ഓമനകളായ നായയ്ക്കും പൂച്ചയ്ക്കും ഓൺലൈൻ ട്രെയിൻ ടിക്കറ്റ് ബുക്കിങ് ഒരുക്കാൻ ഐആർസിടിസി തയാറെടുക്കുന്നു
വളർത്തുമൃഗങ്ങളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുകയും യാത്രകളിൽ കൂടെക്കൂട്ടാൻ താൽപര്യപ്പെടുകയും ചെയ്യുന്നവർക്ക് സന്തോഷവാർത്ത. ട്രെയിൻ യാത്രകളിൽ നായ, പൂച്ച തുടങ്ങിയ വളർത്തുമൃഗങ്ങൾക്ക് ഓൺലൈനായി ടിക്കറ്റെടുക്കാൻ യാത്രക്കാർക്ക് അവസരമൊരുക്കാൻ ഐആർസിടിസി തയാറെടുക്കുന്നതായി റിപ്പോർട്ട്. നിലവിൽ വളർത്തുമൃഗങ്ങളെ ട്രെയിനിൽ കൊണ്ടുപോകാൻ സാധിക്കുമെങ്കിലും ടിക്കറ്റെടുക്കാൻ ഏറെ പാടുപെടേണ്ടിവരും.
അതിനാൽത്തന്നെ പലരും ഓമനകളായ വളർത്തുമൃഗങ്ങളെ യാത്രകളിൽ കൂടെക്കൂട്ടാൻ മടിക്കാറുണ്ട്. എന്നാൽ വളർത്തുമൃഗങ്ങൾക്കായുള്ള പുതിയ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം നിലവിൽ വന്നാൽ ആളുകൾക്ക് കൂടുതൽ പ്രയോജനപ്പെടും എന്നാണ് വിലയിരുത്തൽ. വളർത്തുനായകൾക്കും പൂച്ചകൾക്കും ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ആരംഭിക്കുന്നതിനുള്ള നിർദ്ദേശം റെയിൽവേ മന്ത്രാലയം അടുത്തിടെ തയ്യാറാക്കിയിട്ടുണ്ട്.

ഈ നിർദ്ദേശങ്ങൾ നടപ്പാകുന്നതോടെ മൃഗങ്ങൾക്ക് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ പാഴ്സൽ ഓഫീസിന് മുന്നിൽ മണിക്കൂറുകളോളം ക്യൂ നിൽക്കുന്നത് ഒഴിവാക്കാം. പകരം വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ടിക്കറ്റ് ബുക്ക് ചെയ്യാം. എസി ഫസ്റ്റ് ക്ലാസ് ട്രെയിനുകളിൽ വളർത്തുമൃഗങ്ങൾക്കായി ഓൺലൈൻ ബുക്കിംഗ് സൗകര്യം ഒരുക്കാനാണ് റെയിൽവേ മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്.
കൂടാതെ വളർത്ത് മൃഗങ്ങൾക്ക് ടിക്കറ്റ് ഉറപ്പിക്കാനുള്ള അധികാം ടിടിഇമാർക്ക് നൽകണമെന്നും നിർദേശത്തിലുണ്ട്. ഐആർസിടിസി വെബ്‌സൈറ്റിൽ മൃഗങ്ങളുടെ ഓൺലൈൻ ബുക്കിംഗ് സൗകര്യം ആരംഭിക്കാൻ കഴിയുന്ന തരത്തിൽ സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്താൻ റെയിൽവേ ബോർഡ് CRIS-നോട് (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്) ആവശ്യപ്പെട്ടതായി ദ സ്‌റ്റേറ്റ്‌സ്‌മാന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

ട്രെയിനിന്റെ ആദ്യ ചാർട്ട് തയ്യാറായ ശേഷം യാത്രക്കാർക്ക് അവരുടെ മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിച്ച് ഐആർസിടിസി വെബ്‌സൈറ്റിൽ ഓൺലൈനായി വളർത്തുമൃഗങ്ങൾക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ യാത്രക്കാരുടെ ടിക്കറ്റ് ഉറപ്പിച്ചാൽ മാത്രമേ വളർത്തുമൃഗങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ.
എസ്എൽആർ കോച്ചിലാണ് മൃഗങ്ങളെ സൂക്ഷിക്കുക. സ്റ്റോപ്പുകളിൽ നിർത്തുമ്പോൾ ഉടമകൾക്ക് അവരുടെ വളർത്തുമൃഗങ്ങൾക്ക് വെള്ളം, ഭക്ഷണം മുതലായവ നൽകാം. നിരവധി നിബന്ധനകളോടെയാകും മൃഗങ്ങൾക്ക് ടിക്കറ്റ് നൽകുക. യാത്രക്കാരൻ ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ, മൃഗങ്ങളുടെ ടിക്കറ്റിന് പണം തിരികെ നൽകില്ല. ട്രെയിൻ റദ്ദാക്കുകയോ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകുകയോ ചെയ്താൽ, യാത്രക്കാരുടെ ടിക്കറ്റ് തുക മാത്രമേ തിരികെ ലഭിക്കൂ.
കുതിരകൾ, പശുക്കൾ, എരുമകൾ, ആട്, തുടങ്ങിയ വലിയ വളർത്തുമൃഗങ്ങളെ, എന്തിനേറെ ആനയെപ്പോലും ഗുഡ്‌സ് ട്രെയിനുകളിൽ ബുക്ക് ചെയ്ത് കൊണ്ടുപോകാം. എന്നാൽ യാത്രയിൽ അവരെ പരിപാലിക്കാൻ ആളുണ്ടായിരിക്കണം. മൃഗങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഴുവൻ ഉത്തരവാദിത്തവും ഉടമയ്ക്ക് മാത്രമാണ്. റെയിൽവേയ്ക്ക് യാതൊരു ഉത്തരവാദിത്തവും ഏൽക്കില്ല.

