കള്ളക്കണക്കുമായി ആളെ പറ്റിക്കുന്നു, നിയമം ദുരുപയോഗിക്കുന്നു; മറ്റ് ടെലിക്കോം കമ്പനികൾക്കെതിരേ ജിയോ
രാജ്യത്തെ മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിയമത്തിൽ മാറ്റം വരുത്തണം എന്ന ആവശ്യവുമായി റിലയൻസ് ജിയോ രംഗത്ത്. നിരവധി ഉപയോക്താക്കൾ തങ്ങളുടെ നമ്പർ മാറാതെ തന്നെ മറ്റൊരു ടെലിക്കോം ഉപയോക്താവിന്റെ കീഴിലേക്ക് മാറാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ചില ടെലിക്കോം കമ്പനികൾ ഇതിന് അനുവദിക്കുന്നില്ല എന്നാണ് ജിയോയുടെ ആരോപണം.
രാജ്യത്തെ ഏതൊരു ടെലിക്കോം ഉപയോക്താവിനും തനിക്ക് ഇഷ്ടമുള്ള ടെലിക്കോം കമ്പനിയുടെ വരിക്കാരനായി മാറാൻ അവകാശമുണ്ട്. ടെലിക്കോം കമ്പനികൾ അതിന് തടസം നിൽക്കാൻ പാടില്ല എന്നതാണ് നിയമം. നിലവിലുള്ള മൊബൈൽ നമ്പർ മാറാതെ തന്നെ ഇഷ്ടമുള്ള ടെലിക്കോം ഓപ്പറേറ്ററുടെ വരിക്കാരനായി മാറാൻ നമ്മുടെ രാജ്യത്ത് ചില സംവിധാനങ്ങളുണ്ട്.

മൊബൈൽ നമ്പർ പോർട്ടബിലിറ്റി (MNP) എന്നാണ് നിലവിലെ സിം നമ്പർ മാറാതെ മറ്റൊരു കമ്പനിയുടെ വരിക്കാരാനാകാനുള്ള സംവിധാനത്തിന്റെ പേര്. വരിക്കാരന്റെ പോർട്ടബിലിറ്റി റിക്വസ്റ്റ് കിട്ടിയാൽ അത് അനുവദിക്കേണ്ടത് ടെലിക്കോം കമ്പനിയുടെ ഉത്തരവാദിത്തമാണ്. ഏതെങ്കിലും വിധത്തിൽ ഉപയോക്താവിനെ തടയാനും തങ്ങൾക്കൊപ്പം പിടിച്ചുനിർത്താനും ഒരു ടെലിക്കോം കമ്പനിക്കും അവകാശമില്ല.
എന്നാൽ ചില ടെലിക്കോം കമ്പനികൾ നിയമത്തെ വളച്ചൊടിച്ച് ആളുകളുടെ പോർട്ടബിലിറ്റി അഭ്യർഥനകൾ തള്ളിക്കളയുന്നു. 2023 ഓഗസ്റ്റ് 31 വരെ ഇന്ത്യയിൽ ആകെ 840.12 ദശലക്ഷം വയർലെസ് ബ്രോഡ്‌ബാൻഡ് സേവന ഉപയോക്താക്കളാണ് ഉള്ളത്. നിലവിലെ ടെലിക്കോം ഓപ്പറേറ്ററെ മാറ്റാൻ ആഗ്രഹിക്കുകയും എന്നാൽ അതേ നമ്പർ നിലനിർത്താൻ ആഗ്രഹിക്കുകയും ചെയ്യുമ്പോൾ ആളുകൾ പോർട്ടബിലിറ്റിക്ക് റിക്വസ്റ്റ് അയയ്ക്കുന്നു.

