ഐഫോണിൽ ഇനി 'ഇന്ത്യൻ ഊർജം'! ആപ്പിളിനായി ജാപ്പനീസ് കമ്പനി ഇന്ത്യയിൽ ബാറ്ററി സെൽ നിർമിക്കും
ഇന്ത്യയിലെ സ്മാർട്ട്ഫോൺ നിർമാണത്തിന് കരുത്തുപകരുന്ന ഒരു പുത്തൻ വാർത്തകൂടി എത്തിയിരിക്കുന്നു. ആപ്പിളിന്റെ ഐഫോണുകൾക്കായി ജാപ്പനീസ് ഇലക്ട്രോണിക് പാർട്‌സ് നിർമ്മാതാക്കളായ ടിഡികെ കോർപ്പറേഷൻ ഇന്ത്യയിൽ ലിഥിയം അയൺ (ലി-അയൺ) ബാറ്ററി സെല്ലുകൾ നിർമിക്കും. കേന്ദ്ര ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ഹരിയാനയിൽ ആയിരിക്കും ടിഡികെയുടെ ബാറ്ററി സെൽ നിർമാണ ഫാക്ടറി ആരംഭിക്കുകയെന്നും ഇത് ഏകദേശം ആയിരത്തോളം പുതിയ തൊഴിലവസരങ്ങൾ രാജ്യത്ത സൃഷ്ടിക്കുമെന്നും രാജീവ് ചന്ദ്രശേഖർ ട്വിറ്ററിലൂടെ (ഇപ്പോൾ എക്സ്) അറിയിച്ചു. ഇങ്ങനെ ഇന്ത്യയിൽ നിർമിക്കുന്ന സെല്ലുകൾ ആപ്പിളിന്റെ ലി- അയൺ ബാറ്ററി അസംബ്ലർ സൺവോഡ ഇലക്‌ട്രോണിക്‌സിന് നൽകും.

എന്നാൽ ഈ വാർത്തയെപ്പറ്റി ആപ്പിളിന്റെയോ, ടിഡികെയുടെയോ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. ഇക്കാര്യത്തിൽ റോയിട്ടേഴ്സ് പ്രതികരണം ആരാഞ്ഞെങ്കിലും ഇരു കമ്പനികളും പ്രതികരിച്ചില്ല. എന്തായാലും ഈ നീക്കം ഇന്ത്യയിലെ സ്മാർട്ട്ഫോൺ നിർമാണത്തെ കൂടുതൽ ശക്തിപ്പെടുത്തും എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഇതിനോടകം തന്നെ വിവിധ ബ്രാൻഡുകൾ ഇന്ത്യയിൽ തങ്ങളുടെ സ്മാർട്ട്ഫോണുകൾ നിർമിക്കുന്നുണ്ട്.
"മൊബൈൽ നിർമ്മാണ വ്യവസായത്തെ ഇന്ത്യയിലേക്ക് പറിച്ചുനടുന്നതിന്, പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ ആശയത്തിൽ നിന്നുണ്ടായ പിഎൽഐ പദ്ധതിയുടെ മറ്റൊരു വലിയ വിജയമാണ് ഇത്. ആപ്പിളിന്റെ സെല്ലുകളുടെ മുൻനിര വിതരണക്കാരായ TDK, #MadeInIndia ഐഫോണുകളിൽ ഉപയോഗിക്കുന്ന ബാറ്ററികൾക്കായി സെല്ലുകൾ നിർമ്മിക്കുന്നതിനായി ഹരിയാനയിലെ മനേസറിൽ 180 ഏക്കർ സൗകര്യം ഒരുക്കുന്നു''.
''ഇത് 1000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ആഭ്യന്തര മൂല്യവർദ്ധനവ് വർദ്ധിപ്പിക്കുകയും ചെയ്യും. ഇന്ത്യയിലെ ഇലക്‌ട്രോണിക്‌സ് മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റം ആഴത്തിലാക്കുക എന്ന ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ ലക്ഷ്യം പ്രാപ്‌തമാക്കിയതിന് ആപ്പിൾ, ടിഡികെ ടീമിനും ഹരിയാന സർക്കാരിനും അഭിനന്ദനങ്ങൾ," എന്ന് രാജീവ് ചന്ദ്രശേഖർ ട്വിറ്ററിൽ കുറിച്ചു.