വളർത്തുമൃഗങ്ങളുടെ ട്രെയിൻയാത്രയ്ക്ക് നിലവിലുള്ള ഐആർസിടിസി മാർഗ്ഗനിർദ്ദേശങ്ങൾ: 1) ബന്ധപ്പെട്ട യാത്രക്കാരൻ എസി-ഫസ്റ്റ് ക്ലാസ്സിലോ ഫസ്റ്റ് ക്ലാസ്സിലോ 2-ബെർത്ത് കൂപ്പെയിലോ 4-ബെർത്ത് ക്യാബിനിലോ മാത്രമായി ടിക്കറ്റ് ബുക്ക് ചെയ്യണം, അതുവഴി യാത്രക്കാർക്ക് വളർത്തുനായയ്‌ക്കൊപ്പം യാത്ര ചെയ്യാൻ കഴിയും. എസി-ഫസ്റ്റ് ക്ലാസും ഫസ്റ്റ് ക്ലാസും ഒഴികെയുള്ള മറ്റ് ക്ലാസുകളിൽ വളർത്തുനായ്ക്കളെ കൊണ്ടുപോകാൻ അനുവാദമില്ല.
2) ഒരു പാസഞ്ചർ നെയിം റെക്കോർഡിൽ (PNR) ഒരു നായയെ മാത്രമേ അനുവദിക്കൂ. 3) വളർത്തുമൃഗത്തിന് ആവശ്യമായ എല്ലാ വാക്സിനേഷനുകളും ഉണ്ടെന്ന് ഉറപ്പുവരുത്തുകയും സർട്ടിഫിക്കറ്റുകൾ നിങ്ങളുടെ പക്കൽ സൂക്ഷിക്കുകയും ചെയ്യുക. 4) പുറപ്പെടുന്നതിന് 24-48 മണിക്കൂർ മുമ്പ് മൃഗഡോക്ടറിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടുകയും പ്രസക്തമായ ഐഡികൾ കൈവശം വയ്ക്കുകയും ചെയ്യുക.
5) യാത്രയ്ക്കിടെ നിങ്ങളുടെ വളർത്തുമൃഗത്തിന് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ വെള്ളവും ഭക്ഷണവും കളിപ്പാട്ടവും കൊണ്ടുവരിക. ഈ മാർഗനിർദേശങ്ങൾ കൂടാതെ വളർത്ത് മൃഗങ്ങളുടെ യാത്രയ്ക്കായി മറ്റ് ചില നിർദേശങ്ങൾകൂടി റെയിൽവേ നേരത്തെ പുറത്തിറക്കിയിട്ടുണ്ട്. ട്രെയിൻ പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്ന് മണിക്കൂർ മുമ്പെങ്കിലും നിങ്ങളുടെ നായയെ ലഗേജ് ഓഫീസിലേക്ക് കൊണ്ടുവരണം എന്നതാണ് അതിലൊന്ന്.
എസി ഫസ്റ്റ് ക്ലാസിലോ ഫസ്റ്റ് ക്ലാസ് കൂപ്പെയിലോ നിങ്ങളുടെ നായയെ കൊണ്ടുപോകുകയാണെങ്കിൽ ബാധകമായ ബാഗേജ് ഫീസ് നൽകണം. മറ്റ് യാത്രക്കാർ പരാതിപ്പെട്ടാൽ, പണം തിരികെ നൽകാതെ നായയെ ഗാർഡിന്റെ വാനിലേക്ക് മാറ്റും. വളർത്തുനായയുടെ ഇനം, നിറം, ലിംഗഭേദം എന്നിവ വ്യക്തമായി പരാമർശിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് ബുക്കിംഗിന് നിർബന്ധമാണ്.


Click it and Unblock the Notifications