അദ്ഭുതം ഈ ജനത! ചൂടിനോട് തോൽക്കാൻ തയാറല്ലാത്ത ജപ്പാന്റെ 'തണുപ്പൻ' വിദ്യകൾ
കാലം ഒരുപാട് മുറിവുകൾ സമ്മാനിച്ചിട്ടുണ്ടെങ്കിലും അതിനെയെല്ലാം നേരിട്ട് തലകുനിക്കാതെ മുന്നോട്ടുപോകുന്നവരാണ് ജപ്പാൻ ജനത. സാങ്കേതികവിദ്യകളുടെ കാര്യമെടുത്താൽ ലോകത്തിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഒരുപടി മുന്നിലെത്താൻ വഴി അന്വേഷിച്ചുകൊണ്ടിരിക്കുന്നവരാണ് ജപ്പാൻകാർ. ജാപ്പനീസ് ടെക്നോളജികൾ പലപ്പോഴും ലോകത്തെ അമ്പരപ്പിക്കുന്നു. ജനതയുടെ ആവശ്യങ്ങൾക്കൂടി കണക്കിലെടുത്തുകൊണ്ടുള്ള നിരവധി ടെക്നോളജികൾ ജപ്പാൻ അവതരിപ്പിച്ചിട്ടുണ്ട്.
ഉദയസൂര്യന്റെ നാട് എന്ന വിശേഷണമുള്ള രാജ്യമാണ് ജപ്പാൻ. ജിഹ്‌പെൻ അഥവാ ചിപ്പോങ്(ഉദയസൂര്യന്റെ നാട് എന്നർത്ഥം) എന്ന ചൈനീസ് വാക്കിൽ നിന്നാണ് ജപ്പാൻ എന്ന പേരുണ്ടായതെന്ന് കരുതപ്പെടുന്നു. അതിനാലാണ് ഇത്തരമൊരു വിശേഷണം ജപ്പാന് ലഭിച്ചത്. മൂവായിരത്തിലേറെ ദ്വീപുകൾ ചേരുന്ന ജപ്പാൻ ലോകത്തെ ഏറ്റവും വികസിത രാഷ്ട്രങ്ങളിലൊന്നാണ്.

പസഫിക് മഹാസമുദ്രം, ജപ്പാൻ കടൽ, ഫിലിപ്പൈൻ കടൽ, കിഴക്കൻ ചൈനാ കടൽ, ഒക്കോസ്ക് കടൽ എന്നിവയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഭൂപ്രദേശമാണ് ജപ്പാന്റേത്. ലോകത്തിനു മുന്നിൽ ജപ്പാൻ ജനത ഇന്നും ഒരത്ഭുതമാണ്. സുനാമിയും ഭൂകമ്പവും ചുഴലികാറ്റും അതിനെക്കൾ വലിയ പ്രതിസന്ധികളും നേരിടുമ്പോഴും കുലുങ്ങാത്ത നാട് അദ്ഭുതമായില്ലെങ്കിലേ അമ്പരക്കേണ്ടതുള്ളൂ.
വാസ്തുവിദ്യയിലും ടെക്നോളജി രംഗത്തുമൊക്കെയുള്ള ജപ്പാൻകാരുടെ മികവ് ലോകം പലപ്പോഴും അസൂയയോടെയാണ് നോക്കിക്കാണാറുള്ളത്. തങ്ങൾ നേരിട്ട പ്രതിസന്ധികളോടുള്ള ജപ്പാൻ ജനതയുടെ പ്രതികരണങ്ങൾ അവരുടെ മികവിന്റെ അടയാളങ്ങളായി നമുക്ക് മുന്നിലുണ്ട്. ഭൂകമ്പങ്ങൾ നിത്യ സംഭവങ്ങളായ ഈ നാട്ടിൽ ആകാശം മുട്ടി നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ വിസ്മയകരമായ കാഴ്ചയാണ്.