ചൈനയിൽ നിന്ന് ഉൽപ്പാദനം പുറത്തേക്ക് മാറ്റാൻ ശ്രമിക്കുന്ന ആപ്പിൾ, അതിന്റെ അടുത്ത വലിയ വിപണിയായും വളർച്ചാ കേന്ദ്രമായും കാണുന്നത് ഇന്ത്യയെ ആണ്. 2017- മുതൽ ഇന്ത്യയിൽ ഐഫോണുകൾ അസംബിൾ ചെയ്യുന്നുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് വർഷം കൊണ്ടാണ് ഇന്ത്യയിലെ ഐഫോൺ നിർമാണത്തിൽ കാര്യമായ മാറ്റങ്ങളും പുരോഗതിയും ഉണ്ടായത്.
ആപ്പിളിന് ഇന്ത്യയിൽ 14 വിതരണക്കാരുണ്ട്. വിസ്ട്രോൺ, ഫോക്സ്കോൺ, പെഗാട്രോൺ എന്നിവർ ആപ്പിളിനായി ഇന്ത്യയിൽ ഐഫോണുകൾ നിർമിക്കുന്നു. ഇതിൽ വിസ്ട്രോൺ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച് തങ്ങളുടെ ഫാക്ടറി ഇന്ത്യൻ വ്യവസായ ഭീമനായ ടാറ്റയ്ക്ക് കൈമാറുകയാണ്. ഇതിന്റെ നടപടികൾ പൂർത്തിയായിവരുന്നു. അധികം വൈകാതെ ഇന്ത്യൻ കമ്പനി ഇന്ത്യയിൽ നിർമിച്ച ഐഫോണുകളും പുറത്തിറങ്ങി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡിന്റെ വരവോടെയാണ് ചൈനയ്ക്ക് പുറത്തും ഫാക്ടറികൾ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ആപ്പിളിന് ബോധ്യമായത്. കോവിഡ് ലോക്ക്ഡൗൺ മൂലം ചൈനയിലെ ആപ്പിൾ ഫാക്ടറികൾ പൂട്ടിയപ്പോൾ നിർമാണം മുടങ്ങിയതുമൂലം ആപ്പിൾ പ്രതിസന്ധി നേരിട്ടു. ഇത് കൂടാതെ ചൈനയും അമേരിക്കയും തമ്മിലുള്ള തർക്കങ്ങളും മോശം ബന്ധവും ചൈനയ്ക്ക് പുറത്തേക്ക് നിർമാണം മാറ്റാനുള്ള ആപ്പിൾ നീക്കത്തിന് കാരണമായി.
ഒറ്റയടിക്ക് ചൈനയിൽനിന്ന് തങ്ങളുടെ നിർമാണ യൂണിറ്റ് മുഴുവൻ പുറത്തേക്ക് മാറ്റാൻ ആപ്പിളിന് സാധിക്കില്ല. അതിനാൽ ഘട്ടം ഘട്ടമായി മറ്റ് രാജ്യങ്ങളിലേക്ക് ഐഫോൺ ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങളുടെ നിർമാണം മാറ്റാനാണ് ആപ്പിൾ ശ്രമിക്കുന്നത്. ചൈനയ്ക്ക് പകരം ആര് എന്ന ചോദ്യത്തിന് ഉത്തരമായി ആപ്പിൾ ഇന്ത്യയെയാണ് കാണുന്നത് എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ഒന്ന്- രണ്ട് വർഷത്തിനിടെ ഇന്ത്യയിലെ ഐഫോൺ നിർമാണം കാര്യമായ നിലയിൽ മുന്നേറി. സാധാരണ പഴയ മോഡലുകളാണ് ഇന്ത്യയിൽ നിർമിച്ചുവന്നിരുന്നത്. ഐഫോൺ 14 മോഡൽ ലോഞ്ചിന് പിന്നാലെ ഇന്ത്യയിൽ നിർമാണം ആരംഭിച്ചു. ഇത്തവണയാകട്ടെ ലോഞ്ചിന് മുൻപ് തന്നെ ഇന്ത്യയിൽ ഐഫോൺ 15 നിർമാണം ആരംഭിച്ചു. ഇത് വലിയ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
രണ്ടര വർഷത്തിനുള്ളിൽ ലോകമെമ്പാടുമുള്ള ആഗോള വിപണികളിലേക്ക് ഇന്ത്യ വൻ തോതിൽ ഐഫോൺ കയറ്റുമതി ചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിസ്‌ട്രോൺ പ്രവർത്തനങ്ങൾ ഏറ്റെടുത്ത ടാറ്റ ടീമിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ആഗോള ഇന്ത്യൻ ഇലക്ട്രോണിക്സ് കമ്പനികളുടെ വളർച്ചയ്ക്ക് ഇന്ത്യൻ സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും ഇന്ത്യയെ ആഗോള ഇലക്ട്രോണിക്‌സ് ശക്തിയാക്കുമെന്നും ചന്ദ്രശേഖർ പറഞ്ഞു.


Click it and Unblock the Notifications








