൽ 5 എണ്ണവും സിഎസ്കെയുടെ മത്സരങ്ങളാണെന്നതും ധോണിയെക്കാണാൻ ആളുകൾ ഇടിച്ചുകയറുന്നുവെന്നതിന്റെ സൂചനയാണ്.
റിപ്പോർട്ടുകൾ അനുസരിച്ച് 5.6 കോടിയിൽ അധികം കാഴ്ചക്കാരാണ് ഗുജറാത്ത് ടൈറ്റൻസും (GT) ചെന്നൈ സൂപ്പർ കിംഗ്‌സും (CSK) തമ്മിലുള്ള ഉദ്ഘാടന മത്സരം കണ്ടത്. ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും (RCB) തമ്മിലുള്ള 24 -ാമത്തെ ഐപിൽ മത്സരത്തിന് 5.2 കോടി വ്യൂവേഴ്സും ഉണ്ടായിരുന്നു. 5.1 കോടി ആളുകളാണ് ടൂർണമെന്റിലെ 33 -ാമത്തെ മത്സരം കണ്ടത്. സിഎസ്‌കെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (KKR) തമ്മിലാണ് ഈ മാച്ചിൽ ഏറ്റുമുട്ടിയത്.
സിഎസ്‌കെയും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും (LSG) തമ്മിലായിരുന്നു സീസണിലെ ആറാമത്തെ മത്സരം. 5 കോടി ആളുകളാണ് ടെലിവിഷനിലൂടെ ഈ മത്സരം കണ്ടത്. ആർസിബിയും മുംബൈ ഇന്ത്യൻസും (MI) തമ്മിലുള്ള അഞ്ചാം ഗെയിം 4.6 കോടി കാഴ്ചക്കാരെയും എംഐയും സിഎസ്‌കെയും തമ്മിലുള്ള 12 -ാമത്തെ മാച്ച് 4.5 കോടി പ്രേക്ഷകരെയും സ്വന്തമാക്കിയിരുന്നു. കെകെആറും ആർസിബിയും തമ്മിലുള്ള സീസണിലെ ഒമ്പതാമത്തെ മത്സരവും 4.5 കോടി ആളുകൾ കണ്ടിരുന്നു.
38 മത്സരങ്ങൾ കഴിഞ്ഞതോടെ, ഐപിഎൽ 2023 -ന്റെ ക്യുമുലേറ്റീവ് ലൈവ് വ്യൂവർഷിപ്പ് 43.4 കോടി കഴിഞ്ഞിട്ടുണ്ട്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കാണിതെന്നതാണ് ശ്രദ്ധേയം. ഹിന്ദി സംസാരിക്കുന്ന വിപണികളിൽ (എച്ച്എസ്എം) ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വ്യൂവർഷിപ്പാണ് നിലവിലുള്ളത് ഈ മേഖലകളിൽ നിന്ന് മാത്രം 29.1 കോടി കാഴ്ചക്കാരാണ് ആദ്യ 38 മത്സരങ്ങൾ കണ്ടത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ടിവിആറിൽ 27 ശതമാനത്തിൽ അധികം വർധനവും ഈ വർഷമുണ്ടായിട്ടുണ്ട്.
ഐപിഎൽ സീസൺ നാലാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ 2.53 കോടി പുതിയ പ്രേക്ഷകരെ സ്വന്തമാക്കാനും ഡിസ്നി സ്റ്റാർ നെറ്റ്വർക്കിന് കഴിഞ്ഞിട്ടുണ്ട്. ഐപിഎൽ മത്സരങ്ങളുടെ ഒടിടി സംപ്രേഷണാവകാശം കൈവിട്ട് പോയ ഡിസ്നി സ്റ്റാർ നെറ്റ്വർക്കിന് ടെലിവിഷൻ വ്യൂവേഴ്സിന്റെ എണ്ണത്തിലുള്ള വർധനവ് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ഉയർന്ന വ്യൂവർഷിപ്പും ആരാധക വൃന്ദവും ലോകത്തിലെ ഏറ്റവും ജനപ്രിയ ക്രിക്കറ്റ് ടൂർണമെന്റുകളിൽ ഒന്നായി ഐപിഎല്ലിനെ മാറ്റിയെടുത്തിട്ടുമുണ്ട്.


Click it and Unblock the Notifications