തീവ്രമായ ഭൂചലനത്തെ പോലും പ്രതിരോധിക്കുംവിധം വിചിത്രമായ ആകൃതിയിലും രൂപത്തിലും നിർമിക്കപ്പെട്ട വീടുകളും വിസ്മയിപ്പിക്കുന്ന ഉയരത്തിലുള്ള കെട്ടിടങ്ങളും ജപ്പാൻ ജനതയുടെ മികവിന്റെ സ്തംഭങ്ങൾക്കൂടിയാണ്. ഇലക്ട്രോണിക്സ്, ഓട്ടൊമൊബൈൽ രംഗങ്ങളിൽ ജപ്പാന്റെ മികവ് ലോകം മുഴുവൻ ഉപയോഗപ്പെടുത്തുന്നു. അങ്ങനെ ലോകത്തിനാകെ മാതൃകയും പ്രചോദനവുമായ ജപ്പാൻ ഇപ്പോൾ തങ്ങളുടെ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള മറ്റൊരു പോരാട്ടത്തിന്റെ പാതയിലാണ്.
ഉദയസൂര്യന്റെ നാട് എന്ന വിശേഷണമുള്ള ജപ്പാന്റെ ഇപ്പോഴത്തെ മുഖ്യ ശത്രു കൊടും ചൂടാണ്. ആഗോളതലത്തിൽ താപനില ഉയരുന്നത് തുടരുകയാണ്. അതിന്റെ കെടുതികൾ ജപ്പാൻകാരും ഏറ്റുവാങ്ങുന്നു. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ചൂടേറിയ വേനൽക്കാലമാണ് ഈ ജൂലൈയിൽ ജപ്പാൻ നേരിട്ടത്. എഎഫ്‌പിയുടെ റിപ്പോർട്ട് അനുസരിച്ച്, ജപ്പാനിൽ കുറഞ്ഞത് 53 പേരെങ്കിലും ഈ വേനൽക്കാലത്ത് ചൂട് കാരണം മരിച്ചു.
ഒന്നിനു മുന്നിലും തോറ്റുകൊടുക്കാൻ തയാറല്ലാത്ത ജപ്പാൻകാർ ഈ ചൂടിന് മുന്നിലും തോൽക്കാൻ തയാറല്ല. ജപ്പാൻ ജനതയുടെ കരുത്ത് അറിയണമെങ്കിൽ അമേരിക്കയുടെ 'ലിറ്റിൽ ബോയി'യും 'ഫാറ്റ്മാനും' ചേർന്ന് ചുട്ടെരിച്ച് നരകമാക്കിയ ഹിരോഷിമയും നാഗസാക്കിയും ഇന്ന് ഏത് രൂപത്തിലാണ് എന്ന് ഒന്ന് പരതിയാൽ മതി.
ഇന്ന് ജപ്പാന്റെ ഏറ്റവും വലിയ ശത്രു ചൂടാണ്. അതിന് കാരണം ഈ കൊടും ചൂട് ഏറ്റവുമധികം ബാധിക്കുന്നത് ജപ്പാന്റെ എല്ലാമെല്ലാമായ മുതിർന്ന തലമുറയെ ആണ് എന്നതാണ്. പ്രായമായവർ ഏറെയുള്ള നാടാണ് ജപ്പാൻ. പ്രായമായവരെ ഏറ്റവും നന്നായി പരിചരിക്കുകയും പരിഗണിക്കുകയും ചെയ്യുന്നവരാണ് ജപ്പാൻകാർ.
ജി-7 രാജ്യങ്ങൾക്കിടയിൽ നടന്ന ഒരു പഠനത്തിൽ ഏറ്റവും കൂടിയ ശരാശരി ആയുർദൈർഘ്യം ജപ്പാനിലെ ജനങ്ങൾക്കാണ് എന്നാണ് കണ്ടെത്തിയത്. എന്നാൽ കൊടുംചൂട് ഏറ്റവുമധികം ബാധിക്കുന്നത് ജപ്പാനിലെ ഈ വയോധികരെയാണ്. ഹീറ്റ്‌സ്ട്രോക്ക് ജപ്പാന്റെ മുതിർന്ന പൗരന്മാരുടെ ജനസംഖ്യയ്ക്ക് അത്രയ്ക്ക് കടുത്ത ഭീഷണിയാണുയർത്തുന്നത്. അഞ്ച് വർഷത്തിനിടെ മരിച്ച മുതിർന്ന പൗരന്മാരിൽ 80 ശതമാനം പേരുടെയും മരണകാരണം കൊടുംചൂട് ആയിരുന്നു.
