വിജയം വരിച്ച് ചന്ദ്രയാൻ 3, ഇന്ത്യക്ക് അഭിമാനത്തിന്റെ ചന്ദ്ര'ഹാസം'!
ഇന്ത്യയുടെ അഭിമാനം ഉയർത്തി ചന്ദ്രയാൻ 3 ദൗത്യം വിജയം കൈവരിച്ചു. ഇന്ത്യൻ സമയം വൈകിട്ട് 6.04 നാണ് പേടകം ചന്ദ്രനിൽ ഇറക്കി ഇന്ത്യ ചരിത്രം കുറിച്ചത്. ഇതോടെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. എന്നാൽ ദക്ഷിണ ദ്രുവത്തിൽ പേടകം ഇറക്കുന്ന ആദ്യ രാജ്യം എന്ന ബഹുമതി ഇന്ത്യ സ്വന്തമാക്കി
ദൗത്യം വിജയിച്ചതോടെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ദൗത്യങ്ങളുടെ പുതിയ നാഴികകല്ല് സ്ഥാപിക്കാൻ ഇസ്രോയ്ക്ക് സാധിച്ചു. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ ആണ് ഇസ്രോ പേടകം ഇറക്കിയത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. ആദ്യമായാണ് ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തിൽ ഒരു രാജ്യം പേടകം ഇറക്കുന്നത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ ദൗത്യമായിരുന്നു ഇത്. എന്നാൽ ലക്ഷ്യം വെച്ച സ്ഥലത്ത് തന്നെ കൃത്യമായി പേകടം ഇറക്കാൻ ഇസ്രോയ്ക്ക് സാധിച്ചു.

ധാരാളമായി ഗർത്തങ്ങൾ, ജലം, ഐസ് എന്നിവ അടങ്ങിയിരിക്കുന്ന പ്രദേശമാണ് ചന്ദ്രന്റെ ദക്ഷിണ ദ്രുവം. ഇവിടെ പേടകം ഇറക്കാൻ ഏറെ ശ്രമകരമായിരുന്നു. എന്നാൽ ഇവിടെ കൃത്യമായി പേടകം ഇറക്കിയതോടെ ഇസ്രോയുടെ കാര്യക്ഷമത ലോകത്തിന് തന്നെ മാതൃകയായിരിക്കുകയാണ്. അതേ സമയം 41 ദിവസംകൊണ്ട് 3.84 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് ഈ ചന്ദ്രയാൻ ഈ ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. ചന്ദ്രോപരിതലത്തിൽ നിന്ന് 30 കിലോമീറ്റർ ഉയരത്തിൽ നിന്നാണ് ലാൻഡർ മൊഡ്യൂളിനെ ചന്ദ്ര പ്രതലത്തിൽ ഇറക്കിയത്.
ലക്ഷ്യം വെച്ച 19 മിനുറ്റ് കൊണ്ട് തന്നെ ദൗത്യം പൂർത്തിയാക്കാൻ ഇസ്രോയ്ക്ക് സാധിച്ചു. മണിക്കൂറിൽ ആറായിരത്തിലേറെ കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗത കുറച്ചതിന് ശേഷമാണ് സുരക്ഷിതമായി ഇതിനെ നിലത്തിറക്കിയത്. ചന്ദ്രയാൻ 2 ദൗത്യത്തിന് സംഭവിച്ച അപാകതകൾ എല്ലാം തന്നെ പരിഹരിച്ചുകൊണ്ട് ആയിരുന്നു ഇസ്രോയുടെ നീക്കം. നേരത്തെ ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിൽ ഇറക്കവെ ആയിരുന്നു ചന്ദ്രയാൻ 2 ദൗത്യം പരാജയപ്പെട്ടത്.

വൈകിട്ട് 5.44 മുതലാണ് ലാന്‍ഡര്‍ മൊഡ്യൂളിനെ ചന്ദ്രോപരിതലത്തിലേക്ക് ഇറക്കുന്ന പ്രവർത്തനം ഇസ്രോ ആരംഭിച്ചത്. ബെംഗളൂരു ഐ.എസ്.ആര്‍.ഒ. ഇസ്ട്രാക് മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സില്‍നിന്നാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്. ഐഎസ്ആർഒയുടെ കൂറ്റൻ ആന്റിനകൾ മാത്രമല്ല ചന്ദ്രയാനിന്റെ സിഗ്നലുകൾക്കായി കാത്തു നിൽക്കുന്നത്. ഇക്കൂട്ടത്തിൽ അമേരിക്കയുടെയും യൂറോപ്യൻ സ്പേസ് ഏജൻസിയുടെയും ഡീപ്പ് സ്പേസ് നെറ്റ്വർക്കുകൾ ഉണ്ട് എന്നതും ഈ ദൗത്യത്തിന്റെ പ്രധാന്യത്തെ എടുത്ത് കാണിക്കുന്നു.
ജൂലായ് 14 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നായിരുന്നു ചന്ദ്രിയാൻ 3 വിക്ഷേപിച്ചത്. പിന്നീട് ഓഗസ്റ്റ് ഒന്നിന് പേടകത്തെ ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിന്ന് വിജയകരമായി വേർപെടുത്താനും ഇസ്രോയ്ക്ക് സാധിച്ചു. ഓഗസ്റ്റ് അഞ്ചോടെ പേടകം ചന്ദ്രന്റെ ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തുകയും ചെയ്തു. പിന്നീട് ഓഗസ്റ്റ് 17-ന് പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ മൊഡ്യൂളിനെ സ്വതന്ത്രമാക്കി. ഇതിന് ശേഷമാണ് ഇത് വിവിധ ഘട്ടമായി ചന്ദ്രനിലിറക്കിയത്.
ചന്ദ്രനിലെത്തിയ പേടകത്തിൽ നിന്ന് അധികം വൈകാതെ തന്നെ റോവർ പുറത്തിറക്കും. ഇന്ത്യയുടെ ദേശീയപതാകയും ഇസ്രോയുടെ മുദ്രയും സ്ഥാപിച്ച റോവറാണ് ഇസ്രോ പുറത്തിറക്കുന്നു. സെക്കന്റിൽ ഒരു സെന്റിമീറ്റർ ആയിരിക്കും റോവറിന്റെ വേഗത. നാവിഗേഷൻ ക്യാമറകൊണ്ട് പരിസരം സ്കാൻ ചെയ്യാൻ റോവറിന് സാധിക്കുന്നതാണ്. ചന്ദ്രന്റെ പ്രതലം സംബന്ധിച്ച വിവരങ്ങള്‍ അറിയാനും റോവറിനുള്ളിൽ സൗകര്യങ്ങൾ ഉണ്ട്. ഈ വിവരങ്ങൾ തൽസമയം കൈമാറാനും സാധിക്കും.
ഇതോടെ ചന്ദ്രനെ പറ്റിയുള്ള കൂടുതൽ പഠനങ്ങൾ നടത്താൻ സാധിക്കും. ഇന്ത്യയാണ് ഈ പഠനത്തിന് നേതൃത്വം നൽകുന്നത് എന്നതായിരിക്കും ഇതിന്റെ പ്രത്യേകത. അതേ സമയം നേരത്തെ റഷ്യയുടെ ലൂണ 25 എന്ന പേകടം ലക്ഷ്യം കാണാതെ പരാജയപ്പെട്ടത് ഇന്ത്യൻ ശാസ്ത്രഞ്ജരിൽ ചെറുതല്ലാത്ത ഭയം നിറച്ചിരുന്നു. എങ്കിലും പൂർണ്ണ ആത്മവിശ്വാസത്തോടെയാണ് ദൗത്യത്തിനായി തയ്യാറായിരിക്കുന്നത് എന്ന് ദൗത്യം ആരംഭിക്കുന്നതിന് മുമ്പ് ശാസ്ത്രഞ്ജർ വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications








