പുതിയ ഐഫോണിലും ഇസ്രോയുടെ ഫീച്ചർ; ശത്രുരാജ്യങ്ങളെ അമ്പരപ്പിച്ച് ഇസ്രോയുടെ വളർച്ച
ആപ്പിളിന്റെ പുതിയ ഐഫോൺ നിർമ്മാണത്തിൽ ഇസ്രോയുടെ സഹായം. ഐഫോൺ 15 പ്രോയുടെ ഒരു ഫീച്ചറാണ് ഇസ്രോയുടെ സഹായത്തോടെ പ്രവർത്തിക്കുന്നത്. സെപ്റ്റംബർ 12 പുറത്തിറക്കിയ പുതിയ ഫോണുകൾ ഇതിനോടകം തന്നെ ടെക് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ഫോണുകൾ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്സ് എന്നീ ഫോണുകളാണ് ആപ്പിൾ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. ഫോണുകൾക്ക് പുറമെ ആപ്പിൾ സ്മാർട്ട് വാച്ച് 9 സീരീസ്, വാച്ച് ആൾട്രാ 2 എന്നിവയും ചടങ്ങിൽ ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്. ഐഫോൺ 14 സീരീസുകളുടെ അപ്ഡേറ്റ് വേർഷൻ എന്ന നിലയിലാണ് കമ്പനി പുതിയ സീരീസ് ഫോണുകൾ എത്തിക്കുന്നത്. മുൻഗാമിയേക്കാൾ നിരവധി കൂടുതൽ ഫീച്ചറുകൾ പുതിയ ഫോണുകൾക്ക് ലഭിക്കുന്നതാണ്.

അതേ സമയം ഫോണിൽ ഇസ്രോ നൽകിയിരിക്കുന്ന ഫീച്ചർ എന്താണെന്ന് വിശദമായി പരിശോധിക്കാം. NavIC എന്നാണ് ഈ ഫീച്ചറിന്റെ പേര് നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ എന്നാണ് ഈ ഫീച്ചറിന്റെ മുഴുവൻ പേര്. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ആണ് ഇത് വികസിപ്പിച്ചെടുത്തത്. ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (IRNSS) എന്നാണ് NavIC ആദ്യം അറിയപ്പെട്ടിരുന്നത്.
ഏഴ് ഉപഗ്രഹങ്ങളെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഗ്രൗണ്ട് സ്റ്റേഷനുകളുടെ വിപുലമായ ശൃംഖലയും അടങ്ങുന്ന ഒരു പ്രാദേശിക നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തെ പ്രതിനിധീകരിക്കുന്ന ഒന്നാണ് ഇസ്രോ നിർമ്മിച്ച NavIC. പ്രധാനമായും രണ്ട് സേവനങ്ങളാണ് ഈ ഫീച്ചർ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. സിവിലിയൻ ഉപയോക്താക്കൾക്കുള്ള സ്റ്റാൻഡേർഡ് പൊസിഷൻ സർവീസ് (എസ്പിഎസ്), തന്ത്രപ്രധാന ഉപയോക്താക്കൾക്കുള്ള നിയന്ത്രിത സേവനം (ആർഎസ്) എന്നിവയാണ് ഇവയുടെ പ്രധാന സേവനം

ഇന്ത്യയുടെ അതിർത്തിയ്ക്ക് അപ്പുറം 1500 കിലോമീറ്ററോളം ഈ സേവനത്തിന്റെ കവറേജ് വ്യാപിച്ച് കിടക്കുന്നുണ്ട്. വളരെ കൃത്യതയോടെയുള്ള നാവിക് സിഗ്നലുകൾ, 20 മീറ്ററിൽ കൂടുതൽ ഉപയോക്തൃ സ്ഥാനം കൃത്യതയോടെയുള്ള പ്രവചനം, 50 നാനോ സെക്കൻഡിനേക്കാൾ മികച്ച സമയ കൃത്യത എന്നിവയാണ് NavICന്റെ എടുത്ത് പറയേണ്ട സവിശേഷതകൾ. ആഗോള നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിനെക്കാൾ മികച്ച പ്രകടനം NavIC നടത്തും എന്നാണ് ഇസ്രോ അവകാശപ്പെടുന്നത്.
2006 മെയ് മാസത്തിൽ ഇന്ത്യൻ സർക്കാർ നൽകിയ അനുമതിക്ക് പിന്നാലെയാണ് ഇസ്രോ NavIC നിർമ്മിക്കാനുള്ള പരിശ്രമങ്ങൾ ആരംഭിച്ചത്. ശത്രു രാജ്യങ്ങളുടെ പ്രവർത്തനങ്ങൾ ഒരു പരുധി വരെ നിരീക്ഷിക്കാൻ ഇത്തരം ഫീച്ചറുകൾ രാജ്യത്തിന് ഗുണം ചെയ്തിട്ടുണ്ട്. നേരത്തെ 1999-ൽ കാർഗിൽ യുദ്ധത്തിൽ ഇത്തരം ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജിപിഎസ്) സംവിധാനങ്ങൾ ഇന്ത്യയിക്ക് ഏറെ ഗുണകരമായി മാറിയിരുന്നു. പിന്നാലെയാണ് സ്വന്തമായി ഇത്തരം ജിപിഎസ് സംവിധാനങ്ങൾ ഇന്ത്യ വികസിപ്പിച്ചത്.
അതേ സമയം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതിയ ഐഫോണുകൾക്ക് നിരവധി പുതി ഫീച്ചറാണ് ആപ്പിൾ നൽകിയിരിക്കുന്നത്. ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്ന് ഉപകരണങ്ങളുടെ ചാർജിങ് പോർട്ട് ആണ്. സി ടൈപ്പ് യുഎസ്ബി പോർട്ടുകളാണ് ആപ്പിൽ പുതിയ എല്ലാ ഉപകരണങ്ങൾക്കും നൽകിയിരിക്കുന്നത്. ഡൈനാമിക് ഐലൻഡ് സാങ്കേതികവിദ്യയോടെയാണ് ഐഫോൺ 15 സ്റ്റാന്റേർഡ്, പ്ലസ് പതിപ്പുകൾ പുറത്തിറക്കിയിരിക്കുന്നത്. 6.1 ഇഞ്ച് ഡിസ്‌പ്ലേയിലാണ് ഐഫോൺ 15 തയ്യാറാക്കിയിരിക്കുന്നത്.
15 പ്ലസിന് ആകട്ടെ സ്ക്രീൻ വലുപ്പം 6.7 ഇഞ്ച് ആണ്. 48-മെഗാപിക്സൽ പ്രൈമറി സെൻസർ ആണ് ആപ്പിൾ രണ്ട് ഫോണിനും നൽകിയിരിക്കുന്നത്. കൂടാതെ ഫോണിൽ പുതിയ 2x ടെലിഫോട്ടോ സൂം സജ്ജീകരിച്ചിട്ടുണ്ട്. ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവ ടൈറ്റാനിയം ബോഡിയോടെ ആണ് എത്തിയിരിക്കുന്നത്. രണ്ട് പ്രോ മോഡലുകളിലും പ്രൊമോഷൻ സാങ്കേതികവിദ്യ ഘടിപ്പിച്ച സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേകൾ ഉണ്ട്.
ഐഫോൺ 15 പ്രോയ്ക്ക് 6.1 ഇഞ്ച് ഡിസ്‌പ്ലേയും, പ്രോ മാക്‌സിന് 6.7 ഇഞ്ച് ഡിസ്‌പ്ലേയുമാണ് ഉള്ളത്. A17 പ്രോ ചിപ്പാണ് ഈ രണ്ട് പ്രോ മോഡലുകളുടെയും നട്ടെല്ല്. ക്യാമറയുടെ കാര്യത്തിൽ, ഐഫോൺ 15 പ്രോ 48MP പ്രൈമറി ക്യാമറ, 12MP ടെലിഫോട്ടോ, 12MP അൾട്രാവൈഡ് ക്യാമറ എന്നിവയുമായാണ് വരുന്നത്. ഐഫോൺ 15 പ്രോ മാക്സിൽ, ആപ്പിൾ 5 എക്സ് ടെലിഫോട്ടോ ക്യാമറ നൽകിയിട്ടുണ്ട്.


Click it and Unblock the Notifications