ഭയാനകമായ സാഹചര്യത്തെ നേരിടാനും ഈ ചൂടിൽനിന്ന് തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാനും ആവശ്യമായ കണ്ടുപിടുത്തങ്ങൾ നടത്താൻ സർക്കാർ തന്നെ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. അതിനനുസരിച്ചുള്ള കണ്ടുപിടുത്തങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. പല ജാപ്പനീസ് കമ്പനികളും ചൂടിനെ നേരിടാനുള്ള കണ്ടുപിടുത്തങ്ങൾക്കായുള്ള പ്രോജക്ടുകളുടെ പിന്നാലെയാണ്. അതിന്റെ ഫലമായി ഇതിനകം ചില പ്രോഡക്ടുകൾ പുറത്തിറങ്ങിയിട്ടുമുണ്ട്.
നിർമ്മാണ തൊഴിലാളികൾക്കായി വസ്ത്രങ്ങൾ നിർമ്മിക്കുന്ന വർക്ക്മാൻ എന്ന കമ്പനി 2020-ൽ ഫാൻ ഘടിപ്പിച്ച ജാക്കറ്റുകൾ പുറത്തിറക്കിയത് അത്തരമൊരു നീക്കത്തിന്റെ ഫലമായിട്ടായിരുന്നു. ഈ ജാക്കറ്റുകളിൽ റീചാർജ് ചെയ്യാവുന്ന രണ്ട് ഇലക്ട്രിക് ഫാനുകൾ അടങ്ങിയിരിക്കുന്നു, അവ വായു വലിച്ചെടുക്കുകയും വ്യത്യസ്ത വേഗതയിൽ ജാക്കറ്റ് ധരിക്കുന്നയാളുടെ ശരീരത്തിലേക്ക് കാറ്റ് നൽകുകയും അങ്ങനെ ഉന്മേഷം പകരുകയും ചെയ്യുന്നു.
ജപ്പാനിൽ വൻ ജനപ്രീതി നേടാൻ ഈ ജാക്കറ്റുകൾക്ക് കഴിഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. 12,000 മുതൽ 24,000 വരെ യെൻ ( ജാപ്പനീസ് കറൻസി ) വിലയുള്ളവയാണ് ഈ ജാക്കറ്റുകൾ. ഇവയുടെ ജനപ്രീതി, ഫാൻ സജ്ജീകരിച്ച വസ്ത്രങ്ങളോടുള്ള ജപ്പാൻകാരുടെ വർദ്ധിച്ചുവരുന്ന താൽപ്പര്യം വ്യക്തമാക്കുന്നു.
ചൂട് മൂലം മുതിർന്ന പൗരന്മാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എംഐ ക്രിയേഷൻസ് കൂളിംഗ് ജെൽ അടങ്ങിയ നെക്ക്-കൂളിംഗ് ട്യൂബുകളും പുറത്തിറക്കിയിട്ടുണ്ട്. ഇത് 20 മിനിറ്റ് നേരത്തേക്ക്, ഫ്രിഡ്ജിൽ സൂക്ഷിച്ച ശേഷം കഴുത്തിൽ ധരിക്കുമ്പോൾ ഒരു മണിക്കൂർ വരെ ചൂടിൽനിന്ന് ആശ്വാസം ലഭിക്കും.
ശരീരതാപനില കുറയ്ക്കുന്നതിനും ചൂടിന്റെ ഭീഷണികൾ ലഘൂകരിക്കുന്നതിനുമുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ നൂതന മാർഗമാണ് നെക്ക്-കൂളിംഗ് ട്യൂബുകൾ. ഈ ട്യൂബിന് ഏകദേശം 2500 യെൻ ആണ് വില. ടോക്കിയോ ആസ്ഥാനമായുള്ള മറ്റൊരു കമ്പനിയായ ലിബർട്ടയും ചൂടിനെ നേരിടാൻ രംഗത്തെത്തുകയുണ്ടായി. ശരീരം തണുപ്പിക്കാൻ കഴിയുംവിധം രൂപകൽപ്പന ചെയ്ത ടി-ഷർട്ടുകളും ആം സ്ലീവുകളും ഉൾപ്പെടെയുള്ള വസ്ത്രങ്ങളാണ് ലിബർട്ട അവതരിപ്പിച്ചത്.