ഹിന്ദുബിസിനസ്ലൈനിൽ നിന്നുള്ള ഒരു റിപ്പോർട്ട് പറയുന്നത്, ഇന്ത്യയിൽ ഓരോ മാസവും 2 ദശലക്ഷത്തിലധികം എംഎൻപി അഭ്യർത്ഥനകൾ നിരസിക്കപ്പെടുന്നു എന്നാണ്. അതായത് മറ്റാരു മെച്ചപ്പെട്ട സേവന സംവിധാനത്തിലേക്ക് മാറാനുള്ള ടെലിക്കോം ഉപയോക്താവിന്റെ അവകാശം ഇവിടെ നിഷേധിക്കപ്പെടുന്നു. എന്തുകൊണ്ടാണ് ഈ എംഎൻപി റിക്വസ്റ്റുകൾ തള്ളിപ്പോകുന്നത് എന്ന ചോദ്യങ്ങൾ ഉയരുന്നു.
ആളുകളുടെ എംഎൻപി റിക്വസ്റ്റുകൾ ചില ടെലിക്കോം കമ്പനികൾ മനപ്പൂർപ്പം തള്ളിക്കളയുകയാണ് എന്നും ചില നിയമങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ടാണ് ഇത്തരത്തിൽ ആളുകളുടെ അവകാശം ഇല്ലാതാക്കുന്നത് എന്നും ജിയോ ചൂണ്ടിക്കാട്ടുന്നു. ഉപഭോക്താക്കളെ ഒരു ഓപ്പറേറ്ററിൽ നിന്ന് മറ്റൊന്നിലേക്ക് പോർട്ട് ചെയ്യാൻ സഹായിക്കുന്ന ചില നടപടികളുണ്ട്. എന്നാൽ ചിലരിത് പോർട്ടിങ് തടയാനായി ദുരുപയോഗം ചെയ്യുന്നു എന്നാണ് ജിയോ പറയുന്നത്.
നിലവിലെ നിയമപ്രകാരം, മറ്റൊരു ടെലിക്കോം കമ്പനിയിലേക്ക് പോർട്ട് ചെയ്ത് പോകും മുമ്പ് നിലവിലെ ഓപ്പറേറ്റർക്ക് എന്തെങ്കിലും കുടിശിക അടയ്ക്കാനുണ്ടെങ്കിൽ അത് തീർക്കേണ്ടതുണ്ട്. ചില ടെലിക്കോം കമ്പനികൾ ഉപഭോക്താക്കളിൽ നിന്ന് തീർപ്പാക്കാത്ത കുടിശ്ശിക വിവരങ്ങൾ മറച്ചുവയ്ക്കുകയും അവരുടെ എംഎൻപി അഭ്യർത്ഥനകൾ വൈകിപ്പിക്കുകയോ നിരസിക്കുകയോ ചെയ്യുകയും ചെയ്യുന്നു എന്നാണ് ജിയോ പറയുന്നത്.

എംഎൻപി റിക്വസ്റ്റ് നിരസിക്കപ്പെടുന്നതിനാൽ നിരവധി പേർക്ക് മറ്റൊരു ടെലിക്കോം കമ്പനിയിലേക്ക് മാറാൻ സാധിക്കാതെ പോകുന്നു. അതിനാൽ കുടിശിക അടച്ചാലേ എംഎൻപി സാധ്യമാകൂ എന്ന നിയമം നിർത്തലാക്കണമെന്ന് ജിയോ ആവശ്യപ്പെടുന്നു. ചില ടെലിക്കോം കമ്പനികൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയും എസ്എംഎസ് അധിഷ്‌ഠിത പോർട്ടിംഗിനെക്കുറിച്ചുള്ള നിയമങ്ങൾ പ്രയോജനപ്പെടുത്തി അവരുടെ പോർട്ടിംഗ് അഭ്യർത്ഥനകൾ റദ്ദാക്കുകയും ചെയ്യുന്നെന്നും ജിയോ പറഞ്ഞു.
ഇത്തരത്തിൽ ടെലിക്കോം കമ്പനികൾ പോർട്ടിങ് തടയുന്നത് ശരിയല്ലെന്ന് ജിയോ പറയുന്നു. അതിനാൽ എസ്എംഎസ് അയച്ചുകൊണ്ടുള്ള പോർട്ടിങ് നടപടികൾ നിർത്തലാക്കണമെന്നും ജിയോ ആവശ്യപ്പെടുന്നു. എംഎൻപികൾ നിരസിക്കുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കാൻ ചില ടെലിക്കോം കമ്പനികൾ ഉപയോഗിക്കുന്ന അന്യായമായ മാർഗങ്ങളെക്കുറിച്ച് എംഎൻപി ഇന്റർകണക്ഷൻ ടെലിക്കോം സൊല്യൂഷൻസ് ഇന്ത്യ (എംഐടിഎസ്)യ്‌ക്കൊപ്പം ജിയോയും ട്രായിക്ക് കത്തെഴുതിയിട്ടുണ്ട്.
നിലവിൽ മറ്റ് ടെലിക്കോം കമ്പനികളുടെ ഭാഗമായിരിക്കുന്ന ഒരുപാട് വരിക്കാർ ജിയോയിലേക്ക് തങ്ങളുടെ നമ്പർ പോർട്ട് ചെയ്യണമെന്നും ജിയോ വരിക്കാരനായി മാറണമെന്നും ആഗ്രഹിക്കുന്നു. എന്നാൽ അവരുടെ എംഎൻപി റിക്വസ്റ്റുകൾ ഇത്തരത്തിൽ പലപ്പോഴും നിരാകരിക്കപ്പെടുന്നു. ഇതാണ് മറ്റ് ടെലിക്കോം കമ്പനികൾക്കെതിരേ രംഗത്ത് എത്താൻ ജിയോയെ നിർബന്ധിതമാക്കിയിരിക്കുന്നത്.


Click it and Unblock the Notifications








