തടസം മൂലം നിർത്തിവെച്ച് ഗഗൻയാന്റെ ആദ്യ പരീക്ഷണം; പിന്നാലെ വിജയം, കരുത്ത് കാട്ടി ഇസ്രോ
ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്നതിനുള്ള ഇസ്രോയുടെ ആദ്യ ദൗത്യമായ ഗഗൻയാനിന്റെ ആദ്യ ഘട്ട പരീക്ഷണം സമ്പൂർണ്ണ വിജയം. ടെസ്റ്റ് വെഹിക്കിൾ അബോർട്ട് മിഷന്റെ (ടിവി-ഡി1) പരീക്ഷണമാണ് ഇന്ന് വിജയകരമായി പൂർത്തായിക്കിയത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ വെച്ചാണ് ഈ പരീക്ഷണം നടത്തിയത്. ഇന്നലെ വൈകിട്ട് മുതൽ ഈ പരീക്ഷണത്തിനായുള്ള കൗൺഡൗൺ ആരംഭിച്ചിരുന്നു.
രാവിലെ 8 മണിയ്ക്ക് ആയിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനാൽ പിന്നീട് ഈ വിക്ഷേപണം 8.45ലേക്ക് ആക്കി തീരുമാനിച്ചു. എന്നാൽ വീണ്ടും ചില പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ വിക്ഷേപണ സമയം വീണ്ടും നീട്ടി വെയ്ക്കുകയായിരുന്നു. അവസാനം രാവിലെ 10 മണിയോടെയാണ് വിക്ഷേപണം നടത്തിയത്. ടെസ്റ്റ് വെഹിക്കിൾ, ക്രൂ മൊഡ്യൂൾ, എസ്കേപ് സിസ്റ്റം എന്നിവയാണ് വിക്ഷേപിച്ച റോക്കറ്റിൽ ഉണ്ടായിരുന്നത്.

വിക്ഷേപണത്തിന് ഇടയിൽ റോക്കറ്റിന് എന്തെങ്കിലും കേടുപാട് സംഭവിച്ചാൽ ഇതിലുള്ള ആളുകൾക്ക് എന്ത് സംഭവിക്കും എന്ന് അറിയാൻ വേണ്ടിയായിരുന്നു ഈ പരീക്ഷണം നടത്തിയത്. ഇത് അനുസരിച്ച് 17 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം ക്രൂമൊഡ്യൂൾ റോക്കറ്റിൽ നിന്ന് വേർപെട്ട് താഴേക്കിറങ്ങി. ഇവ പാരഷൂട്ടുകളുടെ സഹായത്താൽ സുരക്ഷിതമായി തന്നെ ബംഗാൾ ഉൾക്കടലിൽ പതിച്ചു. ഉടൻ തന്നെ നാവികസേന ഈ മൊഡ്യൂൾ കരയ്ക്ക് അടുപ്പിക്കുകയും ചെയ്തു.
വിക്ഷേപണത്തിന് ഇടയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ പേടകത്തിനുള്ളിലെ യാത്രക്കാരെ സുരക്ഷിതമായി ഭൂമിലിലേക്ക് എത്തിക്കാനുള്ള സംഭിധാനമാണിത്. ഇതിൽ വിജയിക്കാൻ ഇസ്രോയ്ക്ക് സാധിച്ചിട്ടുണ്ട്. അതേ സമയം വിക്ഷേപണത്തിന് തൊട്ടുമുമ്പ് നടന്ന തകരാറുകൾ എന്തെല്ലാമാണെന്ന് ഇസ്രോ മേധാവി എസ് സോമനാഥ് പിന്നീട് വിശദീകരിച്ചു. വിക്ഷേപണം നടത്താൻ തീരുമാനിച്ച സമയത്തിന് മിനുറ്റുകൾക്ക് മുമ്പാണ് ഇസ്രോയിൽ ഹോൾഡ് സിഗ്നൽ ലഭിച്ചത്. കമ്പ്യൂട്ടറിൽ ലഭിച്ച അപായ സിഗ്നലിനെ തുടർന്നായിരുന്നു ഹോൾഡ് സിഗ്നൽ നൽകിയത്.