ചർമ്മത്തിൽ തണുത്ത വികാരം സൃഷ്ടിക്കുന്നതിന് വെള്ളവും വിയർപ്പും ഉപയോഗിച്ച് പ്രതിപ്രവർത്തിക്കുന്ന വിധത്തിൽ സൈലിറ്റോൾ ഉപയോഗിച്ചാണ് ഈ വസ്ത്രങ്ങൾ നിർമിക്കുന്നത്. ഇതേപോലെ ചിക്കുമ എന്ന കമ്പനി പവർ ടൂൾ നിർമ്മാതാക്കളായ മകിത, ടെക്സ്റ്റൈൽ ഭീമൻ ടെയ്ജിൻ എന്നിവരുമായി സഹകരിച്ച് ഇലക്ട്രിക് ഫാനുകൾ ഘടിപ്പിച്ച ഓഫീസ് ജാക്കറ്റുകളും വസ്ത്രങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ചൂടിനെ പ്രതിരോധിക്കാൻ നാം ആയുധമാക്കുന്ന കുടയിൽ പോലും ജപ്പാൻകാർ പരീക്ഷണം നടത്തിയിട്ടുണ്ട്. പണ്ട് ജപ്പാനിൽ കുടകൾ സ്ത്രീകളുടെ ഒരു ഉപയോഗ വസ്തുവായിട്ടാണ് കണക്കാക്കിയിരുന്നത്. പുരുഷന്മാർ 'വെയിലത്ത്' കുടകൾ ഉപയോഗിക്കാൻ മടിച്ചിരുന്നു. എന്നാൽ ചുട്ടുപൊള്ളുന്ന വെയിൽ ഇന്ന് ആ മടിയൊക്കെ മാറ്റിയെടുത്തിട്ടുണ്ട്. ദുരഭിമാനത്തെക്കാൾ വലുതാണ് ജീവൻ എന്നുവന്നാൽ 'സ്ത്രീത്വം' കൽപ്പിച്ച് മാറ്റിനിർത്തിയ കുടയല്ല, അതിനപ്പുറമുള്ളതും ചൂടിപ്പോകും.
സൂര്യനിൽനിന്നുള്ള ചൂട് പ്രതിരോധിക്കാൻ ആക്സസറികൾ നിർമിക്കാനുള്ള പരിസ്ഥിതി മന്ത്രാലയത്തിന്റെ ആഹ്വാനം ഏറ്റെടുത്ത് ജപ്പാനിലെ പ്രമുഖ ആഡംബര കുട നിർമ്മാതാക്കളായ കൊമിയാമ ഷോട്ടൻ പുരുഷന്മാർക്കുൾപ്പെടെ ഉപയോഗിക്കാവുന്ന പ്രത്യേകം കുടകൾ പുറത്തിറക്കിയിട്ടുണ്ട്. ചൂടിനെ നേരിടാൻ ഇതിന്റെയൊക്കെ ആവശ്യമുണ്ടോ എന്ന് നമുക്ക് ഒരുപക്ഷേ തോന്നിയേക്കാം. അനുഭവിക്കുന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് മനസിലാകൂ.
ചൂടിനെ നേരിടാൻ പുതിയ നിരവധി ഗാഡ്ജറ്റുകൾ ഇത്തരത്തിൽ പുറത്തിറങ്ങുന്നുണ്ടെങ്കിലും അതുകൊണ്ടുമാത്രം കാലാവസ്ഥാ വ്യതിയാനം എന്ന വെല്ലുവിളിയെ നേരിടാൻ കഴിയില്ല എന്ന് നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. ആഗോളതാപനം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ എല്ലാ രാജ്യങ്ങളുടെയും ജനങ്ങളുടെയും ഭാഗത്തുനിന്ന് ഉണ്ടാകണം. അല്ലെങ്കിൽ ജപ്പാന്റെ വഴിയേ ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളും ഭാവിയിൽ ഇത്തരം പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടിവരും.


Click it and Unblock the Notifications








