അത് 'വരുന്നുണ്ട്'; രണ്ട് വാക്കിൽ ട്വിറ്ററിൽ 'അമിട്ട്' പൊട്ടിച്ച് ഇലോൺ മസ്ക്!
യൂട്യൂബിനും മറ്റ് പല വീഡിയോ പ്ലാറ്റ്ഫോമുകൾക്കും ഭാവിയിൽ ട്വിറ്റർ വൻ വെല്ലുവിളി ഉയർത്തും എന്ന സൂചനകൾ പുറത്തുവിട്ട് ട്വിറ്റർ ചെയർമാനും സിടിഒയുമായ ( ചീഫ് ടെക്നോളജി ഓഫീസർ) ഇലോൺ മസ്ക്. ട്വിറ്റർ വീഡിയോകൾ സ്മാർട്ട് ടിവികളിൽ കാണുന്നതിനുള്ള ഒരു ആപ്പ് കമ്പനി പുറത്തിറക്കാൻ തയാറെടുക്കുകയാണെന്നാണ് സൂചന.
ഇലോൺ മസ്ക് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. " സ്മാർട്ട് ടിവികൾക്കായി ഞങ്ങൾക്ക് ശരിക്കും ഒരു ട്വിറ്റർ വീഡിയോ ആപ്പ് ആവശ്യമാണ്. ഒരു മണിക്കൂർ ദൈർഘ്യമുള്ള വീഡിയോ ഞാൻ ട്വിറ്ററിൽ കാണാറില്ല " എന്ന് എസ്- എം റോബിൻസൺ എന്ന ട്വിറ്റർ യൂസർ ട്വീറ്റ് ചെയ്തു.

ഈ ട്വീറ്റിന് നൽകിയ മറുപടിയിൽ ആണ് ''അത് വരുന്നു'' എന്ന് ഇലോൺ മസ്ക് പ്രഖ്യാപിച്ചത്. സ്മാർട്ട് ടിവികൾക്കായുള്ള വീഡിയോ ആപ്പ് നിർമിക്കാൻ കമ്പനി പ്രവർത്തിച്ചുവരികയാണ് എന്നാണ് ഇലോൺ മസ്കിന്റെ ഈ ഒറ്റവരി ട്വീറ്റ് വ്യക്തമാക്കുന്നത്. പുതിയ ആപ്പ് ഉപയോക്താക്കളെ അവരുടെ സ്മാർട്ട് ടിവികളിൽ ട്വിറ്റർ വീഡിയോകൾ കാണാൻ അനുവദിക്കും.
കൂടാതെ ആളുകൾക്ക് പുതിയ വീഡിയോകൾ കണ്ടെത്തുന്നത് എളുപ്പമാക്കാനും ട്വിറ്റർ വീഡിയോ ആപ്പ് വഴിയൊരുക്കും. ആപ്പ് പുറത്തിറക്കുന്ന കാര്യം സ്ഥിരീകരിച്ചെങ്കിലും ആപ്പിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ഇലോൺ മസ്ക് പുറത്തുവിട്ടിട്ടില്ല. ട്വിറ്ററിനെ കൂടുതൽ വീഡിയോ കേന്ദ്രീകൃത പ്ലാറ്റ്‌ഫോമായി മാറ്റാൻ മസ്ക് തയാറെടുക്കുന്നു എന്നതിന്റെ സൂചനയാണ് സ്മാർട്ട് ടിവികൾക്കായുള്ള വീഡിയോ ആപ്പിന്റെ പ്രഖ്യാപനം.