എഞ്ചിന്റെ ത്രസ്റ്റിംഗ് നിന്ന് പോയതിനാലാണ് ഇത് സംഭവിച്ചത്. എന്നാൽ ഉടൻ തന്നെ ഈ പ്രശ്നം കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തു. ആദ്യ പരീക്ഷണ ദൗത്യം വിജയിച്ചതോടെ ഗഗൻയാൻ ദൗത്യത്തിൽ പൂർണ്ണ ആത്മവിശ്വാസത്തിലാണ് ഇസ്രോ. ബഹിരാകാശത്ത് ഇന്ത്യക്കാരെ എത്തിക്കുന്നതിനുള്ള ഇസ്രോയുടെ ആദ്യ ദൗത്യമാണ് ഗഗൻയാൻ. ആദ്യ ഘട്ടത്തിൽ വ്യോമമിത്ര എന്ന പെൺ റോബോട്ടിനെ മാത്രം വെച്ചായിരിക്കും ഇസ്രോ പരീക്ഷണം നടത്തുക. ഈ പരീക്ഷണം വിജയിച്ചാൽ അടുത്ത ഘട്ടത്തിൽ മനുഷ്യരെ അയയ്ക്കും.
രണ്ടാം ഘട്ടത്തിലും വ്യോമമിത്ര യാത്രക്കാരുടെ ഒപ്പം ഉണ്ടായിരിക്കും എന്നാണ് ഇസ്രോ അറിയിച്ചിരിക്കുന്നത്. മറ്റ് യാത്രക്കാർക്ക് ആത്മവിശ്വാസം പകരാനും പ്രചോദിപ്പിക്കാനും വ്യോമമിത്രയ്ക്ക് സാധിക്കും എന്നാണ് ഇസ്രോ അധികൃതർ അറിയിച്ചിരിക്കുന്നത്. മനുഷ്യന്റെ വികാരങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനും വ്യോമമിത്രയ്ക്ക് സാധിക്കുന്നതാണ്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ ആയിരിക്കും ഈ റോബോട്ട് സംസാരിക്കുക. 2019ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗഗൻയാൻ പദ്ധതി പ്രഖ്യാപിച്ചത്.
അതേ സമയം 2035-ഓടെ ഇന്ത്യ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നും 2040-ഓടെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനിലേക്ക് അയയ്ക്കമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇസ്രോയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം എക്സ് (ട്വിറ്റർ) വഴി പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. പേടകത്തിന്റെ വിവധ ചിത്രങ്ങൾ ഉൾപ്പെടുത്തിയായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്. ഗഗൻയാൻ പദ്ധതിയെക്കുറിച്ചുള്ള വിശദ വിവരങ്ങളും ഈ യോഗത്തിൽ ചർച്ചയായിരുന്നു.
ഇസ്രോ അടുത്തിടെ നടത്തിയ ദൗത്യങ്ങൾ എല്ലാം തന്നെ വിജയമായിരുന്നു. ചന്ദ്രയാൻ 3 ദൗത്യം അതിന്റെ ലക്ഷ്യം കണ്ടു. ഇതിന് പുറമെ ഇസ്രോയുടെ ആദ്യ സൂര്യ ദൗത്യമായ ആദിത്യ എൽ 1ന്റെ വിക്ഷേപണവും വിജയം കണ്ടു. ഇപ്പോഴിതാ ഗഗൻയാൻ ദൗത്യം. ഇതിന് പുറമെ പുതിയ ശുക്ര ദൗത്യവും ഇസ്രോ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായുള്ള പഠനം നടന്നുകൊണ്ട് ഇരിക്കുകയാണ്. മാത്രമല്ല അടുത്ത ചന്ദ്ര ദൗത്യവും ഉടൻ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications








