2040-ൽ ഇന്ത്യ ചന്ദ്രനിൽ ആളെ ഇറക്കും, 2035-ൽ സ്വന്തമായി ബഹിരാകാശ നിലയം; പ്രഖ്യാപനവുമായി മോദി
ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷനിലെ (ഇസ്രോ) മുതിർന്ന ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഗഗൻയാൻ പദ്ധതിയുമായി ബദ്ധപ്പെട്ട ചർച്ചയുടെ ഭാഗമായി ആയിരുന്നു കൂടിക്കാഴ്ച. യോഗത്തിൽ ചില സുപ്രധാന നിർദേശങ്ങളും പ്രധാനമന്ത്രി മുന്നോട്ട് വെച്ചു. ഗഗൻയാനിന്റെ ആദ്യ പരീക്ഷണ ദൗത്യം ഒക്ടോബർ 21ന് രാവിലെ 7 മണിയ്ക്കാണ് നടക്കുന്നത്.
ആളുകളെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യം ആയിരിക്കും ഗഗൻയാൻ. ഇതിന്റെ പരിഷണഘട്ടത്തിൽ ആദ്യം അയയ്ക്കുന്നത് വ്യോമമിത്ര എന്ന റോബോട്ടിനെ ആയിരിക്കും. ഇതിന് ശേഷമായിരിക്കും ആളുകളെ എത്തിക്കാനുള്ള ശ്രമം ഇസ്രോ ആരംഭിക്കു. അതേ സമയം കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ 2035-ഓടെ ഇന്ത്യ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കും എന്ന പ്രഖ്യാപനം പ്രധാനമന്ത്രി നടത്തി. ഇതിന് പുറമെ 2040-ഓടെ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനിലേക്ക് അയയ്ക്കമെന്നും മോദി പ്രഖ്യാപിച്ചു.

ഈ രണ്ട് ദൗത്യങ്ങളും വിജയകരമായിക്കഴിഞ്ഞാൽ ഇന്ത്യയ്ക്കും ഇസ്രോയ്ക്കും ഇത് ചരിത്ര നേട്ടമായിരിക്കും. ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ ദൗത്യത്തിന്റെ വിക്ഷേപണം 2025ൽ നടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഗഗൻയാൻ പദ്ധതിയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ യോഗത്തിൽ ചർച്ചയായി. ഇക്കാര്യങ്ങൾ സൂചിപ്പിക്കുന്ന ട്വീറ്റും പ്രധാനമന്ത്രി പുറത്ത് വിട്ടു. ഗഗൻയാൻ ദൗത്യത്തിനുള്ള പേടകത്തിന്റെ വിവധ ചിത്രങ്ങൾ ഉൾപ്പെടുത്തിയായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
"ഗഗൻയാൻ മിഷനെ കുറിച്ച് വിശദമായ അവലോകനം നടത്തി. ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണങ്ങളുടെ മറ്റ് പദ്ധതികളും ചർച്ച ചെയ്തു. ഇപ്പോൾ രാജ്യം നടത്തിക്കൊണ്ടിരിക്കുന്ന ബഹിരാകാശ മേഖലയിലെ മുന്നേറ്റം പ്രശംസനീയമാണ്. കൂടുതൽ വിജയങ്ങൾ കൈവരിക്കാനായി മറ്റ് പദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ട് ഇരിക്കുകയാണ്. 2035-ഓടെ 'ഭാരതീയ അന്തരിക്ഷ സ്റ്റേഷൻ' സ്ഥാപിക്കാനും 2040-ഓടെ ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിലേക്ക് അയക്കാനും ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നു." എന്നായിരുന്നു മോദിയും ട്വീറ്റ്.

അടുത്തിടെ ഇസ്രോ നടത്തിയ ചന്ദ്രയാൻ 3 ദൗത്യം സമ്പൂർണ്ണ വിജയം ആയിരുന്നു. പിന്നാലെ രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ 1ന്റെ വിക്ഷേപണവും വിജയകരമാക്കി തീർക്കാർ ഇസ്രോയ്ക്ക് സാധിച്ചു. ഇതിന് പിന്നാലെയാണ് ഗഗൻയാൻ ദൗത്യം പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല പുതിയ ശുക്ര ദൗത്യവും ഇസ്രോ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ അടുത്ത ചന്ദ്ര ദൗത്യവും ഇസ്രോയുടെ പട്ടികയിൽ ഉണ്ട്. അടുത്ത തലമുറ ലോഞ്ച് വെഹിക്കിൾ (NGLV) വികസിപ്പിക്കാനും ഇസ്രോ പദ്ധതിയിടുന്നുണ്ട്.
അതേ സമയം ഗഗൻയാന്റെ പരീക്ഷണ ദൗത്യത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ഇസ്രോ അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ ഒക്ടോബർ 21ന് രാവിലെ 7 മണിയ്ക്കായിരിക്കും ഇതിന്റെ വിക്ഷേപണം നടക്കുക. ടെസ്റ്റ് വെഹിക്കിൾ ഡെവലപ്‌മെന്റ് ഫ്ലൈറ്റ് (ടിവി-ഡി1) എന്നായിരിക്കും ഈ പരീക്ഷണം അറിയപ്പെടുക. വ്യോമമിത്ര എന്ന പെൺ റോബോട്ട് ആയിരിക്കും പരീക്ഷണ ദൗത്യത്തിൽ ഇതിന്റെ പേടകത്തിൽ ഉണ്ടാകുക.
പീന്നിടായിരിക്കും മനുഷ്യരുമായി ഈ ദൗത്യം ആരംഭിക്കുക. മനുഷ്യരുമായി സഞ്ചരിക്കുമ്പോഴും വ്യോമമിത്ര ഈ പേടകത്തിൽ ഉണ്ടായിരിക്കും. ദൗത്യത്തിൽ ഏർപ്പെടുന്നവരെ സഹായിക്കാനും മാനസീക പിന്തുണ നൽകാനും വ്യോമമിത്രയ്ക്ക് സാധിക്കുന്നതാണ്. ഇതിന് മനുഷ്യനെ തിരിച്ചറിയാനുള്ള പ്രത്യേക കഴിവും ശാസ്ത്രജ്ഞർ നൽകിയിട്ടുണ്ട്. സഹയാത്രികരുടെ വികാരം മനസിലാക്കാനും ഇവർക്ക് സാധിക്കുന്നതാണ്. മനുഷ്യർ വിഷമിച്ചിരിക്കുമ്പോൾ ഇത് തിരിച്ചറിഞ്ഞ് സന്താഷിപ്പിക്കാനും വ്യോമമിത്രയ്ക്ക് സാധിക്കും. ഇത്തരത്തിലാണ് ഈ റോബോട്ടിനെ ഡിസൈൻ ചെയ്തിരിക്കുന്നത്.
ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ ആയിരിക്കും വ്യോമമിത്ര സംസാരിക്കുക. പേടകത്തിനുള്ളിൽ നിരവധി ജോലിയും ഈ പെൺറോബോട്ട് ചെയ്യുന്നതായിരിക്കും. ഇതിന് പുറമെ മനുഷ്യരെ അനുകരിക്കാനും വ്യോമമിത്രയ്ക്ക് സാധിക്കുന്നതാണ്. ഗഗൻയാൻ ദൗത്യം പൂർണ്ണ വിജയം നേടും എന്ന പ്രതീക്ഷയിലാണ് രാജ്യവും ഇസ്രോയും. ഇതിന് പിന്നാലെ വരുന്ന ദൗത്യങ്ങളിലും രാജ്യത്തിന് വലിയ പ്രതീക്ഷയാണ് ഉള്ളത്. 2019ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗഗൻയാൻ പദ്ധതി പ്രഖ്യാപിച്ചത്.


Click it and Unblock the Notifications