അടുത്തകാലത്തായി മസ്ക് ട്വിറ്ററിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. അതിൽ വീഡിയോ കേന്ദ്രീകൃത പ്രവർത്തനങ്ങളിലേക്ക് ട്വിറ്റർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമായിരുന്നു. എല്ലാ ട്വിറ്റർ ബ്ലൂ വരിക്കാർക്കും പ്ലാറ്റ്‌ഫോമിൽ ഇനി 2 മണിക്കൂർ വരെ ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാം എന്ന പ്രഖ്യാപനമായിരുന്നു ഇതിൽ ഏറ്റവും ശ്രദ്ധേയമായത്.
ഇത് സംബന്ധിച്ച മസ്കിന്റെ ട്വീറ്റിന് വൻ പ്രതികരണമാണ് ലഭിച്ചത്. ട്വീറ്റ് വന്ന പിന്നാലെ പുതിയ ഫീച്ചർ ആവേശത്തോടെ ഏറ്റെടുത്ത ഉപയോക്താക്കൾ പുത്തൻ സിനിമകളുടെ വീഡിയോ അടക്കം പങ്കുവച്ചതും ഏറെ ചർച്ചയായിരുന്നു. തമിഴ്റോക്കേഴ്സിനെപ്പോലും തോൽപ്പിക്കുന്ന വിധത്തിൽ സിനിമകൾ ട്വിറ്ററിൽ അപ്ലോഡ് ചെയ്യപ്പെടുകയുണ്ടായി. പിന്നീട് ട്വിറ്റർ ഇവ നീക്കം ചെയ്യുകയായിരുന്നു.
ഇനിയുള്ള കാലം വീഡിയോകളുടേതാണ് എന്നാണ് പൊതുവെ കരുതപ്പെടുന്നത്. അതിനാൽ വീഡിയോയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് ട്വിറ്ററും തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ട്വിറ്റർ ഈ മേഖലയിലേക്ക് കടന്നുവരുന്നത് യൂട്യൂബ്, ആമസോൺ, നെറ്റ്ഫ്ലിക്സ് പോലുള്ള പ്ലാറ്റ്ഫോമുകൾക്ക് തിരിച്ചടിയാകുമോ എന്ന ചോദ്യവും ഇതോടൊപ്പം ആളുകൾ ഉയർത്തുന്നുണ്ട്.

ട്വിറ്ററിൽ ദൈർഘ്യമുള്ള വീഡിയോകൾ പങ്കുവയ്ക്കാൻ അനുമതി നൽകിയതിന്റെ അടുത്ത ഘട്ടമായാണ് ട്വിറ്റർ വീഡിയോ ആപ്പ് പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്. ട്വിറ്ററിനെ കൂടുതൽ "സജീവവും" "ഓജസുള്ളതുമായ" പ്ലാറ്റ്‌ഫോമായി മാറ്റാൻ താൻ ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് അടുത്തിടെ പറഞ്ഞിരുന്നു. കൂടാതെ താൻ വരുത്താൻ ഉദ്ദേശിക്കുന്ന നിരവധി മാറ്റങ്ങളുടെ രൂപരേഖയും അദ്ദേഹം പങ്കുവച്ചിരുന്നു.
വീഡിയോ രംഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ട്വിറ്ററിന്റെ കടന്നുവരവ് വീഡിയോ കണ്ടന്റ് ക്രിയേറ്റർമാർക്ക് കൂടുതൽ അവസരങ്ങളും സാധ്യതകളും തുറന്നുനൽകും. എന്നാൽ അതേസമയം യൂട്യൂബിനും മറ്റും വെല്ലുവിളി ഉയർത്തുകയും ചെയ്യും. സോഷ്യൽ മീഡിയയുടെ ഭാവി വീഡിയോയാണെന്ന് മസ്‌ക് വിശ്വസിക്കുന്നു, ഈ പ്രവണതയിൽ ട്വിറ്റർ മുൻപന്തിയിലായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. അതിനനുസരിച്ചുള്ള മാറ്റങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ദൈർഘ്യമുള്ള വീഡിയോകൾ ട്വിറ്ററിൽ പങ്കവയ്ക്കാമെന്ന് അറിയിച്ചുകൊണ്ടുള്ള മസ്കിന്റെ ട്വീറ്റിന് താഴെ, ആമസോണിലും ഹോട്ട് സ്റ്റാറിലുമൊക്കെ സിനിമകൾ റിലീസ് ചെയ്യുന്നതുപോലെ ട്വീറ്ററിൽ സിനിമ റിലീസ് ചെയ്യുന്ന ദിവസത്തിനായി കാത്തിരിക്കുന്നു എന്നതരത്തിലുള്ള കമന്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്തിനും മടിക്കാത്ത മസ്ക് ഭാവിയിൽ അത് സാധ്യമാക്കിയാലും അദ്ഭുതപ്പെടാനില്ല. ഒരുകൂട്ടം ഫീച്ചറുകൾ ട്വിറ്ററിൽ ഉടൻ പ്രതീക്ഷിക്കാമെന്ന് മസ്ക് സൂചന നൽകിയിട്ടുണ്ട്.


Click it and Unblock the Notifications