ഇന്ത്യയുടെ നേട്ടത്തിൽ ചൈനയ്ക്ക് കണ്ണുകടി; ചന്ദ്രയാൻ ഇറക്കിയത് വേറെ എവിടെയോ ആണെന്ന് ചൈനീസ് ശാസ്ത്രജ്ഞൻ
ഇന്ത്യയുടെയും ഇസ്രോയുടേയും ചരിത്രനേട്ടത്തിനെ പരിഹസിച്ച് ചൈന. ഇസ്രോയുടെ ചന്ദ്രയാൻ 3 വിജയം അംഗികരിക്കാതെയാണ് ചൈനയുടെ പരിഹാസം. ഇന്ത്യയുടെ ചന്ദ്രയാൻ പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനടുത്തെവിടെയും എത്തിയിട്ടില്ലെന്ന് പ്രശസ്ത ചൈനീസ് ശാസ്ത്രജ്ഞൻ ഒയാങ് സിയുവാൻ വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് ചാന്ദ്ര പര്യവേക്ഷണ പദ്ധതിയുടെ പ്രമുഖ വ്യക്തികൂടിയാണ് ഒയാങ് സിയുവാൻ
ഒരു അഭിമുഖത്തിലാണ് ഒയാങ് സിയുവാൻ ഇക്കാര്യം ആരോപിച്ചിരിക്കുന്നത്. ബ്ലൂംബെർഗ് എന്ന മാധ്യമമാണ് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന നാലാമാത്തെ രാജ്യമായി മാറാൻ ഈ ദൗത്യത്തിലൂടെ ഇന്ത്യയിക്ക് സാധിച്ചു. മാത്രമല്ല ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഈ ദൗത്യത്തിലൂടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

എന്നാൽ ഇവയൊന്നും അംഗീകരിക്കാൻ ഒയാങ് സിയുവാൻ തയ്യാറാകുന്നില്ല. ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങൾ ആനുപാതികമല്ലെന്നാണ് ഇയാൾ അഭിപ്രായപ്പെടുന്നത്. ചന്ദ്രയാൻ-3 ലാൻഡ് ചെയ്തത് ചന്ദ്രധ്രുവത്തിനടുത്തെവിടെയും ഇല്ലെന്നും അത് 88.45 ഡിഗ്രി അക്ഷാംശത്തിലാണെന്നും ഇയാൾ പറയുന്നു. സയൻസ് ടൈംസ് എന്ന ചൈനീസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇയാൾ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 69.373 ഡിഗ്രി ദക്ഷിണ അക്ഷാംശത്തിലും 32.319 ഡിഗ്രി കിഴക്കൻ രേഖാംശത്തിലുമാണ് ഐഎസ്ആർഒ ദൗത്യം ഇറക്കിയത് എന്നാണ് ഇയാൾ അവകാശപ്പെടുന്നത്.
നിലവിൽ ഇസ്രോ പേടകം ഇറക്കിയ സ്ഥലം ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിന്റെ പരുധിയിൽ പെടുന്നില്ല എന്ന് ഇയാൾ ആവർത്തിച്ച് പറയുകയായിരുന്നു. ഇത് ആദ്യമായാണ് ഇത്തരത്തിൽ ചന്ദ്രയാൻ ദൗത്യത്തിന് നേരെ ആരോപണം വരുന്നത്. നേരത്തെ ജി20 ഉച്ചകോടി സമയത്ത് യുഎസ് അടക്കമുള്ള രാജ്യങ്ങൾ ഇസ്രോയുടെ ചന്ദ്രയാൻ ദൗത്യത്തിന്റെ വിജയത്തിനെ അഭിനന്ദിച്ചിരുന്നു. അടുത്ത ദൗത്യതിന് നാസയും ഇസ്രോയും ഒരുമിച്ച് പ്രവർത്തിക്കും എന്ന വാർത്തകളും പുറത്ത് വന്നിരുന്നു.

ഇത്തരം ഒരു സാഹചര്യത്തിലാണ് ഇസ്രോയ്ക്ക് നേരെ വിചിത്രമായ ഒരു ആരോപണവുമായി ചൈന രംഗത്ത് വരുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ ആയിരുന്നു ചന്ദ്രയാന്റെ ഭാഗമായ പേടകം ഇന്ത്യ ചന്ദ്രനിൽ ഇറക്കിയത്. ദൗത്യം വിജയിച്ചതോടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ദൗത്യങ്ങളുടെ പുതിയ നാഴികകല്ല് സ്ഥാപിക്കാൻ ഇസ്രോയ്ക്ക് സാധിച്ചു. ധാരാളമായി ഗർത്തങ്ങൾ, ജലം, ഐസ് എന്നിവ അടങ്ങിയിരിക്കുന്ന പ്രദേശമാണ് ചന്ദ്രന്റെ ദക്ഷിണ ദ്രുവം. ഇവിടെ പേടകം ഇറക്കാൻ ഏറെ ശ്രമകരമായിരുന്നു.
41 ദിവസംകൊണ്ട് 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ഈ ചന്ദ്രയാൻ ഈ ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. ചന്ദ്രോപരിതലത്തിൽ നിന്ന് 30 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ലാൻഡർ മൊഡ്യൂളിനെ ചന്ദ്ര പ്രതലത്തിൽ ഇറക്കിയത്. ചന്ദ്രയാൻ 2 ദൗത്യത്തിന് സംഭവിച്ച അപാകതകൾ എല്ലാം തന്നെ പരിഹരിച്ചുകൊണ്ട് ആയിരുന്നു ഇസ്രോയുടെ നീക്കം. നേരത്തെ ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിൽ ഇറക്കവെ ആയിരുന്നു ചന്ദ്രയാൻ 2 ദൗത്യം പരാജയപ്പെട്ടത്.
ജൂലായ് 14 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നായിരുന്നു ചന്ദ്രിയാൻ 3 വിക്ഷേപിച്ചത്. ഓഗസ്റ്റ് ഒന്നിന് പേടകത്തെ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിന്ന് വേർപെടുത്തുകയും ചെയ്തു. ഓഗസ്റ്റ് അഞ്ചോടെ പേടകം ചന്ദ്രന്റെ ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിച്ചു. ഓഗസ്റ്റ് 17-ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ മൊഡ്യൂളിനെ സ്വതന്ത്രമാക്കി. ഇതിന് ശേഷമ ഇത് വിവിധ ഘട്ടമായി പേടകത്തെ ചന്ദ്രനിലിറക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ റോവറും ലാന്ററും പ്രവർത്തന രഹിതമാണ്.
ചന്ദ്രനിൽ ലാന്റ് ചെയ്ത് ഭൂമിയിലെ പതിനാല് ദിവസത്തെ കാലയളവിൽ മാത്രമാണ് ഇവ പ്രവർത്തിച്ചത്. എന്നിരുന്നാലും ഈ ദൗത്യത്തിൽ ലക്ഷ്യം വെച്ചതെല്ലാം ഇവ നേടിയിട്ടുണ്ട്. പിന്നീട് ചന്ദ്രനിൽ രാത്രി കാലം തുടങ്ങിയതോടെ ഇവിടെ അനുഭവപ്പെട്ട കനത്ത തണുപ്പിൽ റോവറിന്റെയും ലാൻഡറിന്റെയും പെലോഡുകൾക്ക് കേടുപാട് പറ്റിയിട്ടുണ്ടെന്നാണ് കരുതുന്നത് ചന്ദ്രനിലെ രാത്രി കഴിഞ്ഞ് പകൽ ആരംഭിച്ചപ്പോൾ ഇവ പ്രവർത്തിപ്പിക്കാൻ ഇസ്രോ ശ്രമിച്ചെങ്കിലും ഈ ശ്രമം പരാജയപ്പെടുകയായിരുന്നു.


Click it and Unblock the Notifications








